എ.പി. കുട്ടികൃഷ്ണൻ, എം. ദിവാകരൻ, ഡോ. സി. രാമകൃഷ്ണൻ
ദമ്മാം: നവോദയ കലാ സാംസ്കാരിക വേദിയുടെ പ്രഥമ കോടിയേരി ബാലകൃഷ്ണൻ പുരസ്കാരം പ്രഖ്യാപിച്ചു. കണ്ണൂർ സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ ഡോ. എ.പി. കുട്ടികൃഷ്ണനാണ് പുരസ്കാരം. വിദ്യാഭ്യാസ മേഖലക്ക് നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ലക്ഷം രൂപയും വെങ്കല ശിൽപവുമടങ്ങിയതാണ് പുരസ്കാരമെന്ന് പുരസ്കാര ജൂറി ചെയർമാൻ ഡോ. ടി.എം. തോമസ് ഐസക് വാർത്തസമ്മേളനത്തിൽ അറിയിച്ചു. നവീന ആശയങ്ങളുമായി വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായി ഇടപെടുന്ന എം. ദിവാകരൻ, ഡോ. സി. രാമകൃഷ്ണൻ എന്നിവർ പ്രത്യേക പരാമർശത്തിനും അർഹരായി.
ലഭിച്ച 35 നാമനിർദേശങ്ങളിൽനിന്ന് മുൻ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, ഡോ. പി.ജെ. വിൻസന്റ്, ഡോ. തോമസ് ഐസക് എന്നിവരുൾപ്പെടുന്ന സമിതിയാണ് അവാർഡ് നിർണയിച്ചത്. നാലു പതിറ്റാണ്ടായി വിദ്യാഭ്യാസ മേഖലയെ സേവിക്കുന്ന ഡോ. എ.പി. കുട്ടികൃഷ്ണൻ സർവശിക്ഷ അഭിയാൻ മുൻ ഡയറക്ടറാണ്. എ.കെ.പി.സി.ടി.എ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, കണ്ണൂർ സർവകലാശാല അക്കാദമിക് കൗൺസിൽ അംഗം, സിൻഡിക്കേറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
കാസർകോട് ആയമ്പാറ ഗവ. യു.പി സ്കൂളിലെ പ്രധാനാധ്യാപകനും മാടായി കുളപ്രം വായനശാല പ്രവർത്തകനുമാണ് എം. ദിവാകരൻ. ആദിവാസി ഗ്രാമമായ ആയമ്പാറയിൽ 10 വായനശാല ആരംഭിച്ചതും സമ്പൂർണ ഐ.ടി ഗ്രാമമാക്കിയതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ഒരു വർഷംകൊണ്ട് 40ലേറെ വിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട് കാസർകോട് പിലിക്കോട് സ്വദേശിയായ ഡോ. സി. രാമകൃഷ്ണൻ. കാസർകോട്, കണ്ണൂർ ജില്ലകളിൽ അധ്യാപകനായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി, ശാസ്ത്രകേരളം മാസിക എഡിറ്റർ, ദേശീയതലത്തിലുള്ള ലേണിങ് അസസ്മെന്റ് എക്സ്പേർട്ട് കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഈ മാസം ആറിന് കണ്ണൂർ മസ്കോട്ട് പാരഡൈസ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ പുരസ്കാരം സമ്മാനിക്കും. പരിഗണനക്കെത്തിയ 20 പേരുടെ വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനാനുഭവം പുസ്തകമാക്കുമെന്നും ഡോ. തോമസ് ഐസക് പറഞ്ഞു. സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ, തലശ്ശേരി ഏരിയ സെക്രട്ടറി സി.കെ. രമേശൻ, ഇ. പ്രഭാകരൻ, ബഷീർ വാരോട്, പവനൻ മൂലക്കീൽ, രഞ്ജിത്ത് വടകര എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.