ഹജ്ജ് ഒരുക്കവുമായി ബന്ധപ്പെട്ട് റിയാദിൽ വിളിച്ചുച്ചേർത്ത വാർത്താസമ്മേളനത്തിൽ സൗദി ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രി എൻജി. സ്വാലിഹ് അൽ ജാസർസംസാരിക്കുന്നു
റിയാദ്: ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന 15 ലക്ഷത്തിലധികം ഹജ്ജ് തീർഥാടകരെ സ്വീകരിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സൗദി ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രി എൻജി. സ്വാലിഹ് അൽ ജാസർ അറിയിച്ചു. അഞ്ച് മന്ത്രിമാർ പങ്കെടുത്ത സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഹജ്ജ് സീസണിലെ ഗതാഗത, ലോജിസ്റ്റിക്സ് പദ്ധതികളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചത്.
ഇത്തവണത്തെ ഹജ്ജിെൻറ ഏറ്റവും വലിയ പ്രത്യേകതയായി അദ്ദേഹം എടുത്തുകാട്ടിയത് ‘മുസാഫിർ ബിലാ ഹഖീബ’ (ബാഗേജ് രഹിത യാത്രക്കാരൻ) എന്ന പദ്ധതിയാണ്. ചരിത്രത്തിലാദ്യമായി മുഴുവൻ വിദേശ തീർഥാടകരിലേക്കും ഈ സേവനം വ്യാപിപ്പിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഇതിലൂടെ തീർഥാടകരുടെ ലഗേജുകളും സംസം വെള്ളവും വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് നിശ്ചിത കേന്ദ്രങ്ങളിൽ എത്തിക്കാൻ സാധിക്കും.
തീർഥാടകരുടെ സുഗമമായ യാത്ര ഉറപ്പാക്കാൻ 6,000 കിലോമീറ്ററിലധികം ദൈർഘ്യമുള്ള റോഡ് ശൃംഖലയുടെ അറ്റകുറ്റപ്പണികൾ മന്ത്രാലയം പൂർത്തിയാക്കിയിട്ടുണ്ട്. കടുത്ത ചൂടിൽ നിന്ന് തീർഥാടകർക്ക് ആശ്വാസമേകാൻ റോഡ് ഉപരിതലം തണുപ്പിക്കുന്ന നൂതനമായ ‘കൂളിങ് ടെക്നോളജി’ ഇത്തവണ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചുവെന്നതും ഈ വർഷത്തെ പ്രധാന മാറ്റമാണ്. ഇതിനുപുറമെ, പുണ്യനഗരങ്ങളെ ബന്ധിപ്പിക്കുന്ന പാലങ്ങളുടെ അറ്റകുറ്റപ്പണികളും പുതിയ പാതകളുടെ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്.യാത്രകൾക്കായി 33,000ത്തി ലധികം ബസുകളും 5,000 ടാക്സികളും സജ്ജമാക്കിയിട്ടുണ്ട്. താമസസ്ഥലങ്ങളിൽ നിന്ന് മസ്ജിദുൽ ഹറാമിലേക്കുള്ള സർവീസിനായി 3,000 ബസുകളും മറ്റ് ഷട്ടിൽ സർവീസുകൾക്കായി 5,000 ബസുകളും പ്രത്യേകമായി നീക്കിവെച്ചു.
46,000ത്തിലധികം പ്രഫഷനൽ ജീവനക്കാരാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.ഏത് സാഹചര്യവും നേരിടാൻ 110 അടിയന്തര പ്രവർത്തന പദ്ധതികളും മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്.വ്യോമയാന മേഖലയിലും വൻതോതിലുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള 300ലധികം വിമാനത്താവളങ്ങളിൽ നിന്ന് 104 എയർലൈനുകൾ വഴി തീർഥാടകരെ എത്തിക്കാൻ ആറ് പ്രധാന വിമാനത്താവളങ്ങളിലായി 30 ലക്ഷത്തിലധികം സീറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തീർഥാടകർക്ക് വേഗത്തിലുള്ള സേവനം ഇവിടെ ഉറപ്പാക്കും. പുണ്യസ്ഥലങ്ങളിലെ തിരക്ക് കുറക്കാൻ മാഷാഇർ മെട്രോ ട്രെയിൻ സേവനം നിർണായക പങ്കുവഹിക്കും. മിന, മുസ്ദലിഫ, അറഫാത്ത് എന്നിവയെ ബന്ധിപ്പിക്കുന്ന ഒമ്പത് സ്റ്റേഷനുകളിലൂടെ ഹജ്ജ് നാളുകളിൽ 2,000ത്തിലധികം സർവീസുകൾ മെട്രോ നടത്തും.മണിക്കൂറിൽ 72,000 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഈ ട്രെയിൻ ശൃംഖല തീർഥാടകർക്ക് സുരക്ഷിതവും സുഖകരവുമായ യാത്രാനുഭവം നൽകാൻ സജ്ജമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.