യാംബു: സൗദിയുടെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം കനത്ത മഴയും കാറ്റും മിന്നലും പ്രകടമായതായി വിവിധ പ്രദേശങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ. ത്വാഇഫ് നഗരത്തിലെ മരുഭൂമിയിൽ ശക്തമായ ചുഴലിക്കാറ്റിൽ അപൂർവ പ്രതിഭാസത്തിനാണ് സാക്ഷ്യം വഹിച്ചത്. നഗരത്തിന്‍റെ വടക്കുള്ള ഹിജ്ൻ പാലത്തിന് കിഴക്ക് അൽ അസ്ബ് എന്നറിയപ്പെടുന്ന പ്രദേശത്തെ മരുഭൂമിയിലാണ് പ്രദേശവാസികളെ ഭീതിയിൽ അകപ്പെടുത്തിയ ചുഴലിക്കാറ്റ് രൂപപ്പെട്ടത്.
ചുഴലിക്കാറ്റ് വരുത്തിയ പ്രകൃതി ദൃശ്യങ്ങളുടെ വിഡിയോകൾ ട്വിറ്റർ വഴിയും മറ്റു സമൂഹമാധ്യമങ്ങൾ വഴിയും പ്രദേശവാസികൾ പങ്കിടുകയുണ്ടായി. റിയാദ് മേഖലയിലെ അഫ് ലാജിൽ തിങ്കാളാഴ്ച പകൽ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. പ്രദേശങ്ങളിലെ താഴ്വാരങ്ങളിൽ നല്ല വെള്ളമൊഴുക്ക് രൂപ്പെട്ടതായി റിപ്പോർട്ടുണ്ട്. വ്യാഴാഴ്ച വരെ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായേക്കാവുന്ന കാലാവസ്ഥാ മാറ്റങ്ങൾ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. അതിനെ പൂർണമായും ശരിപ്പെടുത്തുന്ന വിധത്തിലായിരുന്നു രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ മഴയും കാറ്റും ഇടിമിന്നലും അനുഭവപ്പെട്ടത്. ചില ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും ചിലയിടങ്ങളിൽ ദൂരക്കാഴ്ചയെ മൂടുന്ന വിധത്തിലുള്ള ശക്തമായ പൊടിക്കാറ്റും അനുഭവപ്പെട്ടു.
വ്യാഴാഴ്‌ച വരെ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ കാലാവസ്ഥാ മാറ്റം പ്രകടമാകുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. മക്ക, റിയാദ്, അൽ ജൗഫ്, വടക്കൻ അതിർത്തികൾ, മദീനയിലെ കിഴക്കൻ മേഖലകൾ എന്നീ പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിൽ മണൽക്കാറ്റ് ഉണ്ടാകുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. കാലാവസ്ഥാമാറ്റത്തെ കുറിച്ചുള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങൾ വഴി ഔദ്യോഗികമായ കേന്ദ്രങ്ങളിൽ നിന്ന് അറിയിപ്പ് ലഭിച്ചാൽ അത് പൂർണമായും പാലിക്കണമെന്നും സുരക്ഷാ മുന്നൊരുക്കങ്ങളിൽ ഏറെ ജാഗ്രത കാണിക്കണെമന്നും ദേശീയ കാലാവസ്ഥാ കേന്ദ്ര വക്താക്കളും സിവിൽ ഡിഫെൻസ് അതോറിറ്റിയും പ്രദേശവാസികളോട് ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.