റസൂൽ സലാമും സുലൈഖയും മക്കളും മരുമകളും
റിയാദ്: നീണ്ട 42 വർഷം. അത്രയും കാലം മൂപ്പെത്തിയ പ്രവാസത്തോട് ഒടുവിൽ സലാം പറയുകയാണ് റസൂൽ സലാമും സുലൈഖയും. റിയാദിലെ കലാസാഹിത്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു ഈ ദമ്പതികൾ. കമ്യൂണിസ്റ്റ് നേതാവും കേരളത്തിലെ മുൻ ഗതാഗത മന്ത്രിയുമായിരുന്ന ഇ.കെ. ഇമ്പിച്ചിബാവയുടെ മകനും പൊന്നാനി സ്വദേശിയുമായ റസൂൽ സലാം 1983ലാണ് സൗദി അറേബ്യയിലെത്തുന്നത്. അമ്മാവൻ അയച്ച വിസയിൽ ജിദ്ദയിലായിരുന്നു പ്രവാസത്തിന്റെ തുടക്കം.
അറബ് ന്യൂസ് പത്രത്തിന്റെ വിതരണമേറ്റെടുത്ത ഒരു സ്ഥാപനത്തിലായിരുന്നു ആദ്യജോലി. ആയതിനാൽ, പത്രവിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വിവിധ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യാനും വ്യത്യസ്തമായ ദേശങ്ങളിലെ ഒട്ടേറെ മനുഷ്യരുമായി ഇടപഴകാനും കഴിഞ്ഞു എന്നത് സൗഭാഗ്യമായി കരുതുന്നു റസൂൽ സലാം.
പിന്നീട് ലോകപ്രശസ്ത കമ്പനി സോണിയുടെ വിതരണക്കമ്പനിയായ ഫൈസലിയ ഗ്രൂപ്പിൽ പ്രവർത്തിച്ചു. സോണിയുടെ മെഗാസ്റ്റാർ ഡിവിഷനിലും കുറച്ചു കാലമുണ്ടായിരുന്നു. സൗദി എയർഫോഴ്സിലേക്ക് സ്പെയർ പാർട്സ് വിതരണം ചെയ്യുന്ന ആർ.ജി.ടി.എസ് അടക്കം വിവിധ കാലയളവിൽ ചെറുതും വലുതുമായ ഒട്ടേറെ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. 1987ലാണ് വിവാഹിതനായത്.
1996 മുതൽ കുടുംബം റിയാദിൽ ഒപ്പമുണ്ട്. എംകോമും കോഓപറേഷനിലും സിസ്റ്റം മാനേജ്മെൻറിലും പി.ജി ഡിപ്ലോമകളുമുള്ള ജീവിതപങ്കാളി സുലൈഖ റിയാദിലെ അൽ നൂർ ഇന്റർനാഷനൽ സ്കൂളിൽ അധ്യാപികയായി തുടങ്ങി. തുടർന്ന് റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ അക്കൗണ്ടൻറായി ജോലിയിൽ പ്രവേശിച്ചു. അവിടെ 23 വർഷം നീണ്ട സേവനകാലത്തിനൊടുവിൽ സീനിയർ അക്കൗണ്ടന്റായി ഇപ്പോൾ വിരമിച്ചു. 2010ൽ സ്കൂളിന്റെ താൽക്കാലിക ഭരണസമിതി അംഗമായി ഇന്ത്യൻ എംബസി നോമിനേറ്റ് ചെയ്ത ചുരുക്കം വ്യക്തിത്വങ്ങളിൽ ഒരാളുമായി സുലൈഖ.
റിയാദിലെ സഹ്യകലാവേദി, ജാലകം, റിയാദ് ഇന്ത്യൻ ഫ്രൻഡ്ഷിപ് അസോസിയേഷൻ, കേളി കലാസാംസ്കാരിക വേദി, പ്രോഗ്രസീവ് ആർട്ട് മൂവ്മെൻറ്, പൊന്നാനി പ്രവാസി കൂട്ടായ്മ, ചെരാത് സാഹിത്യവേദി, ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്, ചില്ല സർഗവേദി തുടങ്ങി ഒട്ടേറെ കൂട്ടായ്മകളിൽ ഈ ദമ്പതികൾ പ്രവർത്തിച്ചു. യാത്രാപ്രിയരായ ഇവർ സൗദി മുഴുവൻ ചുറ്റിക്കണ്ടിട്ടുണ്ട്. പ്രവാസഭൂമിയെക്കുറിച്ച് പറയുമ്പോൾ ജീവിതസൗഭാഗ്യങ്ങൾ ചേർത്തുവെച്ച ഇടം എന്നതിലുപരി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഒട്ടേറെ വ്യക്തിത്വങ്ങളുമായി സൗഹൃദം കൂടാൻ അവസരം ലഭിച്ചു എന്നതാണ് ഏറെ ആഹ്ലാദകരമെന്ന് ഇരുവരും കൂട്ടിച്ചേർക്കുന്നു.
സൗദിയുടെ പഴയകാല ജീവിതരീതികളും നിലവിലെ സാമൂഹിക, സാംസ്കാരിക മാറ്റങ്ങളും മുന്നേറ്റങ്ങളും നേരിട്ടനുഭവിച്ച നാല് പതിറ്റാണ്ടുകളാണ് കടന്നുപോയത്. നാട്ടിൽ ജീവിച്ചതിനേക്കാൾ കൂടുതൽ കാലം സൗദിയിലാണ് ചെലവിട്ടതെന്ന് ഓർക്കുമ്പോൾ ആഹ്ലാദമേയുള്ളൂവെന്ന് റസൂൽ സലാം പറയുന്നു. രസകരവും അതിശയകരവുമായ, മറക്കാൻ കഴിയാത്ത ഒട്ടേറെ അനുഭവങ്ങൾ ഉള്ളിൽ സൂക്ഷിക്കുന്നു. ഗൾഫ് യുദ്ധകാലം, കോവിഡ്, സാമൂഹിക സേവനരംഗത്തെ ചില വേദനിപ്പിക്കുന്ന കാര്യങ്ങൾ... അങ്ങനെ ഒട്ടേറെ അനുഭവങ്ങൾ. അതെല്ലാം വിശദമായി പ്രതിപാദിക്കുകയാണെങ്കിൽ വലിയൊരു ഗ്രന്ഥം രചിക്കേണ്ടിവരുമെന്ന് പറഞ്ഞ് ഇരുവരും ചിരിക്കുന്നു.
രാഷ്ട്രീയമായി ഇടതുപക്ഷത്തോട് ചേർന്നുനിന്നുള്ള പ്രവർത്തനങ്ങളാണ് എന്നുമുണ്ടായിട്ടുള്ളത്. സഖാവ് ഇമ്പിച്ചിബാവയുടെ മകൻ എന്ന വിലാസം അഭിമാനകരമായി. അതുമൂലം ഒട്ടേറെ വലിയ ആളുകളെ പരിചയപ്പെടാനായി. പൊന്നാനി മുനിസിപ്പാലിറ്റിയുടെ മുൻ അധ്യക്ഷയായിരുന്ന ഉമ്മ ഫാത്തിമ ടീച്ചറെ സൗദിയിൽ കൊണ്ടുവരാനും അവർക്ക് മക്കയും മദീനയുമൊക്കെ സന്ദർശിക്കാൻ അവസരമൊരുക്കാനും കഴിഞ്ഞു എന്നതും ചരിതാർഥ്യമുള്ള കാര്യമാണ്.
മക്കൾ അനൂപ്, ആയിഷ എന്നിവർ പ്ലസ്ടൂ വരെ റിയാദിലാണ് പഠിച്ചത്. അനൂപ് മെൽബൺ യൂനിവേഴ്സിറ്റിയിലും ആയിഷ പൂനയിലുമായാണ് ഉപരിപഠനം പൂർത്തിയാക്കിയത്. അനൂപ് ഇപ്പോൾ വിപ്രോ വഴി റിയാദിലെത്തി ‘കപ്സാർക്’ എന്ന കമ്പനിയിൽ ജോലി ചെയ്യുന്നു. കുടുംബമായി റിയാദിൽ തന്നെയുണ്ട്.
ആയിഷ റിയാദിൽ ഹാഷ്ടാഗ് എന്ന സോഷ്യൽ മീഡിയ ഏജൻസിയിൽ ജോലിചെയ്തിട്ടുണ്ട്. ഇപ്പോൾ ജീവിതപങ്കാളിയോടൊന്നിച്ച് അയർലന്റിൽ കഴിയുന്നു. റസൂൽ സലാമും സുലൈഖയും ഇനി പൊന്നാനിയിൽ സ്വസ്ഥജീവിതം തുടരും. ഒപ്പം അവരുടെ പ്രിയപ്പെട്ട ‘ആമി’ എന്ന രണ്ടുവയസുള്ള പൂച്ചയെയും നാട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഒന്നുമാത്രമാണ് പ്രവാസത്തിലെ സൗഹൃദങ്ങളോട് ഇരുവർക്കും പറയാനുള്ളത്. പൊന്നാനിയിലെ അവരുടെ ‘ലാൽഭവനി’ലേക്ക് വരിക. പരിചയം പുതുക്കുവാനും ഇഷ്ടം പങ്കുവയ്ക്കാനും ഞങ്ങളവിടെയുണ്ടാകും... ലാൽ സലാം.
തയാറാക്കിയത്: റഫീഖ് പന്നിയങ്കര
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.