ജിദ്ദ: സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ അടിസ്ഥാന വേതനം ഉയര്‍ത്തണമെന്ന് ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) ആവശ്യപ്പെട്ടു. വിദേശികളുടെ മിനിമം വേതനം 800 റിയാലായി പുതുക്കിനിശ്ചയിക്കണമെന്ന് ‘ഗോസി’ ശൂറ കൗണ്‍സിലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.
തൊഴില്‍ രംഗത്തെ തട്ടിപ്പുകള്‍ തടയുന്നതിെൻറ ഭാഗമായാണ് നടപടി. വിദേശികളായ തൊഴിലാളികളുടെ അടിസ്ഥാന വേതനം കുറച്ചു കാണിക്കുന്നത് വഴി തൊഴിലുടമകള്‍ ഗോസിയില്‍ അടക്കേണ്ട തുകയില്‍ കുറവ് വരുത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ ആവശ്യം. നിലവിലെ അടിസ്ഥാന വേതന പരിധിയായ 400 റിയാല്‍ 800 റിയാലായി ഉയര്‍ത്തണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച കരട് റിപ്പോര്‍ട്ട് സൗദി ശൂറ കൗണ്‍സിലിന് ഗോസി സമര്‍പ്പിച്ചു. ഗോസിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ അടിസ്ഥാന വേതനത്തിെൻറ രണ്ടു ശതമാനം തൊഴിലുടമ ഗോസിയില്‍ അടക്കല്‍ നിര്‍ബന്ധമാണ്. ഈ തുകയില്‍ കുറവ് ലക്ഷ്യമിട്ടാണ് മിക്ക തൊഴിലുടമകളും തങ്ങള്‍ക്ക് കീഴിലുള്ള തൊഴിലാളികളുടെ അടിസ്ഥാന വേതനം ഏറ്റവും കുറഞ്ഞ തുകയായ 400 റിയാലായി രജിസ്റ്റര്‍ ചെയ്യുന്നത്.
സ്വകാര്യ മേഖലയിലെ മൊത്തം വിദേശ തൊഴിലാളികളുടെ 27 ശതമാനത്തിലധികവും പ്രതിമാസ വേതനം 400 റിയാല്‍ മാത്രം രജിസ്റ്റര്‍ ചെയ്ത വിഭാഗത്തിൽപെട്ടവയാണെന്ന് ഗോസി വ്യക്തമാക്കി. ഗോസിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതുവഴി സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. വിദേശ തൊഴിലാളികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കുന്നതിനും താമസരേഖ പുതുക്കുന്നതിനും ‘ഗോസി’ രജിസ്ട്രേഷന് നിര്‍ബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.