ബഹ്റൈനിൽ നടന്ന ജി.സി.സി രാജ്യങ്ങളിലെ മാധ്യമ-വിവര വിനിമയ മന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുത്തവർ
നിയമലംഘകർക്ക് പണികിട്ടും; ജി.സി.സി രാജ്യങ്ങളിൽ മാധ്യമ നിരീക്ഷണം ശക്തമാക്കുന്നു
ജിദ്ദ: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ മാധ്യമ സ്ഥാപനങ്ങളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും കർശനമായ നിരീക്ഷണം ഏർപ്പെടുത്താനും, നിയമലംഘനങ്ങൾ കൃത്യമായി രേഖപ്പെടുത്തി നടപടികൾ പൂർത്തിയാക്കാനും തീരുമാനം. ബഹ്റൈൻ തലസ്ഥനമായ മനാമയിൽ ജി.സി.സി രാജ്യങ്ങളിലെ മാധ്യമ-വിവര വിനിമയ മന്ത്രിമാരുടെ 29-ാമത് സമ്മേളനത്തിലാണ് സംയുക്തമായ തീരുമാനം കൈകൊണ്ടത്.
കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തിൽ സൗദി മാധ്യമ മന്ത്രി സൽമാൻ അൽ ദോസാരിയും മറ്റ് ഗൾഫ് രാജ്യങ്ങളിലെ മാധ്യമ മന്ത്രിമാരും പങ്കെടുത്തു. മാധ്യമ മേഖലയിൽ നിയമലംഘനം നടത്തുന്നവരെ അതത് രാജ്യങ്ങളിലെ ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ കൊണ്ടുവരുന്നതിനും അവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിനും മന്ത്രിമാരുടെ യോഗത്തിൽ ഊന്നൽ നൽകി. 'ഓരോ രാജ്യത്തെയും നിലവിലുള്ള നടപടിക്രമങ്ങൾക്കനുസൃതമായി, ദേശീയ നിയമങ്ങളും ജി.സി.സി അംഗീകരിച്ച ഗൾഫ് തല തീരുമാനങ്ങളും ചട്ടങ്ങളും നടപ്പിലാക്കിക്കൊണ്ടായിരിക്കും ഇത് സാധ്യമാക്കുക,' എന്ന് യോഗത്തിന് ശേഷം പുറത്തുവിട്ട സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
ഗൾഫ് രാജ്യങ്ങളുടെ ഐക്യത്തെ തകർക്കാൻ ലക്ഷ്യമിടുന്നതോ, ജി.സി.സി രാജ്യങ്ങളെയും അവയുടെ പ്രതീകങ്ങളെയും ജനങ്ങളെയും അവഹേളിക്കുന്നതോ ആയ എന്തിനെയും ശക്തമായി എതിർക്കുമെന്ന് മന്ത്രിമാർ വ്യക്തമാക്കി. ജി.സി.സി രാജ്യങ്ങളും അവിടുത്തെ നേതൃത്വവും ജനങ്ങളും തമ്മിലുള്ള ഐക്യവും കെട്ടുറപ്പും, സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനും ഗൾഫ് മേഖല കൈവരിച്ച നേട്ടങ്ങൾ കാത്തുസൂക്ഷിക്കുന്നതിനുമുള്ള ശക്തമായ അടിത്തറയാണെന്ന് യോഗം ഊന്നിപ്പറഞ്ഞു. ഗൾഫ് ഐക്യം എന്നത് ജി.സി.സി രാജ്യങ്ങളുടെ കൂട്ടായ ഉത്തരവാദിത്തവും ഉറച്ച പ്രതിബദ്ധതയുമാണെന്ന് മന്ത്രിമാർ എടുത്തുപറഞ്ഞു. നിലവിലെ സാഹചര്യത്തിൽ, വെല്ലുവിളികളെയും അവയുടെ പ്രത്യാഘാതങ്ങളെയും നേരിടുന്നതിന് ഈ ഐക്യത്തിന്റെ പ്രാധാന്യം കൂടുതൽ വർധിക്കുന്നു.
മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവർത്തകരും സമൂഹ മീഡിയ ഉപയോക്താക്കളും ഡിജിറ്റൽ പ്ലാറ്റ് ഫോറം ഉപയോക്താക്കളും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്നും, വിവരങ്ങളുടെ കൃത്യത ഉറപ്പാക്കണമെന്നും, ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു. ഒപ്പം, അധിക്ഷേപകരമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നോ പ്രചരിപ്പിക്കുന്നതിൽ നിന്നോ വിട്ടുനിൽക്കണമെന്നും അവർ നിർദേശിച്ചു. ഗൾഫ് ഐക്യം സംരക്ഷിക്കുന്നതിനും, ജി.സി.സി രാജ്യങ്ങളിലെ ജനങ്ങൾ തമ്മിലുള്ള സാഹോദര്യ ബന്ധം ദൃഢമാക്കുന്നതിനും, സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്ന എല്ലാ കാര്യങ്ങളെയും പിന്തുണക്കുന്നതിനും കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും ജി.സി.സി മന്ത്രിമാരുടെ യോഗം ആഹ്വാനം ചെയ്തു .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.