യാംബു: സൗദിയുടെ വിവിധ പ്രദേശങ്ങളിൽ മഴയും മഞ്ഞുവീഴ്ചയും ഈയാഴ്ചയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തബൂക്ക്, അൽജൗഫ്, വടക്കൻ അതിർത്തി മേഖല, ഹാഇൽ എന്നിവയുൾപ്പെടെ രാജ്യത്തെ 10 പ്രദേശങ്ങളിൽ ഈയാഴ്ച പ്രകടമാകുന്ന കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് കേന്ദ്രം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞയാഴ്ച ശക്തമായ മഴയും മഞ്ഞുവീഴ്ചയും ആലിപ്പഴ വർഷവും ഇടിമിന്നലും കാറ്റുമുണ്ടായിരുന്നു. അതേ കാലാവസ്ഥ ഈയാഴ്ചയും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രം പ്രവചിച്ചു. മക്ക, മദീന, അൽബഹ, അൽഖസീം, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവയുൾപ്പടെയുള്ള പ്രദേശങ്ങളിലും മറ്റു ചിലയിടങ്ങളിലും ആണ് കാലാവസ്ഥാ മാറ്റം കൂടുതൽ അനുഭവപ്പെടുകയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.
ഇടിമിന്നൽ, മഞ്ഞുവീഴ്ച, താഴ്ന്ന താപനില, കാറ്റ് എന്നിവ അനുഭവപ്പെടാനിടയുണ്ട്. ജിദ്ദയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴ ഈയാഴ്ച്ചയിലെ വ്യാഴം, വെള്ളി ദിവസങ്ങളിൽ ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതായും കാലാവസ്ഥ കേന്ദ്രം വക്താവ് അറിയിച്ചു. നവംബർ 24-ന് ജിദ്ദയിൽ ശക്തമായ മഴയുണ്ടായിരുന്നു. തുടർന്ന് വെളളപ്പൊക്കവും വെള്ളപ്പാച്ചിലുമുണ്ടായി.
എന്നാൽ ഈയാഴ്ച മഴ അത്രത്തോളം ശക്തിപ്രാപിക്കാനിടയില്ലെന്നും വക്താവ് ചൂണ്ടിക്കാട്ടി. മഴയോടനുബന്ധിച്ചുണ്ടാകുന്ന കാറ്റും ചെങ്കടലിലെ ശക്തമായ തിരമാലകളും ജാഗ്രതയോടെ കാണണമെന്നും മഴയുണ്ടാകുമ്പോൾ താഴ്ന്ന പ്രദേശങ്ങളിലും തോടുകൾക്കരികിലും താഴ്വാരങ്ങൾക്ക് താഴെയും താമസിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.