മക്ക ഹറമിൽ ഒരുക്കിയ ലഗേജ് സൂക്ഷിപ്പുകേന്ദ്രം
മക്ക: മസ്ജിദുൽ ഹറമിൽ ലഗേജ് സൂക്ഷിക്കുന്നതിനുള്ള പുതിയ സേവനം ആരംഭിച്ചു. ഇരുഹറം പരിപാലനത്തിനുള്ള ജനറൽ അതോറിറ്റിയാണ് റമദാനിൽ ഹറമിലെത്തുന്നവരുടെ സൗകര്യാർഥം അവരുടെ വ്യക്തിഗത വസ്തുക്കൾ സൂക്ഷിക്കുന്നതിന് സുരക്ഷിത സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഹറമിനുള്ളിലേക്ക് കൊണ്ടുപോകാതെ തന്നെ കവാടത്തിന് സമീപംവെച്ച് അവരുടെ ലഗേജുകൾ സുരക്ഷിതമായി ഏൽപ്പിക്കാനാകും.
സൗകര്യപ്രദമായ രീതിയിൽ അവിടെ ഏൽപിക്കാനും തിരിച്ചെടുക്കാനും കഴിയും. ലഗേജ് സൂക്ഷിക്കുന്ന കേന്ദ്രങ്ങളിൽനിന്നും ഹറമിലെ പ്രധാന കവാടങ്ങളിലെ പോയന്റുകളിൽനിന്നും ലഗേജ് തിരികെ സ്വീകരിക്കാൻ കഴിയുന്ന വിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇലക്ട്രോണിക് ട്രാക്കിങ് സിസ്റ്റത്തിലൂടെയാണ് ലഗേജ് സ്വീകരിക്കലും തിരിച്ചുകൊടുക്കലും പ്രവർത്തനങ്ങൾ നടക്കുന്നത്.
ഏൽപിക്കപ്പെട്ട ലഗേജുകൾ തുടർച്ചയായി നിരീക്ഷിക്കാനാവും. ഉയർന്ന തലത്തിലുള്ള സംരക്ഷണം ഉറപ്പാക്കാൻ തുടർച്ചയായ നിരീക്ഷണ സംവിധാനങ്ങളുള്ള ഷെൽഫുകളിലാണ് സൂക്ഷിക്കുന്നത്. ലഗേജ് സംബന്ധമായ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തപ്പെടും.
ഇത് സേവന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഗുണഭോക്താക്കൾക്ക് സുഗമമായ അനുഭവം നൽകുന്നതിനും സഹായിക്കുന്നു.
ലഗേജ് രജിസ്റ്റർ ചെയ്ത് ഇലക്ട്രോണിക് രീതിയിൽ ലഗേജ് ട്രാക്ക് ചെയ്യുന്നതിനുള്ള പ്രത്യേക കോഡ് അടങ്ങുന്ന സ്മാർട്ട് റിങ് ഇഷ്യൂ ചെയ്തു ഈ സേവനം ഉപയോഗിക്കാമെന്ന് അതോറിറ്റി വ്യക്തമാക്കി. ലഗേജുകൾ നിയുക്ത സൂക്ഷിപ്പു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും.
ഓരോ നാല് മണിക്കൂറിലും തുടർച്ചയായ നിരീക്ഷണത്തിന് വിധേയമാകും. റമദാൻ മാസത്തിൽ 24 മണിക്കൂറും ഈ സേവനം ലഭ്യമാണെന്നും അതോറിറ്റി പറഞ്ഞു.
ഹറമിനുള്ളിലെ ലഗേജ് സൂക്ഷിപ്പ് കേന്ദ്രങ്ങൾ, കിഴക്കേമുറ്റത്തെ മക്ക അൽമുകർമ ലൈബ്രറിക്ക് സമീപം, ഗേറ്റ് നമ്പർ 64-ന് എതിർവശം, പടിഞ്ഞാറൻ മുറ്റത്തേക്കുള്ള പ്രവേശന കവാടം (അൽശുബൈയ്ക) എന്നിവിടങ്ങളിൽ ഈ സേവനം ലഭിക്കും. കൂടാതെ ഹറമിലെ പ്രധാന കവാടങ്ങളിൽ ആറ് ലഗേജ് കലക്ഷൻ പോയന്റുകളുമുണ്ടെന്നും അതോറിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.