പ്രവാസം മതിയാക്കി മടങ്ങുന്ന കരുണാകരന് നവോദയ യാംബു ഏരിയ കമ്മിറ്റി ഫലകം ഗോപി മന്ത്രവാദി കൈമാറുന്നു
യാംബു: രണ്ടര പതിറ്റാണ്ട് കാലത്തെ യാംബു പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കാസർകോട് കയ്യൂർ സ്വദേശി കരുണാകരന് ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി. യാംബുവിലെ നവോദയ സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളും ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി അംഗവും യാംബു ഏരിയ പ്രസിഡന്റുമായിരുന്നു കരുണാകരൻ. യാത്രയയപ്പ് പരിപാടിയിൽ ഏരിയ ആക്ടിങ് പ്രസിഡന്റ് വിനയൻ അധ്യക്ഷത വഹിച്ചു. ജിദ്ദ നവോദയ വൈസ് പ്രസിഡന്റ് ഗോപി മന്ത്രവാദി, ഫലകവും യാംബു ഏരിയ സെക്രട്ടറി അജോ ജോർജ് ഉപഹാരവും കരുണാകരന് കൈമാറി. കഴിഞ്ഞ ഒന്നര പതിറ്റാണ്ടു കാലം യാംബുവിൽ നവോദയയെ മുന്നിൽ നിന്നു നയിക്കാൻ കരുണാകാരൻ ചെയ്ത സേവനങ്ങൾ ഏറെ വിലമതിക്കുന്നതാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഏരിയ കമ്മിറ്റിയംഗങ്ങളും വിവിധ യൂനിറ്റ് ഭാരവാഹികളും ആശംസകൾ നേർന്ന് സംസാരിച്ചു. യാംബു പ്രവാസ ജീവിതത്തിൽ ഏറെ സൗഹൃദ ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും നവോദയയോടൊപ്പം പ്രവർത്തിച്ച് സാമൂഹിക സേവന പ്രവർത്തനങ്ങളിൽ ഭാഗവാക്കാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്നും മറുപടി പ്രസംഗത്തിൽ കരുണാകരൻ പറഞ്ഞു. ഏരിയ ട്രഷറർ സിബിൾ ഡേവിഡ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.