റിയാദ്: സൗദി അറേബ്യയുടെ അതിർത്തി സുരക്ഷ ചട്ടങ്ങൾ ലംഘിച്ച് രാജ്യത്തേക്ക് കടന്നവർക്ക് യാത്രാസൗകര്യം ഒരുക്കിയ വിദേശിയെ തെക്കൻ പ്രവിശ്യയായ അസീറിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് മുജാഹിദീൻ പട്രോളിങ് സംഘം പിടികൂടി. എറിട്രിയൻ പൗരന്മാരായ നിയമലംഘകരെ സ്വന്തം വാഹനത്തിൽ കടത്താൻ ശ്രമിച്ച സുഡാൻ സ്വദേശിയാണ് അറസ്റ്റിലായത്.
പിടിയിലായ എല്ലാവരെയും നിലവിൽ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇവർക്കെതിരെയുള്ള പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം, നിയമലംഘകരെ ബന്ധപ്പെട്ട വകുപ്പുകൾക്കും കടത്തുകാരനെ പബ്ലിക് പ്രോസിക്യൂഷനും കൈമാറിയതായി അധികൃതർ അറിയിച്ചു.
അതിർത്തി സുരക്ഷ നിയമങ്ങൾ ലംഘിക്കുന്നവർക്ക് പ്രവേശനം സുഗമമാക്കുകയോ, അവർക്ക് താമസ-യാത്രാ സൗകര്യങ്ങൾ ഒരുക്കുകയോ ചെയ്യുന്നത് അതീവ ഗൗരവകരമായ കുറ്റകൃത്യമാണെന്ന് വകുപ്പ് വക്താവ് മുന്നറിയിപ്പ് നൽകി. ഇത്തരം കുറ്റങ്ങളിൽ ഏർപ്പെടുന്നവർക്ക് 15 വർഷം വരെ തടവുശിക്ഷയും 10 ലക്ഷം റിയാൽ വരെ പിഴയും ചുമത്തുന്നതാണ്. കൂടാതെ, കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനമോ താമസസ്ഥലമോ കണ്ടുകെട്ടുന്നതിനൊപ്പം കുറ്റവാളിയുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
താമസ-തൊഴിൽ നിയമലംഘനങ്ങളോ അതിർത്തി സുരക്ഷാ ലംഘനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, രാജ്യത്തെ മറ്റ് ഭാഗങ്ങളിലുള്ളവർ 999, 996 എന്നീ നമ്പറുകളിലുമാണ് വിവരം അറിയിക്കേണ്ടത്. വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിത്വം പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും അവർക്ക് ഇതിൽ യാതൊരുവിധ നിയമബാധ്യതയും ഉണ്ടാകില്ലെന്നും അധികൃതർ ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.