റിയാദ് വിമാനത്താവള പ്രതിസന്ധി; ബുദ്ധിമുട്ടിയ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ഫ്‌ളൈ അദീൽ

റിയാദ്: കഴിഞ്ഞ ദിവസം റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരക്ക് മൂലമുണ്ടായ യാത്രാ പ്രതിസന്ധിയിൽ ബുദ്ധിമുട്ടിയ യാത്രക്കാരോട് തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങളാലാണെങ്കിലും ക്ഷമാപണം നടത്തുന്നതായി ഫ്‌ളൈ അദീൽ വിമാന കമ്പനി അറിയിച്ചു. പ്രതിസന്ധി കാരണം ആറു മണിക്കൂർ വരെ വിമാനം വൈകിയവർക്ക് മറ്റു ബദല്‍ സംവിധാനം ഒരുക്കിയിട്ടുണ്ടായിരുന്നു.

ഏഴ് മണിക്കൂറിലധികം സമയം വിമാനം വൈകിയ യാത്രക്കാരെ അവരുടെ പുതുക്കിയ വിമാന ഷെഡ്യൂൾ ആവുന്നത് വരെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ പ്രതിസന്ധിമൂലം വിമാന സർവിസ് റദ്ദാക്കിയ കാരണത്താൽ യാത്ര മുടങ്ങിയവർക്ക് അവരുടെ വിമാനടിക്കറ്റിന്റെ തുക മുഴുവനായും മടക്കി നൽകുമെന്നും അതോടൊപ്പം വിമാനടിക്കറ്റിന് തുല്യമായ തുക നഷ്ടപരിഹാരമായി നൽകുമെന്നും ഫ്‌ളൈ അദീൽ കമ്പനി അറിയിച്ചു.

വേനൽക്കാല സീസണും പെരുന്നാൾ അവധിയും കാരണം വിമാനത്താവളത്തിൽ തിരക്ക് വർധിച്ചതാണ് കഴിഞ്ഞ ദിവസങ്ങളിലെ പ്രതിസന്ധിക്ക് കാരണം. കൂടുതൽ കൗണ്ടറുകൾ പ്രവർത്തിപ്പിച്ചാണ് പ്രതിസന്ധി പരിഹരിച്ചത്.

Tags:    
News Summary - Fly Adeel will compensate the inconvenienced passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.