ജിസാൻ: സൗദി അറേബ്യയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതി വിഭവങ്ങളും ജൈവ വൈവിധ്യത്തിന്റെ കലവറയും കുടികൊള്ളുന്ന ഒരു കേന്ദ്രമാണ് ഫറസാൻ ദ്വീപ്. ജിസാൻ തീരത്തുനിന്ന് ഏകദേശം 50 കിലോമീറ്റർ അകലെ തെക്കൻ ചെങ്കടലിൽ സ്ഥിതി ചെയ്യുന്ന ഈ മേഖലയിൽ 1,050 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന 84ലധികം പവിഴ ദ്വീപുകൾ ഉൾപ്പെടുന്നു.
വ്യത്യസ്ത വലിപ്പത്തിലുള്ള ഏകദേശം 200 ദ്വീപുകൾ ഉൾക്കൊള്ളുന്നതാണിത്. ഇത് രാജ്യത്തിന്റെ മൊത്തം 1,285 ദ്വീപുകളുടെ 15.6 ശതമാനത്തെ പ്രതിനിധീകരിക്കുന്നു. കൂടാതെ, 600 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയും പ്രദേശത്തിനുണ്ട്. വെളുത്ത മണൽ നിറഞ്ഞ ബീച്ചുകൾ, തെളിഞ്ഞ ജലം, സമ്പന്നമായ സമുദ്ര, വന്യജീവി ആവാസവ്യവസ്ഥകൾ എന്നിവക്ക് രാജ്യത്ത് പേരുകേട്ട ഇടമാണിത്. 180ലധികം ഇനം സസ്യങ്ങളും 200ലധികം ഇനം പക്ഷികളും പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. അതുല്യമായ ജൈവവൈവിധ്യത്തെ പ്രതീകമായ കണ്ടൽക്കാടുകളുടെ അപൂർവ ശേഖരവും ഇവിടെയുണ്ട്.
വർഷം തോറും 150,000 സന്ദർശകർ ദ്വീപിൽ സന്ദർശനം നടത്തുന്നുണ്ട്. ലോകമെമ്പാടുമുള്ള ഡൈവിങ് കമ്പക്കാരും മത്സ്യബന്ധന പ്രേമികളും പ്രകൃതി നിരീക്ഷകരും പ്രത്യേകമായി ഇവിടെ സന്ദർശനം നടത്താറുണ്ട്. ഫറസാനിൽ നിരവധി പുരാവസ്തു കേന്ദ്രങ്ങളുമുണ്ട്. അവയിൽ വാദി മതറും പൗരാണിക കാലഘട്ടത്തിലെ ശേഷിപ്പുകൾ സംരക്ഷിക്കുന്ന ‘അൽ ഖിസ്ർ’ എന്ന പുരാവസ്തു ഗ്രാമവും ഏറെ ശ്രദ്ധേയമാണ്. പഴയ രാജ്യങ്ങളുടെ നാഗരികതകൾ കൊണ്ട് സമ്പന്നമായ ഈ ഗ്രാമത്തിൽ ചരിത്രാവശിഷ്ടങ്ങളും പുരാതന വീടുകളുടെ ശേഷിപ്പുകളും കാണാം. പൗരാണിക വാണിജ്യകേന്ദ്രങ്ങളും പള്ളിയും ശുദ്ധവെള്ളത്തിനായി പണിത കിണറുകളും ഇപ്പോഴും ഇവിടുണ്ട്
ഫറസാൻ ദ്വീപിന്റെ വിവിധ കാഴ്ചകൾ
‘ബൈത്ത് രിഫാഈ’ സൗധം, ഉസ്മാനിയ കോട്ട, മസ്ജിദ് നജ്ദി, ജർമൻ സൗധം തുടങ്ങിയ പൗരാണിക സ്മാരകങ്ങൾ ഇവിടുണ്ട്. അതീവ പുരാവസ്തു പ്രാധാന്യമുള്ള ശേഷിപ്പുകളുടെ വേറിട്ട ദൃശ്യങ്ങൾ ദ്വീപ് സന്ദർശകർക്ക് ഏറെ ഹൃദ്യത പകരുന്നു. അഭിവൃദ്ധിയുടെ ചാരുതയുള്ള ദ്വീപ് നിരവധി ചരിത്ര നിർമിതികളുടെയും പഴമയുടെയും തനത് രൂപങ്ങൾ നിലനിർത്തുന്ന കേന്ദ്രം കൂടിയാണ്. ദ്വീപിലേക്കുള്ള കപ്പൽ യാത്ര തികച്ചും സൗജന്യമാണ്. രണ്ട് കപ്പലുകൾ അതിനായി സൗദി അധികൃതർ സംവിധാനിച്ചിട്ടുണ്ട്. എല്ലാദിവസവും രാവിലെ 7.30നും ഉച്ചക്ക് ശേഷം 3.30-നും ജീസാൻ തുറമുഖത്ത് നിന്ന് ഭീമൻ ജലയാനം പുറപ്പെടുന്നു. ഏകദേശം ഒരു മണിക്കൂർ സമയം കൊണ്ട് ദ്വീപിലെത്താവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.