റമദാനിലെ ആദ്യ ജുമുഅയിൽ പങ്കുകൊള്ളാൻ മക്ക ഹറമിലെത്തിയ വിശ്വാസി ലക്ഷങ്ങൾ,
മക്ക: റമദാനിലെ ആദ്യ വെള്ളിയാഴ്ച കൂടുതൽ ഭക്തിസാന്ദ്രമായി ഇരു ഹറമുകളും. ജുമുഅ നമസ്കാരത്തിന് മക്ക മസ്ജിദുൽ ഹറാമിലും മദീന മസ്ജിദുന്നബവിയിലും ലക്ഷക്കണക്കിന് വിശ്വാസികളെത്തി. രാവിലെ മുതലേ ഹറമുകളിലേക്ക് വിശ്വാസികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. ഇരു പള്ളികളിലേക്കുമുള്ള എല്ലാ റോഡുകളും കവിഞ്ഞൊഴുകി. ആഭ്യന്തര, വിദേശ ഉംറ തീർഥാടകരും സ്വദേശികളും താമസക്കാരും ഒരുമിച്ചതോടെ ജുമുഅ നമസ്കാരവേളയിൽ മസ്ജിദുൽ ഹറാമും പരിസരവും തിങ്ങിനിറഞ്ഞു.
ആദ്യ വെള്ളിയാഴ്ചയിലെ തിരക്ക് മുൻകൂട്ടി കണ്ട് ഇരുഹറം പരിപാലന അതോറിറ്റിയും ബന്ധപ്പെട്ട വകുപ്പുകളും ആവശ്യമായ തയാറെടുപ്പുകൾ നേരത്തേ പൂർത്തിയാക്കിയിരുന്നു. നമസ്കാരത്തിനായി കൂടുതൽ സ്ഥലങ്ങൾ ഒരുക്കി. ഒരോ വകുപ്പുകളും കൂടുതലാളുകളെ സേവനത്തിനായി നിയോഗിച്ചു. ഹറമിനടുത്ത് തിരക്ക് കുറക്കാനും ആളുകളുടെ സഞ്ചാരം വ്യവസ്ഥാപിതമാക്കാനും പൊതുസുരക്ഷ, ട്രാഫിക് വിഭാഗങ്ങൾ രംഗത്തുണ്ടായിരുന്നു. പഴുതടച്ച സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയത്.
മദീന മസ്ജിദുന്നബവിയിൽനിന്നുള്ള കാഴ്ച
വഴികളിൽ ആളുകളുടെ ഇരുത്തവും കിടത്തവും പൂർണമായും കർശനമായി തടഞ്ഞു. കൂടുതൽ പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കി വാഹനങ്ങൾ അതിലേക്ക് തിരിച്ചുവിട്ടു. ഹറമിലേക്കും തിരിച്ചുമുള്ള ബസ് സർവിസുകളുടെ എണ്ണം കൂട്ടി. മസ്ജിദുൽ ഹറാമിൽ ജുമുഅ നമസ്കാരത്തിന് ശൈഖ് അബ്ദുല്ല അൽ ജുഹനി നേതൃത്വം നൽകി.
പുണ്യങ്ങളുടെ മാസമായ റമദാനെ പ്രയോജനപ്പെടുത്താൻ ഇമാം ജുമുഅ പ്രസംഗത്തിൽ വിശ്വാസികളെ ആഹ്വാനം ചെയ്തു. അനുഗ്രഹങ്ങളുടെ മാസത്തിന് ഗൗരവത്തോടെയും ഉത്സാഹത്തോടെയും ദൈവത്തിന് നന്ദിപറയുക. പുണ്യങ്ങളുടെ കാലത്തിന്റെ ഗുണഭോക്താക്കളാകുക. അനുഗ്രഹങ്ങളെ പ്രയോജനപ്പെടുത്തുക. സന്തുഷ്ടനായ വ്യക്തി തന്റെ കാര്യങ്ങൾ മുടക്കം വരുത്താതെ ചെയ്യും, ജാഗ്രത പാലിക്കും, അവസരം പ്രയോജനപ്പെടുത്തും.
എല്ലാവരും സന്തുഷ്ടനായ വ്യക്തികളാവുക. ഖുർആൻ പതിവായി പാരായണം ചെയ്യുകയും അഗതികൾക്കും അനാഥർക്കും ദാനം നൽകുകയും ചെയ്യുക. അതിക്രമങ്ങളിൽനിന്നും പാപങ്ങളിൽനിന്നും അകന്നു കഴിയുക. ഈ ജീവിതത്തിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് അത് പ്രയോജനപ്പെടുത്തുക. ദൈവിക അനുസരണത്തിലും പുണ്യങ്ങളിലും തിടുക്കം കൂട്ടുക. കാരണം നിങ്ങൾ ഏറ്റവും മഹത്തായ മാസത്തിലാണ്. ദൈവം തന്റെ ദാസന്മാർക്ക് നൽകിയ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണത്.
കാരുണ്യവും അനുഗ്രഹവും നിറഞ്ഞ മാസമാണ്. നോമ്പെടുക്കുന്നവർ സന്തോഷിക്കുന്ന മാസമാണ്. ജോലി ചെയ്യുന്നവർക്ക് ദൈവത്തിൽനിന്ന് ലാഭം നേടാനാകുമെന്നും ഇമാം പറഞ്ഞു. മസ്ജിദുന്നബവിയിൽ ജുമുഅ പ്രസംഗത്തിനും നമസ്കാരത്തിനും ഡോ. അഹ്മദ് അൽ ഹുദൈഫി നേതൃത്വം നൽകി. റമദാൻ മാസത്തെ പ്രാപിക്കാനാകുന്നത് വ്യക്തമായ അനുഗ്രഹമാണെന്നും അതിന് ദൈവത്തോട് നന്ദി പറയേണ്ടതുണ്ടെന്നും ഇമാം പറഞ്ഞു. പുണ്യവും ശ്രേഷ്ഠവുമായ സമയത്തിന് സാക്ഷികളാവുകയാണ്. റമദാനിൽ ദാസൻ അവന്റെ സ്രഷ്ടാവിലേക്ക് കൂടുതൽ അടുക്കുന്നു.
സ്രഷ്ടാവിനോടുള്ള അനുസരണത്തിന്റെ മേഖലകളിലേക്ക് പുറപ്പെടുന്നു. ആഗ്രഹങ്ങളെ നിയന്ത്രിക്കുന്നു. അങ്ങനെ റമദാനിലെ മണിക്കൂറുകൾ തിരിച്ചറിഞ്ഞ് നിമിഷംപ്രതി പ്രയോജനപ്പെടുത്താൻ തയാറാവുക.
ഈ സമയങ്ങൾ ദൈവത്തെ അനുസരിക്കുന്നതിനും തൃപ്തിപ്പെടുത്തുന്നതിനും ഉപയോഗപ്പെടുത്തുന്നവനാരോ അവൻ വിജയിച്ചവനാണെന്നും ഇമാം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.