ഗൾഫ്-യൂറോപ്പ് റെയിൽവേ പദ്ധതി: സൗദിയും തുർക്കിയും ചരിത്ര കരാറിൽ ഒപ്പുവെച്ചു

റിയാദ്: ഗൾഫ് രാജ്യങ്ങളെയും യൂറോപ്പിനെയും ട്രെയിൻ മാർഗം ബന്ധിപ്പിക്കുന്ന വൻകിട റെയിൽവേ പദ്ധതിക്ക് വഴിയൊരുക്കി സൗദി അറേബ്യയും തുർക്കിയും കൈകോർക്കുന്നു. മേഖലയിലെ പ്രാദേശിക കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും ഗൾഫിൽ നിന്ന് യൂറോപ്പിലേക്കുള്ള ചരക്കുനീക്ക പാതകൾ വികസിപ്പിക്കുന്നതിനുമായി ഇരു രാജ്യങ്ങളും തമ്മിൽ രണ്ട് സുപ്രധാന ധാരണാപത്രങ്ങളിൽ (MoU) ഒപ്പുവെച്ചു. ചരക്കുനീക്കത്തിനും ഒപ്പം യാത്രക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് ഈ ബൃഹദ് പദ്ധതി.

സൗദി ഗതാഗത-ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് അൽ ജാസറും തുർക്കി ഗതാഗത-അടിസ്ഥാന സൗകര്യ വികസന മന്ത്രി അബ്ദുൽ ഖാദിർ ഉറാലോഗ്ലുവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ചരിത്ര കരാറുകൾ ഒപ്പിട്ടത്. റെയിൽവേ, ലോജിസ്റ്റിക്സ് മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക വ്യതിയാനങ്ങൾക്ക് അനുസൃതമായി, മേഖലയിലെ രാജ്യങ്ങൾക്കിടയിലുള്ള വ്യാപാരവും ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചറും മെച്ചപ്പെടുത്താൻ ഈ നീക്കം അത്യന്താപേക്ഷിതമാണെന്ന് തുർക്കി ഗതാഗത മന്ത്രി അബ്ദുൽ ഖാദിർ ഉറാലോഗ്ലു വ്യക്തമാക്കി. അതിർത്തികൾ കടന്നുള്ള ശക്തമായ ഒരു കരഗതാഗത ശൃംഖല കെട്ടിപ്പടുക്കുന്നതിനുള്ള നിർണായകമായ തുടക്കമാണ് ഈ കരാറുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മിഡിൽ ഈസ്​റ്റ്​ റെയിൽവേ ശൃംഖല: തുർക്കി-സിറിയ-ജോർഡാൻ സംയുക്ത പദ്ധതി

അങ്കാറ​: മിഡിൽ ഈസ്​റ്റ്​ മേഖലയിലെ ഗതാഗത-വാണിജ്യ രംഗങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ബൃഹത്തായ സംയുക്ത റെയിൽവേ പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നേരത്തെ തുർക്കി, സിറിയ, ജോർഡാൻ എന്നീ രാജ്യങ്ങളിലെ ഗതാഗത മന്ത്രാലയങ്ങൾ ഒപ്പുവെച്ച ചരിത്രപരമായ ത്രികക്ഷി കരാറി​െൻറ തുടർച്ചയായാണ് പുതിയ സംഭവവികാസങ്ങൾ.

മേഖലയിലെ റെയിൽവേ ഇൻഫ്രാസ്ട്രക്ചർ പുനരുദ്ധരിക്കുന്നതിനും പ്രാദേശിക കണക്റ്റിവിറ്റി ശൃംഖലകൾ ശക്തമാക്കുന്നതിനുമായി നാല് മുതൽ അഞ്ച് വർഷം വരെയുള്ള ഒരു സമഗ്ര പ്രവർത്തന പദ്ധതിക്ക് ഈ സഖ്യം രൂപം നൽകിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി, കഴിഞ്ഞ 15 വർഷമായി പൂർണമായും നിർത്തിവെച്ചിരുന്ന സിറിയൻ അതിർത്തിയോട് ചേർന്നുള്ള റെയിൽവേ ലൈനുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുർക്കി ഇതിനകം തന്നെ തുടക്കം കുറിച്ചുകഴിഞ്ഞു.

അതിർത്തി മേഖലകളിലെ വിപുലമായ ഈ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായി ഏകദേശം 5,50 കോടി ഡോളറി​െൻറ നിക്ഷേപം ആവശ്യമായി വരുമെന്നാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്.

ആദ്യഘട്ട രൂപരേഖ അനുസരിച്ച്, തുർക്കിയുടെ യൂറോപ്യൻ റെയിൽ ശൃംഖലയെ സിറിയൻ ഭൂപ്രദേശങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടായിരിക്കും പുതിയ പാത നിർമിക്കുക. ഈ റെയിൽ റൂട്ട് സിറിയയിലെ പ്രമുഖ നഗരങ്ങളായ അലപ്പോ, ഡമാസ്കസ് എന്നിവ കടന്ന്, ജോർഡാൻ തലസ്ഥാനമായ അമ്മാൻ വഴി ചെങ്കടൽ തീരത്തെ തന്ത്രപ്രധാനമായ അഖബ തുറമുഖം വരെ നീളുന്നതാണ്.

യാത്രക്കാർക്കും ചരക്കുനീക്കത്തിനും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ പുതിയ പാത വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഗൾഫ് മേഖലയും യൂറോപ്യൻ ഭൂഖണ്ഡവും തമ്മിലുള്ള യാത്രാസമയത്തിലും ഷിപ്പിങ്​ ചെലവുകളിലും ഗണ്യമായ കുറവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് മേഖലയിലെ സാമ്പത്തിക-വ്യാപാര വളർച്ചയ്ക്ക് പുതിയ ഊർജ്ജം പകരും.

Tags:    
News Summary - Gulf-Europe Railway Project: Saudi Arabia and Turkey sign historic agreement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.