ബുറൈദ ഈത്തപ്പഴ മേളയിൽനിന്ന്
ബുറൈദ: ആഗോള വിപണികളിൽ ഈന്തപ്പഴ മാർക്കറ്റിങിനായി പുതിയ ചക്രവാളങ്ങൾ തുറക്കുന്ന ഒരു ഗുണപരമായ ചുവടുവെപ്പാണ് 'അന്താരാഷ്ട്ര ഈത്തപ്പഴ റൂട്ടി'ന്റെ സമാരംഭമെന്ന് ഖസീം ഗവർണറും ബുറൈദ ഈത്തപ്പഴ മേള സുപ്രീം കമ്മിറ്റി ചെയർമാനുമായ ഗവർണർ ഡോ. ഫൈസൽ ബിൻ മിശ്അൽ ബിൻ സഊദ് പറഞ്ഞു.
സംയുക്ത പദ്ധതികൾ നടപ്പിലാക്കുക, പ്രത്യേകിച്ച് ഇന്റർനാഷനൽ ഈന്തപ്പഴ റൂട്ട് എന്ന ലക്ഷ്യത്തോടെ ഷാങ്ഹായ് സഹകരണ സംഘടന രാജ്യങ്ങളുടെ സാംസ്കാരിക സംയോജന കേന്ദ്രവുമായി ബുറൈദ ഈത്തപ്പഴമേള ജനറൽ സെക്രട്ടേറിയറ്റ് ഒരു സഹകരണ കരാറിൽ ഒപ്പുവെച്ച വേളയിൽ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇത് ആഗോള വേദിയിൽ സൗദി ഈന്തപ്പഴ പദവി ഏകീകരിക്കുന്നതിനും കാർഷിക മേഖലയെ പിന്തുണക്കുന്നതിനും ദേശീയ കയറ്റുമതി വർധിപ്പിക്കുന്നതിനുമുള്ള ഭരണകൂടത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണെന്നും ഖസീം ഗവർണർ പറഞ്ഞു. 1.1 കോടിയിലധികം ഈന്തപ്പനകളും നൂറിലധികം ഈന്തപ്പന ഇനങ്ങളുടെ വൈവിധ്യമാർന്ന ഉൽപാദനവുമുള്ള ഖസിം മേഖല ആകർഷകമായ അന്തരീക്ഷത്തിൽ ഈ സാമ്പത്തിക, സാംസ്കാരിക പ്രസ്ഥാനത്തെ നയിക്കാൻ യോഗ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി സംരംഭകരായ യുവാക്കളുടെ ഒരു തലമുറയെ ഇത് സൃഷ്ടിക്കുമെന്നും ഖസീം ഗവർണർ പറഞ്ഞു.കാർഷിക പൈതൃകത്തിന്റെ ആഴവും ദേശീയ ഉൽപാദനത്തിന്റെ വ്യത്യസ്തതയും ഉൾക്കൊള്ളുന്ന ബുറൈദ ഈത്തപ്പഴമേളയാണ് ‘അന്താരാഷ്ട്ര ഈത്തപ്പഴ റോഡി'ന്റെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ചത്.
സാമ്പത്തിക, സാംസ്കാരിക, ടൂറിസം പ്രവർത്തനങ്ങൾ സംയോജിപ്പിച്ച് നടപ്പിലാക്കുന്ന ഈ സംരംഭം ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യത്തേതാണ്. സൗദി ഈത്തപ്പഴ ഉൽപാദനത്തെ ‘സിൽക് റൂട്ടു’മായി ബന്ധിപ്പിക്കുകയും അന്താരാഷ്ട്ര വ്യാപാരം വർധിപ്പിക്കുകയും ആഗോള വിപണികളിൽ സൗദിയിൽ നിന്നുള്ള ഈത്തപ്പഴ വിപണനത്തിനുള്ള വിശാലമായ സാധ്യതകൾ തുറക്കുകയും ചെയ്യുന്നതാണ്. രണ്ട് സംയോജിത ട്രാക്കുകളിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒന്ന് ഫീൽഡ് പാതയും മറ്റൊന്ന് ഡിജിറ്റൽ പാതയുമാണ്.
ഫീൽഡ് ട്രാക്കിൽ പ്രാദേശിക, അന്തർദേശീയ ലക്ഷ്യസ്ഥാനങ്ങളിൽ പ്രദർശനങ്ങൾ, ലേലങ്ങൾ, പരിപാടികൾ എന്നിവ സംഘടിപ്പിക്കുക, ഈത്തപ്പഴങ്ങളുമായി ബന്ധപ്പെട്ട കായിക, സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തുക എന്നിവ ഉൾപ്പെടുന്നു. ഡിജിറ്റൽ പാതയിൽ ലോകമെമ്പാടുമുള്ള നിർമാതാക്കൾ, നിക്ഷേപകർ, വാങ്ങുന്നവർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ഓൺലൈൻ പ്ലാറ്റ്ഫോം, ഈത്തപ്പഴങ്ങളും അവയുടെ സംസ്കാരവും പരിചയപ്പെടുത്തുന്ന ഒരു ഡേറ്റാബേസും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.