ജിദ്ദ: 2026-ലെ ഡിജിറ്റൽ പൊതു സെൻസസ് നടപടികളിൽ പ്രവാസി മലയാളികളെയും അവരുടെ കുടുംബങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന സാങ്കേതിക അപാകതകൾ പരിഹരിക്കാൻ സംസ്ഥാന സർക്കാരിെൻറ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ഒ.ഐ.സി.സി നേതാവ് കെ.ടി.എ. മുനീർ കേരള മുഖ്യമന്ത്രി വി.ഡി. സതീശന് ഇമെയിൽ വഴി നിവേദനം സമർപ്പിച്ചു.
ഭവന കണക്കെടുപ്പിൽ പ്രവാസികളുടെയും താൽക്കാലികമായി വിദേശത്ത് പോയവരുടെയും അടഞ്ഞുകിടക്കുന്ന വീടുകൾ ‘താമസമില്ലാത്ത വീടുകൾ’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് ഭാവിയിൽ വോട്ടർ പട്ടിക, റേഷൻ കാർഡ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെ ബാധിക്കുമെന്ന വലിയ ആശങ്ക പ്രവാസികൾക്കുണ്ട്. അതിനാൽ ഇത്തരം വീടുകൾ ‘പ്രവാസി ഭവനം’ എന്ന പ്രത്യേക കാറ്റഗറിയിലോ ‘താൽക്കാലികമായി ആളില്ലാത്ത വീടുകളുടെ’ പട്ടികയിലോ ഉൾപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു.
നിലവിലെ സെൻസസ് മാനദണ്ഡ പ്രകാരം ഭർത്താവ് വിദേശത്തും ഭാര്യ നാട്ടിലുമുള്ള ലക്ഷക്കണക്കിന് കുടുംബങ്ങളെ ‘ഒരുമിച്ചു താമസിക്കുന്ന ദമ്പതികൾ’ എന്ന ഔദ്യോഗിക പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് ഭാവിയിൽ കുടുംബങ്ങൾ കേന്ദ്രീകരിച്ചുള്ള ക്ഷേമപദ്ധതികളെ ബാധിക്കാൻ ഇടയാക്കുമെന്നും, അതിനാൽ അവർക്ക് ‘പ്രവാസി ദമ്പതികൾ’ എന്ന പ്രത്യേക പദവി നൽകാൻ സാങ്കേതിക ഭേദഗതി വരുത്തണമെന്നും കെ.ടി.എ. മുനീർ ചൂണ്ടിക്കാട്ടി.
കൂടാതെ, പാസ്‌പോർട്ട് നമ്പറോ നോർക്ക രജിസ്ട്രേഷൻ വിവരങ്ങളോ ഉപയോഗിച്ച് സെൻസസ് പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രവാസികൾക്ക് പ്രത്യേക ഇളവുകൾ ലഭ്യമാക്കണം. പുതിയ സെൻസസ് നടപടികൾ കാരണം പ്രവാസികളുടെ നിലവിലുള്ള അവകാശങ്ങൾക്കോ രേഖകൾക്കോ യാതൊരുവിധ ഭീഷണിയുമില്ലെന്ന് സർക്കാരിെൻറ ഭാഗത്ത് നിന്ന് ഔദ്യോഗികമായ ഉറപ്പും വ്യക്തതയും നൽകി ആശങ്ക അകറ്റണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.