ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി
റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾക്ക് നേരെ ഇറാൻ തുടരുന്ന നഗ്നവും വഞ്ചനാപരവുമായ ആക്രമണങ്ങളെ ജി.സി.സി ജനറൽ സെക്രട്ടറി ജാസിം മുഹമ്മദ് അൽ ബുദൈവി ശക്തമായി അപലപിച്ചു.
മേഖലയിലെ സുരക്ഷയെയും ആഗോള ഊർജ വിതരണത്തെയും നേരിട്ട് ബാധിക്കുന്ന ഇറാെൻറ നിലപാടുകൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം വാർത്തക്കുറിപ്പിൽ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളെയും എണ്ണ നിലയങ്ങളെയും ലക്ഷ്യമിട്ടുള്ള ബോധപൂർവമായ നീക്കങ്ങൾ ഇറാെൻറ വർദ്ധിച്ചുവരുന്ന പ്രകോപനപരമായ നയത്തെയാണ് വെളിപ്പെടുത്തുന്നതെന്ന് അൽ ബുദൈവി വ്യക്തമാക്കി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ ഇത്തരം ആക്രമണങ്ങൾ തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈനിക നടപടികളുടെ ഉത്തരവാദിത്തം ഗൾഫ് രാജ്യങ്ങളുടെ മേൽ കെട്ടിവയ്ക്കാനുള്ള ഇറാെൻറ ശ്രമങ്ങളെ അദ്ദേഹം പാടെ തള്ളിക്കളഞ്ഞു.
ഈ അവകാശവാദങ്ങൾ തികച്ചും വ്യാജമാണെന്നും വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കാനും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കാനുമാണ് ജി.സി.സി രാജ്യങ്ങൾ എപ്പോഴും മുൻഗണന നൽകുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. യു.എൻ ചാർട്ടറിലെ 51ാം അനുച്ഛേദവും അന്താരാഷ്ട്ര നിയമങ്ങളും അനുശാസിക്കുന്ന പ്രകാരം, തങ്ങളുടെ സുരക്ഷയും സമ്പത്തും സംരക്ഷിക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജിസിസി രാജ്യങ്ങൾക്ക് പൂർണ അവകാശമുണ്ടെന്ന് ജനറൽ സെക്രട്ടറി വ്യക്തമാക്കി. ഏത് തരത്തിലുള്ള ആക്രമണങ്ങൾക്കും മറുപടി നൽകാൻ ഗൾഫ് രാജ്യങ്ങൾ സജ്ജമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഈ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം ഉചിതമായ നിലപാട് സ്വീകരിക്കണമെന്ന് അൽ ബുദൈവി ആവശ്യപ്പെട്ടു. 2026-ലെ ഐക്യരാഷ്ട്രസഭ സുരക്ഷ കൗൺസിലിെൻറ 2817ാം നമ്പർ പ്രമേയം അടിയന്തരമായി പാലിക്കാൻ ഇറാനെ നിർബന്ധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മേഖലയിലെ സമാധാനത്തിനും സുരക്ഷക്കും വേണ്ടി ജി.സി.സി രാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കുമെന്നും, ഏത് വെല്ലുവിളിയെയും ഒത്തൊരുമയോടെ നേരിടുമെന്നും പ്രസ്താവനയുടെ അവസാനം അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.