മക്ക ഡെപ്യൂട്ടി ഗവർണർ സുഊദ് ബിൻ മിശ്അലിന്റെ അധ്യക്ഷതയിൽ മക്കയിൽ ചേർന്ന
ഹജ്ജ്, ഉംറ സ്ഥിരം സമിതി യോഗം
മക്ക: അടുത്ത വർഷത്തെ ഹജ്ജ് സീസണിനായുള്ള ഒരുക്കം ചർച്ച ചെയ്യാൻ മക്ക ഡെപ്യൂട്ടി അമീറും ഹജ്ജ്, ഉംറ സ്ഥിരം സമിതി വൈസ് ചെയർമാനുമായ ഗവർണർ സുഊദ് ബിൻ മിശ്അലിന്റെ അധ്യക്ഷതയിൽ മക്കയിൽ യോഗം ചേർന്നു. സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഹജ്ജ്, ഉംറ സ്ഥിരം സമിതി ചെയർമാൻ അമീർ ഖാലിദ് അൽ ഫൈസലിന്റെ നിർദേശാനുസരണമാണിത്.
ഈ വർഷത്തെ ഹജ്ജ് വിജയിപ്പിക്കാൻ കർമ രംഗത്തിറങ്ങിയ സമിതി അംഗങ്ങൾക്കുള്ള അമീർ ഖാലിദ് അൽ ഫൈസലിന്റെ കൃതജ്ഞത അധ്യക്ഷൻ യോഗത്തെ അറിയിച്ചു.
തീർഥാടന അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിലൂടെ ഭരണകൂടത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി എല്ലാവരും അവരുടെ ശ്രമങ്ങൾ ശക്തമാക്കാനും സഹകരണം വർധിപ്പിക്കാനും നേരത്തേയുള്ള ആസൂത്രണത്തിന് തുടക്കം കുറിക്കാനും അദ്ദേഹം അഭ്യർഥിച്ചു.വിവിധ സർക്കാർ വകുപ്പുകളുടെ മേധാവികളും ഹജ്ജ്, ഉംറ സ്ഥിരം സമിതി അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു.
ഹജ്ജ് സംവിധാനം കൂടുതൽ വികസിപ്പിക്കുന്നതിനും വരാനിരിക്കുന്ന സീസണിൽ തീർഥാടകർക്ക് മികവുറ്റ സേവനങ്ങൾ നൽകുന്നതിനുമുള്ള പ്രധാന നടപടികൾ കമ്മിറ്റി അവലോകനം ചെയ്തു. വിവിധ എൻട്രി, എക്സിറ്റ് പോയിൻറുകളിലൂടെ തീർഥാടകരുടെ യാത്രാസമയത്തെ പ്രവർത്തനങ്ങളും അജണ്ടയിലെ മറ്റ് ഇനങ്ങളും യോഗത്തിൽ ചർച്ചയായി.
അടുത്ത സീസണിനായുള്ള നിരവധി നിർദേശങ്ങൾ വിവിധ മേഖലകളിൽനിന്നുള്ള അംഗങ്ങൾ സമർപ്പിച്ചു. സുരക്ഷ, ആരോഗ്യം തുടങ്ങിയ മേഖലകളിൽ യാതൊരു അനിഷ്ട സംഭവങ്ങളും ഈ വർഷം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും യോഗം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.