കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം സെക്രട്ടറി ഡോ. ചന്ദ്രശേഖർ കുമാറും മറ്റു ഇന്ത്യൻ ഉദ്യോഗസ്ഥരും സൗദി ഹജ്ജ്, ഉംറ സഹമന്ത്രി ഡോ. അബ്ദുൽ ഫത്താഹ് ബിൻ സുലൈമാൻ മഷാത്തുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
ജിദ്ദ: 2026ലെ ഹജ്ജ് തീർഥാടനത്തിനായുള്ള ഒരുക്കം വിലയിരുത്തുന്നതിനായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയവും സൗദി ഹജ്ജ്, ഉംറ മന്ത്രാലയവും തമ്മിൽ നിർണായക ചർച്ച നടത്തി. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം സെക്രട്ടറി ഡോ. ചന്ദ്രശേഖർ കുമാർ, സൗദി ഹജ്ജ്, ഉംറ സഹമന്ത്രി ഡോ. അബ്ദുൽ ഫത്താഹ് ബിൻ സുലൈമാൻ മഷാത്തുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യൻ തീർഥാടകർക്ക് നൽകുന്ന മികച്ച പിന്തുണക്ക് സൗദി ഭരണകൂടത്തിന് നന്ദി അറിയിച്ചു.
മക്കയിലെ താമസസൗകര്യങ്ങൾ ഫെബ്രുവരി ഒന്നോടെ പൂർത്തിയാക്കുന്നതിനെക്കുറിച്ചും ഇന്ത്യൻ സംഘം കണ്ടെത്തിയ കെട്ടിടങ്ങൾക്ക് വേഗത്തിൽ ലൈസൻസ് നൽകുന്നതിനെക്കുറിച്ചും യോഗത്തിൽ ധാരണയായി. ആവശ്യമായ കെട്ടിടങ്ങൾ സമയബന്ധിതമായി ലഭ്യമായില്ലെങ്കിൽ, തീർഥാടകർക്ക് പ്രയാസമില്ലാത്ത രീതിയിൽ ഹോട്ടൽ ബുക്കിങ്ങുകൾ നടത്താനും നിർദേശമുണ്ട്. മദീനയിലെയും മിനായിലെയും താമസസൗകര്യങ്ങൾ സംബന്ധിച്ച ക്രമീകരണങ്ങൾ ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്.
വിമാന സർവിസുകളുടെ സമയക്രമം (സ്ലോട്ടുകൾ) നേരത്തെ തന്നെ നിശ്ചയിക്കുന്ന കാര്യത്തിലും സൗദി മന്ത്രാലയം പൂർണ സഹകരണം ഉറപ്പുനൽകി. ഹജ്ജ് കരാറിലെ മാർഗനിർദേശങ്ങൾ പാലിച്ച് ഏറ്റവും മികച്ച സൗകര്യങ്ങൾ ഉറപ്പാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, ജിദ്ദ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, ജോയിൻറ് സെക്രട്ടറി രാം സിങ്, ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ സി.ഇ.ഒ സി. ഷാനവാസ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.