ജീ​സാ​നി​ലെ ഫൈ​ഫ കു​ന്നു​ക​ളി​ലെ വി​വി​ധ ദൃ​ശ്യ​ങ്ങ​ൾ    -ഫോ​ട്ടോ: മീ​നു തോ​മ​സ്, ജീ​സാ​ൻ

വശ്യമനോഹരം ജീസാനിലെ ഫൈഫ കുന്നുകൾ

ജീസാൻ: ചെങ്കടലോര നഗരമായ ജീസാനിലെ ഫൈഫ കുന്നുകൾ സന്ദർശകരെ ആവോളം ആകർഷിക്കുന്ന ഇടമാണ്. ജീസാൻ ടൗണിൽനിന്ന് ഏകദേശം 100 കിലോമീറ്റർ അകലെ യമൻ അതിർത്തിയോടുചേർന്ന പ്രദേശത്താണ് സമുദ്രനിരപ്പിൽനിന്ന് 2000 അടി ഉയരത്തിലുള്ള ഫൈഫ പർവതനിരകൾ സ്ഥിതി ചെയ്യുന്നത്. ദർബ് റോഡിലൂടെ യാത്രചെയ്ത് സബിയ ജങ്ഷനിൽനിന്ന് വലത്തോട്ടുകയറി നേരെ സഞ്ചരിച്ചാൽ ഫൈഫയിലെത്താം. മലമുകളിലെ ഉച്ചിയിൽനിന്ന് നോക്കിയാൽ അങ്ങകലെ യമനിലെ മലനിരകളുടെ ദൂരക്കാഴ്ചകൾ കാണാം.

മഞ്ഞുപുതച്ചുകിടക്കുന്ന കുന്നുകളും പച്ചപുതച്ചുകിടക്കുന്ന മലകളും കാർഷിക വിളകളും എമ്പാടുമുള്ള പ്രദേശം. മഴ ധാരാളം ലഭിക്കുന്ന സൗദിയിലെ ഒരു മേഖല കൂടിയാണിത്. ഇങ്ങോട്ടുള്ള യാത്രതന്നെ സാഹസിക അനുഭവം പകർന്നുതരും. സൗദിയുടെ അതിർത്തി പ്രദേശമായതിനാൽ മൂന്നോ നാലോ ഇടങ്ങളിൽ പൊലീസ് ചെക്ക് പോയന്റുകൾ കടന്നുവേണം ഇങ്ങോട്ടെത്താൻ.

ഫൈഫയിലേക്കുള്ള യാത്രക്കിടയിൽ റോഡിനിരുവശവുമായി പരന്നുകിടക്കുന്ന മരുഭൂമിയിൽ കുറ്റിച്ചെടികൾക്കരികിലായി മേഞ്ഞുനടക്കുന്ന ഒട്ടകക്കൂട്ടങ്ങൾ, മറ്റു ചിലയിടങ്ങളിൽ മേഞ്ഞുനടക്കുന്ന വൈവിധ്യമാർന്ന ആട്ടിൻപറ്റങ്ങൾ, ആട്ടിടയന്മാർ, അവരുടെ ടെന്റുകൾ, കഹ്‌വയും മറ്റും പാകം ചെയ്യുന്ന നെരിപ്പൊടികൾ..... അങ്ങനെ പലതും കാഴ്ചയിൽ കൗതുകംതീർക്കും. ഇടുങ്ങിയ ഹെയർപിൻ വളവുകളുള്ള ചുരത്തിലൂടെയുള്ള യാത്രതന്നെ ഏറെ അനുഭൂതിദായകമാണ്. മലയടിവാരങ്ങളിൽ തട്ടുകളായി തീർത്ത ഭൂപ്രദേശങ്ങളിലെ ഹരിതാഭമായ കാർഷിക വിളകൾ ഹൃദ്യമായ കാഴ്ചയാണൊരുക്കുന്നത്.

യുനെസ്‌കോയുടെ ഭൗമസൂചിക പൈതൃക ഇനത്തിൽപെട്ട അതിപ്രാചീനമായ കൗലാനി കാപ്പി ധാരാളമായി കൃഷി ചെയ്യുന്നത് ഈ പ്രദേശത്താണ്. 2022 കഹ് വ വർഷമായി ആചരിക്കാനും രാജ്യത്തിന്റെ സ്വന്തം കാപ്പിയായ 'കൗലാനി' ആധികാരിക ഉൽപന്നമായി പ്രചാരണം ശക്തമാക്കാനും സൗദി ഭരണകൂടം പരിപാടികൾ ആസൂത്രണം ചെയ്യുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ ഏറെ സന്തോഷത്തിലാണ്. ഫൈഫ മലയോര പ്രദേശങ്ങളിൽ ആയിരത്തോളം കർഷകർ ജീസാനിലെ 'ഹരിതസ്വർണം' എന്ന് വിശേഷിപ്പിക്കുന്ന കൗലാനി കാപ്പി കൃഷിചെയ്യുന്നുണ്ട്. 77,000ത്തിലേറെ കാപ്പിച്ചെടികളിൽനിന്നായി ഒരുവർഷം ശരാശരി 2,27,800 കിലോ കൗലാനി ഇവിടെനിന്ന് ഉൽപാദിപ്പിക്കുന്നുവെന്നാണ് ചില കണക്കുകൾ വ്യക്തമാക്കുന്നത്.

കാപ്പികൃഷി കൂടാതെ കൊക്കോയും മാതളവും പേരക്കയും ലഹരി ചെടിയായി അറിയപ്പെടുന്ന ഖാത്തും അടക്കം മറ്റനേകം ഫലങ്ങളും പച്ചക്കറികളും കൃഷിചെയ്യുന്നുണ്ടിവിടെ. പ്രകൃതിദത്ത കാട്ടുതേനും ഈ മലമ്പ്രദേശത്തുനിന്ന് സുലഭമായി ലഭിക്കുന്നു. ഫൈഫ നിവാസികൾക്ക് മാത്രം മനസ്സിലാകുന്ന സ്വന്തമായ പ്രാദേശിക സംസാര ഭാഷയിലാണ് ഇവിടത്തെ ആശയവിനിമയം എന്നത് ഏറെ വിസ്മയമാണ്.

ഇവരുടെ പരമ്പരാഗത വേഷമായ വിസ്റയും ഖമീസും പൂവുകൊണ്ടുണ്ടാക്കിയ തലപ്പാവും അരയിൽ വളഞ്ഞ കത്തിയുമൊക്കെയടങ്ങുന്ന വസ്ത്രം അണിഞ്ഞൊരുങ്ങി നടക്കുന്നവരെ പ്രദേശത്ത് കാണാം.

കൗലാനി കാപ്പി വ്യാപാരത്തിനായി ഈ പൈതൃക വേഷം ഇന്നും സ്വദേശികൾ പിന്തുടരുന്നതുകാണാം. മേഘങ്ങൾവന്ന് മുത്തമിടുന്ന പ്രതീതിയുളവാക്കുന്ന മലമുകളിൽ, പലപ്പോഴും പരന്നുകിടക്കുന്ന കോടമഞ്ഞും അപൂർവ ദൃശ്യമായി സന്ദർശകരെ ഹഠാദാകർഷിക്കുന്നു. മനം മയക്കുന്ന കാഴ്ചയുടെ മറ്റൊരു ലോകമാണ് ഫൈഫ സഞ്ചാരികൾക്ക് തുറന്നുതരുന്നത്.

കുളിർമയുടെ വേറിട്ട കാലാവസ്ഥയും വശ്യമായ ഭൂപ്രകൃതിയും ഒത്തിണങ്ങിയ പ്രദേശം സൗദിയിലെ ഒരു സുഖവാസ കേന്ദ്രം കൂടിയാണ്. സന്ദർശകരെ കാത്ത് ധാരാളം റിസോർട്ടുകൾ ഇവിടെയുണ്ട്.

സ്‌കൂളുകളും ഹോട്ടലുകളും ഷോപ്പുകളും ആശുപത്രികളുമടക്കമുള്ള സൗകര്യങ്ങൾ ഫൈഫ പ്രദേശത്ത് അധികൃതർ ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - Fifa Hills in the beautiful Jeezan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-22 02:15 GMT