‘ജെൻഡർ ന്യൂട്രാലിറ്റിയുടെ രാഷ്ട്രീയം’ ഇന്ത്യൻ ഇസ്ലാഹി സെന്‍റർ സംഘടിപ്പിച്ച പരിപാടിയിൽ കെ.എൻ.എം വൈസ് പ്രസിഡൻറ് ഡോ. ഹുസൈൻ മടവൂർ സംസാരിക്കുന്നു

ജെൻഡർ ന്യൂട്രാലിറ്റി വാദം അശാസ്ത്രീയം, പ്രകൃതി വിരുദ്ധം -ഡോ. ഹുസൈൻ മടവൂർ

ദമ്മാം: ജെൻഡർ ന്യൂട്രാലിറ്റിയുടെ പേരിൽ കേരള സർക്കാർ കൊണ്ടുവരുന്ന പരിഷ്കാരങ്ങൾ അശാസ്ത്രീയവും പ്രകൃതിവിരുദ്ധവുമാണെന്ന് കെ.എൻ.എം വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ പ്രസ്താവിച്ചു. സൗദി കിഴക്കൻ പ്രവിശ്യ കമ്മിറ്റി ദമ്മാമിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലിംഗ വ്യത്യാസത്തിന്റെ പേരിൽ ഒരാൾക്കും ഒരു അവകാശവും നിഷേധിക്കാൻ പാടില്ല. പഠനം, തൊഴിൽ തുടങ്ങിയ മേഖലകളിൽ ഒരു അനീതിയുമുണ്ടായിക്കൂട. ശാരീരികവും മാനസികവും വൈകാരികവുമായി ആൺപെൺ വ്യത്യാസം ഒരു യാഥാർഥ്യമാണ്. ഓരോരുത്തർക്കും അവരുടേതായ ധർമം നിർവഹിക്കാനുമുണ്ട്.

കുടുംബത്തിലും സമൂഹത്തിലും ധാർമികത നിലനിൽക്കണമെങ്കിൽ ലിംഗ വ്യത്യാസമനുസരിച്ചുള്ള പരിഗണനകളും പ്രത്യേകതകളും പരിഗണിച്ചേ മതിയാവൂ. ഈ രംഗത്ത് വിവിധ സംസ്കാരങ്ങളിലും സമൂഹങ്ങളിലും നിലനിന്നുപോരുന്ന മര്യാദകൾ തകർത്തെറിഞ്ഞ് ഉദാര ലൈംഗികതയും അതുവഴി കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന യുവസമൂഹത്തെ സൃഷ്ടിക്കലുമാണ് ന്യൂട്രാലിറ്റിയുടെ പേരിൽ നടപ്പാക്കാൻ പോകുന്ന പദ്ധതികളെന്ന് നാം മനസ്സിലാക്കണം. അത് സമൂഹത്തിൽ ദൂരവ്യാപക വിപത്തുകൾ ഉണ്ടാക്കും.

പെണ്ണിനെ ആൺവസ്ത്രം ധരിപ്പിച്ചാൽ സ്ത്രീപുരുഷ സമത്വമായെന്ന് വിചാരിക്കുന്നത് വിവരക്കേടാണ്. ആണുങ്ങളെ പെൺവസ്ത്രങ്ങൾ ധരിപ്പിച്ച് സമത്വമുണ്ടാക്കാൻ ആരും ശ്രമിക്കാത്തത് സ്ത്രീകളെ രണ്ടാംതരം പൗരന്മാരായി കരുതുന്നത് കൊണ്ടല്ലേ. നീതിയും അവസരങ്ങളും എല്ലാവർക്കും ലഭ്യമാക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുകയാണ് വേണ്ടത്.

ആഗോള മതനിരാസ പ്രസ്ഥാനങ്ങളുടെ ആസൂത്രിത പദ്ധതികളാണിതെന്നും ഇതിനെ ചെറുത്തുതോൽപിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.

എം. കബീർ സലഫി അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് ഫാറൂഖ്, സാജിദ് ആറാട്ടുപുഴ, ആലിക്കുട്ടി ഒളവട്ടൂർ എന്നിവർ സംസാരിച്ചു. മൊയ്തീൻ കിഴിശ്ശേരി സ്വാഗതവും ഇ.ടി. അബ്ദുസ്സമദ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Gender neutrality argument is unscientific and anti-natural -Dr. Hussain Madavoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.