ഹജ്ജ് തീർഥാടനം; ചട്ടങ്ങൾ പാലിക്കാത്ത ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾക്ക് എതിരെ നടപടിയുമായി ടൂറിസം മന്ത്രാലയം

മക്ക: ഹജ്ജ് സീസണിൽ മക്കയിലെയും മദീനയിലെയും ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ നിയമലംഘനം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം മുന്നറിയിപ്പ് നൽകി. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും മന്ത്രാലയത്തിെൻറ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കം. ഹിജ്‌റ വർഷം ദുൽ ഖഅദ് ഒന്ന് മുതൽ മുഹറം മധ്യം വരെയാണ് ഔദ്യോഗിക ഹജ്ജ് സീസണായി കണക്കാക്കുന്നത്. ഈ കാലയളവിൽ ഇരു നഗരങ്ങളിലുമുള്ള ഹോട്ടലുകൾ ഉൾപ്പെടെയുള്ള താമസ സൗകര്യങ്ങൾ മന്ത്രാലയത്തിെൻറ ചട്ടങ്ങൾ പൂർണ്ണമായും പാലിക്കുന്നുണ്ടോ എന്ന് പ്രത്യേക സംഘം നിരീക്ഷിക്കും.

നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത സാമ്പത്തിക പിഴയും നിയമനടപടികളുമാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ചട്ടങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 1,000 റിയാൽ മുതൽ 50,000 റിയാൽ വരെ പിഴ ഈടാക്കും. നിയമലംഘനം പരിഹരിക്കുന്നത് വരെ സ്ഥാപനം അടച്ചുപൂട്ടാനും മന്ത്രാലയത്തിന് അധികാരമുണ്ടാകും. ഹജ്ജ് സീസണിന് മുമ്പ് നടത്തിയ നിയമലംഘനം വീണ്ടും ആവർത്തിച്ചാൽ ശിക്ഷാ നടപടികൾ കടുപ്പിക്കും.

 

നിയമലംഘനം ആവർത്തിക്കുന്ന മുറയ്ക്ക് പിഴ തുകയും ഇരട്ടിയാക്കും. ഒരേ നിയമലംഘനം രണ്ടുതവണ ആവർത്തിച്ചാൽ സ്ഥാപനം സ്ഥിരമായി അടച്ചുപൂട്ടുകയോ അല്ലെങ്കിൽ ലൈസൻസ് റദ്ദാക്കുകയോ ചെയ്യും. സ്ഥാപനത്തിെൻറ വലുപ്പവും സൗകര്യങ്ങളും പരിഗണിച്ചായിരിക്കും പിഴയുടെ തോത് നിശ്ചയിക്കുക. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിക്കുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും.

ഇത്തരം സ്ഥാപനങ്ങൾക്ക് 10 ലക്ഷം റിയാൽ വരെ പിഴ ചുമത്തുകയോ അല്ലെങ്കിൽ പൂർണമായി അടച്ചുപൂട്ടുകയോ ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും മന്ത്രാലയത്തിെൻറ നിയമങ്ങൾ പൂർണമായും പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നത്തെുന്ന തീർഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കുക എന്നതാണ് ഇത്തരം കർശന നടപടികളിലൂടെ ലക്ഷ്യമിടുന്നത്.

Tags:    
News Summary - Hajj Pilgrimage; Ministry of Tourism has taken action against hospitality establishments that do not follow the rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.