മലൈബാരി സൗദി പൗരന്മാർ സംസാരിക്കുന്നു

'ഇന്ത്യന്‍ റോഡു ടു മക്ക'; ജിദ്ദയിൽ മലൈബാരി സൗദി പൗരന്മാരുടെ 'വീരോചിത മലൈബാരി ബര്‍ത്താനം' സംഘടിപ്പിച്ച് ഗുഡ്‌വിൽ ഗ്ലോബൽ ഇനീഷ്യേറ്റീവ്

ജിദ്ദ: ജിദ്ദയിലെ ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് (ജി.ജി.ഐ) ' ഇന്ത്യന്‍ റോഡു ടു മക്ക' എന്ന ശീര്‍ഷകത്തില്‍ നടത്തിയ സംഗമം സൗദി പ്രമുഖരുടെയും മറ്റും പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. 'വീരോചിത മലൈബാരി ബര്‍ത്താനം' എന്ന പരിപടിയിലാണ് സൗദി പൗരന്മാരായ ഗ്ലോബല്‍ ബ്രിഡ്ജ് കമ്പനി ചെയര്‍മാന്‍ ശൈഖ് അബ്ദുറഹ് മാന്‍ അബ്ദുല്ല യൂസുഫ് എന്ന ഫദ്‌ല് മലൈബാരി, മൊസാകോ കമ്പനി മാനേജിംഗ് ഡയറക്ടര്‍ ശൈഖ് മുഹമ്മദ് സഈദ് മലൈബാരി, മക്കയിലെ മദ്രസത്തുല്‍ മലൈബാരിയ സൂപ്പര്‍വൈസര്‍ ശൈഖ് ആദില്‍ ഹംസ മലൈബാരി, സവോള ഫുഡ്‌സ് ജനറല്‍ മാനേജര്‍ എന്‍ജി. ആദില്‍ മുഹമ്മദലി വല്ലാഞ്ചിറ എന്നിവർ മലയാളത്തില്‍ സംവദിച്ചത്.

സൗദിയില്‍ ജനിച്ചുവളര്‍ന്ന ഇന്ത്യന്‍ വംശജരായ മലൈബാരികള്‍ പൂര്‍വികരില്‍നിന്ന്‌ കേട്ട് പഠിച്ച മലയാളം സദസ്സുമായി പങ്ക് വെച്ചപ്പോള്‍, ജിദ്ദയിലെ പ്രൗഢ സദസ്സിന് അത് അവിസ്മരണീയാനുഭവമായി. ക്ലേശപൂര്‍ണവും ത്യാഗോജ്വലവുമായ ആദ്യകാല തീര്‍ഥാടന അനുഭവങ്ങളും അറേബ്യയിലെ കുട്ടിക്കാലവും മലയാളി പ്രവാസികളുടെ മാഹാത്മ്യവും അവര്‍ മധുരിക്കുന്ന മലയാളത്തില്‍ മൊഴിഞ്ഞപ്പോള്‍ സദസ്സിന് നവ്യാനുഭൂതി പകരുന്നതായി. പ്രശസ്ത സൗദി സമുദ്രശാസ്ത്രജ്ഞന്‍ ഡോ. ഫൈസല്‍ ബുഖാരി പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അധ്യക്ഷത വഹിച്ച ജി.ജി.ഐ പ്രസിഡന്റ് ഹസന്‍ ചെറൂപ്പ 'ഇന്ത്യന്‍ റോഡു ടു മക്ക' വിഷയാവതരണം നടത്തി.

പൗരാണിക ജിദ്ദ നഗരത്തിലെ കുട്ടിക്കാലവും സാഹസിക ഹജ്ജ്, മദീനാ യാത്രകളും മലൈബാരികള്‍ സദസ്സുമായി പങ്കുവെച്ചു. മലപ്പുറം ഹാജിയാര്‍പള്ളിയില്‍ ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച പ്രപിതാമഹന്‍ യൂസുഫിന്റെയും വാഗണ്‍ ട്രാജഡി രക്തസാക്ഷിയായ പിതാമഹന്‍ മുഹ്‌യദ്ദീന്റെയും ഇന്ത്യന്‍ ഹാജിമാരെ സേവിക്കാന്‍ ജിദ്ദയിലെത്തി പ്രശസ്ത സൗദി ബാങ്കായ എന്‍.സി.ബിയില്‍ ഉന്നത ഉദ്യോഗം വഹിച്ച പിതാവ് മലപ്പുറം മൈലപ്പുറം മങ്കരത്തൊടി അബ്ദുല്ല മുന്‍ഷിയുടെയും കഥ ഫദ്ല്‍ മലൈബാരി ഹൃദയസ്പൃക്കായി വിവരിച്ചു. 55 വര്‍ഷം മുമ്പ് ആദ്യഹജ്ജ് ചെയ്തതും 1974 ല്‍ സ്വന്തം വണ്ടിയോടിച്ച് കുടുംബസമേതം ഹജ്ജിന് പോയതുമെല്ലാം ആലപ്പുഴ ആറാട്ടുപുഴയില്‍ വേരുകളുള്ള മുഹമ്മദ് സഈദ് മലൈബാരി ഓര്‍ത്തെടുത്തു.

മൊസാകോ കമ്പനിയിലെ ജീവനക്കാരില്‍ 90 ശതമാനവും മലയാളികളാണെന്ന് വിവരിച്ച മുഹമ്മദ് സഈദ് മലൈബാരി, മലയാളികളുടെ വിശ്വാസ്യത, സത്യസന്ധത, കഠിനാധ്വാനം, അര്‍പ്പണബോധം തുടങ്ങിയ സവിശേഷ ഗുണങ്ങളെ മുക്തകണ്ഠം പ്രശംസിക്കുകയും ഇന്ത്യന്‍ വംശജനായതില്‍ അഭിമാനം കൊള്ളുകയും ചെയ്തു. എ്‌ന്റെ സ്ഥാപനത്തിലെ മികവുറ്റ മലയാളി ജീവനക്കാരില്‍ ചിലരെ തങ്ങള്‍ക്ക് വേണമെന്ന് അറബ് ബിസിനസ് സുഹൃത്തുക്കള്‍ അഭ്യര്‍ഥിച്ചിരുന്നുവെങ്കിലും നല്‍കാന്‍ തയാറാവുകയുണ്ടായില്ല. 30 വര്‍ഷമായി കേരളത്തില്‍ വരാറുണ്ട്. അന്നും അടുത്ത കാലം വരെയും റോഡുകള്‍ക്കൊന്നും വലിയ മാറ്റമുള്ളതായി കണ്ടിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് അംഗങ്ങൾ മലൈബാരി സൗദി പ്രമുഖരോടൊപ്പം

ഒന്നര നൂറ്റാണ്ടു മുമ്പ് ഇന്ത്യക്കാര്‍ സ്ഥാപിച്ച അറേബ്യയിലെ ആദ്യത്തെ റഗുലര്‍ സ്‌കൂളായ സൗലത്തിയ മദ്രസയുടെയും 100 വര്‍ഷം മുമ്പ് മലൈബാരികള്‍ സ്ഥാപിച്ച മദ്രസത്തുല്‍ മലൈബാരിയയുടെയും ടോങ്ക് റുബാത്തിന്റെയും ചരിത്രത്തിലേക്ക് ഇവയുടെയെല്ലാം സൂപ്പര്‍വൈസറായിരുന്ന ആദില്‍ ബിന്‍ ഹംസ മലൈബാരി വെളിച്ചം വിതറി. ഭൗതികസൗകര്യങ്ങള്‍ പരിമിതമായിരുന്ന പഴയകാലത്ത് ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് താമസസൗകര്യവും ഭക്ഷണവിതരണവുമടക്കം മക്കയിലെ മലൈബാരികള്‍ നടത്തിയ നിസ്തുല സേവനങ്ങള്‍, മലപ്പുറം പാണക്കാട് വേരുകളുള്ള ആദില്‍ മലൈബാരി വിവരിച്ചു.

ജി.ജി.ഐ ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും ട്രഷറര്‍ ജലീല്‍ കണ്ണമംഗലം നന്ദിയും പറഞ്ഞു. പ്ലസ് ടു അടക്കം പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ജി.ജി.ഐ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങിന് സെക്രട്ടറി കബീര്‍ കൊണ്ടോട്ടിയും സാങ്കേതിക നിര്‍വഹണത്തിന് സെക്രട്ടറി കെ. ശിഫാസും മേൽനോട്ടം വഹിച്ചു. ശഹീന്‍ സുബൈര്‍ ഖിറാഅത്ത് നടത്തി. അബു കട്ടുപ്പാറ, ആലുങ്ങല്‍ ചെറിയ മുഹമ്മദ്, ഹുസൈന്‍ കരിങ്കറ, റഹ്‌മത്ത് ആലുങ്ങല്‍, സുല്‍ഫിക്കര്‍ മാപ്പിളവീട്ടില്‍, അരുവി മോങ്ങം, നൗഷാദ് താഴത്തെവീട്ടില്‍, ഗഫൂര്‍ കൊണ്ടോട്ടി, ജെസി ടീച്ചര്‍, ഫാത്തിമ തസ്‌നി ടീച്ചര്‍, ഇബ്രാഹിം ശംനാട്, അഷ്‌റഫ് പട്ടത്തില്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Tags:    
News Summary - Goodwill Global Initiative organizes 'Veerochita Malabari Barthanam' for Malayali Saudi citizens in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.