അൽഖോബാർ: സൗദി റെഡ് ക്രസന്റ് അതോറിറ്റി 2025-2026 അധ്യയന വർഷത്തിൽ സെക്കൻഡറി തലത്തിൽ 'പ്രഥമ ശുശ്രൂഷ' പഠനവിഷയമായി ഉൾപ്പെടുത്താൻ ഒരുങ്ങുന്നു. അടിയന്തര സാഹചര്യങ്ങളിൽ പ്രതികരിക്കാൻ വിദ്യാർഥികൾക്ക് ആവശ്യമായ പ്രായോഗിക കഴിവുകൾ കൈവരിക്കാൻ സഹായിക്കുക, മനുഷ്യജീവൻ രക്ഷിക്കാൻ പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക എന്നിവയാണ് പാഠ്യപദ്ധതിയുടെ ലക്ഷ്യമെന്ന് അതോറിറ്റി വ്യക്തമാക്കി.
ഈ പദ്ധതിക്ക് സൗദി വിദ്യാഭ്യാസ മന്ത്രാലയവും നാഷനൽ കരിക്കുലം സെന്ററും പങ്കാളികളാണ്. ദേശീയ ആരോഗ്യ ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസവും അടിയന്തരാവസ്ഥകളിൽ തയാറെടുപ്പും പാഠ്യപദ്ധതിയിൽ സംയോജിപ്പിച്ച്, ദീർഘകാല സമൂഹ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. പ്രഥമ ശുശ്രൂഷയുടെ ഉൾപ്പെടുത്തൽ യുവതലമുറയിൽ ആരോഗ്യബോധം വളർത്താനുള്ള സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടെ ദൗത്യത്തിന്റെ ഭാഗമാണ്.
സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങളുമായി ഒത്തുചേരുന്ന രീതിയിൽ, അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ പ്രതികരിക്കാൻ കഴിവുള്ള, ജീവൻ രക്ഷിക്കാൻ തയാറായ സാമൂഹിക ഉത്തരവാദിത്വം നിറഞ്ഞ ഒരു തലമുറയെ ഒരുക്കുകയാണ് ലക്ഷ്യം.രക്തസ്രാവം, പൊട്ടലുകൾ, പൊള്ളലുകൾ, താപാഘാതം, ബോധക്ഷയം തുടങ്ങിയ പരിക്കുകൾ കൈകാര്യം ചെയ്യാനുള്ള പ്രായോഗിക പരിശീലനം, കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള അടിയന്തര പ്രഥമ ശുശ്രൂഷ, ഹൃദയ, ശ്വാസകോശ പുനരുദ്ധാരണം (സി.പി.ആർ), ആരോഗ്യ മേഖലയിലേക്കുള്ള പ്രഫഷനൽ ദിശാബോധം തുടങ്ങിയവയാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്ന വിഷയങ്ങൾ. ആഗോള നിലവാരങ്ങൾക്കനുസൃതമായി നവീനവും ഇന്ററാക്ടീവ് രീതിയിലുമാണ് പാഠ്യപദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്.
വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയതും വിദ്യാർഥികൾക്ക് അവരുടെ ദൈനംദിന ജീവിതത്തിൽ പ്രഥമ ശുശ്രൂഷ കഴിവുകൾ പ്രായോഗികമായി ഉപയോഗിക്കാൻ സഹായിക്കുന്നതുമാണ് പാഠ്യപദ്ധതി. ആരോഗ്യ പാഠ്യപദ്ധതികൾ വികസിപ്പിക്കുന്നതിൽ വിദ്യാഭ്യാസ മന്ത്രാലയത്തോടും ദേശീയ വിദഗ്ധ കേന്ദ്രങ്ങളോടും സഹകരണം തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി. ഇത് യുവാക്കളുടെ തയാറെടുപ്പും സൗദി അറേബ്യയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലേക്കുള്ള പുരോഗതിയെയും പിന്തുണക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.