ഹദീഖതുല്‍ ബൈഅ’ എന്ന മദീനയിലെ ചരിത്ര ഉദ്യാനം

മദീനയിലെ 'ഹദീഖതുല്‍ ബൈഅ'

യാംബു: മദീനയിൽ 'മസ്ജിദുന്നബവി'യുടെ പടിഞ്ഞാറുഭാഗത്ത് ഇടതൂർന്നുനിൽക്കുന്ന മരങ്ങളും പൂക്കളും നിറഞ്ഞ ഒരു തോട്ടമുണ്ട്. ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള ഈ ഉദ്യാനം 'ഹദീഖതുല്‍ ബൈഅ' എന്നാണ് അറിയപ്പെടുന്നത്. സത്യപ്രതിജ്ഞ നടന്ന സസ്യോദ്യാനം എന്ന അർഥമാണ് പേരിനുള്ളത്. 'ഹദീഖതു സഖീഫതു ബനീ സാഇദ' എന്ന പേരിലും ചരിത്രത്തിൽ ഇടംനേടിയിട്ടുണ്ട്. മസ്ജിദു നബവിയുടെ മുറ്റം കഴിഞ്ഞ് പടിഞ്ഞാറ് വശത്തേക്ക് അൽപം നടന്നാൽ കാണാനാകുന്ന ഈ ചരിത്ര ഉദ്യാനം കാണാൻ ധാരാളം പേർ എത്താറുണ്ട്. പ്രവാചകൻ മരിച്ചപ്പോൾ അബൂബക്കർ സിദ്ദീഖിനെ ഖലീഫയായി തിരഞ്ഞെടുക്കാൻ മദീനയിലെ വിശ്വാസികൾ ഒത്തുകൂടിയ തോട്ടമാണിത്. പ്രവാചകന്റെ വിയോഗവാർത്തക്കു പിന്നാലെ വിശ്വാസികൾ ഏകകണ്ഠമായി ഒന്നാം ഖലീഫയായി അബൂബക്കറിനെ തിരഞ്ഞെടുത്ത് അനുസരണ പ്രതിജ്ഞ (ബൈഅത്ത്) ചെയ്ത ഇടമാണിത്. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഖലീഫയെ തിരഞ്ഞെടുത്ത് രണ്ടു ദിവസത്തിനുശേഷമാണ് മുഹമ്മദ് നബിയുടെ മയ്യിത്ത് ഖബറടക്കിയത്.

ഇസ്‌ലാമിന് ഏകനേതൃത്വം ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം സന്ദർശകർക്ക് പകർന്നുനൽകുന്നതിനും ഇസ്‌ലാമികരാഷ്ട്രത്തിന്റെ വ്യവസ്ഥകളെക്കുറിച്ചുള്ള അവബോധം നൽകുന്നതിനും ഈ സ്ഥലം ഇപ്പോഴും സൗദി ഭരണകൂടം സംരക്ഷിച്ചുവരുകയാണ്.

പഴമയുടെ പെരുമ നിലനിർത്തി ഇന്നും പ്രദേശം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാതെ ചരിത്രശേഷിപ്പായി നിലനിർത്തിയിരിക്കുകയാണ്. മദീനയിലെ പ്രമുഖ ഗ്രന്ഥാലയമായ മലിക് അബ്ദുൽ അസീസ് ലൈബ്രറിക്ക് സമീപമാണ് ഈ ചരിത്രത്തോട്ടം. ഇതിന്റെ ചുറ്റുമതിലിൽ 'സൂഖു മദീനത്തുൽ ഖദീം' എന്ന് രേഖപ്പെടുത്തിയത് ഇപ്പോഴും കാണാം. പ്രവാചകന്റെ കാലത്ത് പ്രധാന കച്ചവടകേന്ദ്രമായിരുന്നു ഇവിടം. ചതിയും വഞ്ചനയുമില്ലാതെ സാഹോദര്യത്തിന്റെ പ്രതീകമായ ഇസ്‌ലാമിക കമ്പോള സംസ്‌കാരം പതിറ്റാണ്ടുകൾ ഇവിടെ നിലനിന്നിരുന്നു.

നേരത്തേ ഈ പ്രദേശം ജൂത കച്ചവടകേന്ദ്രമായിരുന്നതായും ചരിത്രരേഖകളിൽ കാണാം. മുഹമ്മദ് നബി മദീനയിൽ എത്തുന്ന കാലത്ത് അവിടത്തെ രണ്ടു പ്രധാന ഗോത്രങ്ങളായിരുന്നു ഔസും ഖസ്റജും. പ്രവാചകന്റെ വരവോടെ രണ്ടു ഗോത്രങ്ങളും ശത്രുത വെടിയുകയും പ്രവാചകന്റെ അനുയായികളായി മാറുകയും ചെയ്തു. ഖസ്‌റജ് ഗോത്രത്തിലെ പ്രമുഖനായ സഅദ് ബിൻ ഉബാദയുടെ വീട് നിന്നിരുന്നതും ഈ തോട്ടത്തിന്റെ ഭാഗത്തായിരുന്നത്രെ.   

Tags:    
News Summary - 'Hadiqatul Baya' in Madinah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.