സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജെൽ മക്കയിലെ ആരോഗ്യ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തിയപ്പോൾ
മക്ക: തീർഥാടകർക്ക് ഉന്നത നിലവാരത്തിലുള്ള ആതുരസേവനം ലഭ്യമാക്കുന്നതിന് ആരോഗ്യ സംവിധാനം പ്രവർത്തിക്കുന്നുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജെൽ പറഞ്ഞു. റമദാനിൽ മക്കയിലെത്തുന്ന തീർഥാടകർക്ക് ഏർപ്പെടുത്തിയ ആരോഗ്യസേവനങ്ങളും ഒരുക്കവും പരിശോധിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. തീർഥാടകർക്കുള്ള ആരോഗ്യസേവനം മുൻഗണന പദ്ധതിയാണെന്നും സേവനം നൽകാൻ ആരോഗ്യസ്ഥാപനങ്ങൾ സജ്ജമാണെന്നും മന്ത്രി പറഞ്ഞു.
300 കിടക്കകൾ ഉൾപ്പെടുന്ന സൗദി ജർമൻ ആശുപത്രി, 52 കിടക്കകളുള്ള അജിയാദ് അടിയന്തിര ആശുപത്രി, 134 കിടക്കകളുള്ള മക്ക മെഡിക്കൽ സെന്റർ ഉൾപ്പെടെ മക്കയിലെ ആരോഗ്യ സ്ഥാപനങ്ങൾ മന്ത്രി സന്ദർശിച്ചു. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ മന്ത്രി കണ്ടു. പുണ്യസ്ഥലങ്ങൾ വികസിപ്പിക്കുന്നതിനുള്ള ‘കദാന വികസന കമ്പനി’യുടെ ശ്രമങ്ങളും പദ്ധതികളും അവലോകനം ചെയ്തു. കൂടാതെ റെഡ് ക്രസന്റ് സെന്ററും സന്ദർശിച്ചു. മക്ക ജനറൽ ആശുപത്രിയിലെ 500 കിടക്കകൾ ഉൾപ്പെടുന്ന ആശുപത്രിയുടെ നിർമാണപ്രവർത്തനങ്ങൾ ആരോഗ്യമന്ത്രി പരിശോധിച്ചു.
തീർഥാടകർക്ക് സംയോജിതവും സുരക്ഷിതവുമായ ആരോഗ്യസംരക്ഷണം നൽകുന്നതിന് മുൻഗണന നൽകണമെന്ന് ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജെൽ ഊന്നിപ്പറഞ്ഞു. റമദാൻ, ഹജ്ജ് സീസണുകളിൽ ഉംറ തീർഥാടകരെയും സ്വീകരിക്കുന്നതിന് ആരോഗ്യസൗകര്യങ്ങളുടെ സന്നദ്ധത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മക്ക അൽ മുഖറമ മേഖലയിലെ പുണ്യസ്ഥലങ്ങളിൽ അദ്ദേഹം നടത്തിയ പരിശോധനയിലാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.