റിയാദ് സീസൺ: 'ഹൊറർ വസ്ത്രം' ധരിച്ചെത്തിയാൽ ബോളീവാർഡിലേക്ക് സൗജന്യ പ്രവേശനം

റിയാദ്: റിയാദ് സീസൺ ആഘോഷങ്ങളുടെ മുഖ്യ വേദിയായ ബോളീവാർഡ് വിനോദ സാംസ്കാരിക നഗത്തിലേക്ക് ഈ മാസം 27, 28 (വ്യാഴം, വെള്ളി) ദിവസങ്ങളിൽ 'ഹൊറർ വസ്ത്രം' ധരിച്ചെത്തുന്നവർക്ക് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (ജി.ഇ.എ) അറിയിച്ചു. ബോളീവാർഡ് ഈ വാരാന്ത്യം 'ഹൊറർ വീക്കൻഡ്' ആയി ആഘോഷിക്കുന്നതിന്റെ ഭാഗമാണ് പുതിയ ഓഫർ. 'ക്രിയാത്മകവും ഭയപ്പെടുത്തുന്നതുമായ വസ്ത്രം ധരിച്ചെടത്തൂ, നിങ്ങൾക്കുള്ള ടിക്കറ്റ് ഞങ്ങളുടെ വകയാണെന്ന്' റിയാദ് സീസൺ സംഘാടകർ ട്വീറ്റ് ചെയ്തു.

മുൻ സീസണുകളിലും ഇത്തരം വ്യത്യസ്തമായ ആശയങ്ങൾ വഴിയുള്ള പ്രമോഷനുകൾ റിയാദ് സീസൺ ബൊളീവാർഡിൽ നൽകിയിരുന്നു. സൗദി ദേശീയ ദിനത്തിലും സ്ഥാപക ദിനത്തിലും പരമ്പരാഗത വസ്ത്രം ധരിച്ചെത്തുന്നവർക്ക് പ്രവേശനം സൗജന്യമാക്കി ശ്രദ്ധനേടിയതിന് ശേഷമാണ് പുതിയ പരീക്ഷണം.

'സങ്കല്പങ്ങൾക്കപ്പുറം' എന്ന തലവാചകത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ആരംഭിച്ച റിയാദ് സീസണിലേക്ക് ആസ്വാദകരുടെ ഒഴുക്ക് തുടരുകയാണ്. ഉത്ഘാടന ശേഷമുള്ള ആദ്യത്തെ വാരാന്ത്യമെന്ന പ്രത്യേകതകൂടിയുണ്ട് ഈ ആഴ്ചക്ക്. കഴിഞ്ഞ റിയാദ് സീസൺ അവസാനിച്ചത് ഈ വർഷം മാർച്ച് അവസാനത്തോടെയാണ്. അതിനുശേഷം എഴ് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് സീസൺ മൂന്നാം ഭാഗം പ്രഖ്യാപിക്കുന്നത്.

വരും ദിവസങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന പ്രിയ കലാകാരന്മാരുടെ പ്രകടനം ആസ്വദിക്കാൻ ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഈ മാസം 28-ന് വെള്ളിയാഴ്ച കിങ് ഫഹദ് അന്തരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന സൗദി ഗെയിംസ് ഉത്ഘാടന ചടങ്ങിൽ സൗദി പുതുതലമുറയിൽ ഏറെ ആരാധകരുള്ള വിഖ്യാത ഫ്രഞ്ച് ഡി.ജെയും സംഗീത സംവിധായകനും ഗാന രചയിതാവുമായ ഡേവിഡ് ഗട്ട പ​ങ്കെടുക്കുന്നുണ്ട്.

വാർത്ത പുറത്തുവിട്ടതോടെ താരത്തെ കാണാനും കേൾക്കാനും ആരാധകർ ടിക്കറ്റ് സ്വന്തമാക്കാൻ തിരക്ക് കൂട്ടി. റിയാദ് സീസണിന്റെ 15 വേദികളിൽ ഇനിയും പലതും തുറക്കാനുണ്ട്. വരും ദിവസങ്ങളിൽ തുറക്കുന്ന പുതിയ വേദികളിലെ കൗതുകങ്ങൾക്ക് കാത്തിരിക്കുകയാണ് ആസ്വാദകർ.

Tags:    
News Summary - Free entry to the boulevard if dressed in 'horror attire'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.