ബുറൈദ: ജൂൺ 20ന് ബുറൈദയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് നാട്ടിലെത്തിച്ച് ഖബറടക്കി. കിളിമാനൂർ പോങ്ങനാട് താഹിർ മൻസിലിൽ ഇബ്രാഹിംകുട്ടി–ഷരീഫ ദമ്പതികളുടെ മകനായ താഹിറുദ്ദീെൻറ (60) മൃതദേഹമാണ് ബുറൈദയിലെ ‘കനിവ്’ ജീവകാരുണ്യ കൂട്ടായ്മയുടെ ശ്രമഫലമായി നാട്ടിലെത്തിച്ചത്.
16 വർഷമായി ബുറൈദയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ താഹിറുദ്ദീെൻറ മരണം ആത്മഹത്യയാണെന്നാണ് ഫോറൻസിക് പരിശോധനാ ഫലം. റിയാദിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിച്ച മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങി.
തുടർന്ന് നോർക്കയുടെ ആംബുലൻസിൽ സ്വന്തം നാടായ പോങ്ങനാട്ടെ വീട്ടിലെത്തിക്കുകയും, ബന്ധുക്കളും നാട്ടുകാരും പങ്കെടുത്ത മയ്യിത്ത് നമസ്കാരത്തിന് ശേഷം ഖബറടക്കം നടത്തുകയും ചെയ്തു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് ഇന്ത്യൻ എംബസിയാണ് വഹിച്ചത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ കനിവ് ജീവകാരുണ്യ വിഭാഗം പ്രവർത്തകരായ നൈസാം തൂലിക, അബ്ദുൽ റഷീദ് കായംകുളം (ഐ.സി.എഫ്) എന്നിവരാണ് മുൻകൈയെടുത്തത്. ഏഴ് വർഷം മുമ്പാണ് താഹിറുദ്ദീൻ അവസാനമായി അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങിയെത്തിയത്. ഭാര്യ: സെലീന, മക്കൾ: സഫ്ന, സഫ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.