മക്കയിലെ പുണ്യസ്ഥലങ്ങളിൽ പച്ചപ്പണിയിക്കാൻ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചപ്പോൾ
മക്ക: പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്നതിനും തീർഥാടകർക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി പുണ്യസ്ഥലങ്ങളിൽ 60,000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. റോയൽ കമീഷൻ ഫോർ മക്ക സിറ്റി ആൻഡ് ഹോളി സൈറ്റ്സിെൻറ കീഴിലുള്ള കിദാന ഡെവലപ്മെൻറ് കമ്പനിയാണ് ഈ ബൃഹദ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 40,000 പുതിയ മരങ്ങളാണ് നട്ടുപിടിപ്പിച്ചത്. ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കിയ 20,000 മരങ്ങൾ ഉൾപ്പെടെ, പുണ്യഭൂമിയിലെ ആകെ വൃക്ഷങ്ങളുടെ എണ്ണം ഇതോടെ 60,000 ആയി ഉയർന്നു. കഴിഞ്ഞ ഹജ്ജ് സീസണിനെ അപേക്ഷിച്ച് പുണ്യസ്ഥലങ്ങളിലെ ഹരിത വിസ്തൃതിയിൽ മൂന്നിരട്ടി വർധനവാണ് ഇതോടെ രേഖപ്പെടുത്തിയിരിക്കുന്നത്. മശാഇറിലെ കഠിനമായ കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാനും ഹജ്ജ് കർമങ്ങൾക്കിടയിൽ തീർഥാടകർക്ക് തണലും കുളിർമയും നൽകുന്ന സുഖപ്രദമായ അന്തരീക്ഷം ഒരുക്കാനും ഈ ഹരിതവൽകരണത്തിലൂടെ സാധിക്കും. പ്രാദേശികമായ കാലാവസ്ഥയെ അതിജീവിക്കാൻ ശേഷിയുള്ള പ്രത്യേക തരം സസ്യങ്ങളാണ് പദ്ധതിക്കായി തെരഞ്ഞെടുത്തതെന്ന് കിദാന ഡെവലപ്മെൻറ് കമ്പനി വ്യക്തമാക്കി. സസ്യങ്ങളുടെ സുസ്ഥിരതക്കും പരിപാലനത്തിനും പ്രത്യേക മുൻഗണന നൽകിയിട്ടുണ്ട്.
സൗദി വിഷൻ 2030, ഗ്രീൻ സൗദി ഇനിഷ്യേറ്റീവ് എന്നിവയുടെ ലക്ഷ്യങ്ങൾക്കനുസൃതമായി പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും തീർഥാടന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള കിദാനയുടെ പ്രതിബദ്ധതയാണ് ഈ നേട്ടത്തിലൂടെ പ്രതിഫലിക്കുന്നത്. പുണ്യസ്ഥലങ്ങളുടെ നഗരസൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം പ്രകൃതി സൗഹൃദമായ ഒരു തീർഥാടന അനുഭവം ഉറപ്പാക്കാനും ഇത്തരം പ്രവർത്തനങ്ങൾ വഴി തെളിക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.