ഫ്രഞ്ച് ഫാൽക്കൺ ഫാം ഉടമ സാന്ദ്ര ബോഹെം റിയാദിൽ നടക്കുന്ന ഫാൽക്കൺ ഫെസ്റ്റിവലിൽ
ജുബൈൽ: റിയാദിൽ നടക്കുന്ന ഫാൽക്കൺ മേള വേറിട്ടതും അനുപമവുമായ അനുഭവം സമ്മാനിച്ചുവെന്ന് ഫ്രഞ്ച് ഫാൽക്കൺ ഫാം ഉടമ സാന്ദ്ര ബോഹെം. ഈ പൈതൃക മഹോത്സവം വിദേശികളും സ്വദേശികളുമായ പ്രാപ്പിടിയൻ പക്ഷികളെ മനസ്സിലാക്കുന്നതിനും അവയുടെ ഉടമകളുമായി സംവദിക്കുന്നതിനും അവസരം നൽകിയതായി അവർ പറഞ്ഞു. അറേബ്യൻ ജനതയുടെ ഏറ്റവും പ്രിയപ്പെട്ട പക്ഷിയുടെ അപൂർവ ഇനത്തിൽപ്പെട്ടതിനെ 2.7 ലക്ഷം റിയാലിന് റെക്കോഡ് വിലക്ക് കഴിഞ്ഞ ദിവസം ലേലത്തിൽ വിറ്റത് അത്ഭുതവും ആനന്ദവുമുളവാക്കിയെന്ന് അന്താരാഷ്ട്ര ഫാൽക്കണറി ചാമ്പ്യൻഷിപ്പുകളിൽ കപ്പുകൾ നേടിയിട്ടുള്ള സാന്ദ്ര പറഞ്ഞു.
ഫ്രാൻസിൽ നിന്നുള്ള ഫാൽക്കണറായ സാന്ദ്ര ലേലത്തിൽ പങ്കെടുക്കാൻ നാലു ഫാൽക്കണുകളുമായിട്ടാണ് എത്തിയിട്ടുള്ളത്. റിയാദിന് വടക്കുഭാഗത്തുള്ള മൽഹമിലാണ് സൗദി ഫാൽക്കൺസ് ക്ലബ് (എസ്.എഫ്.സി) ഒരു മാസം നീളുന്ന മേള സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തിനകത്തും ലോകമെമ്പാടുമുള്ള എല്ലാ പക്ഷി പ്രേമികളെയും സഹായിക്കുന്നതിനായി ഈ വർഷത്തെ ഫാൽക്കണറി ഫെസ്റ്റിവലിനുള്ള തീയതി എസ്.എഫ്.സി നേരേത്ത പ്രഖ്യാപിച്ചിരുന്നു. കിങ് അബ്ദുൽ അസീസ് ഫാൽക്കണറി ഫെസ്റ്റിവലിെൻറ നാലാം പതിപ്പിനൊപ്പം ക്ലബിെൻറ ഇൗ വർഷത്തെ പ്രധാന പരിപാടികളും സമാപിക്കും. പങ്കെടുക്കുന്ന ഫാൽക്കണുകളുടെ എണ്ണം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ പ്രാപ്പിടിയൻ മേളയാണ് റിയാദിൽ അരങ്ങേറുന്നത്. ഇതിനകം രണ്ട് തവണ ലോക റെക്കോഡ് സ്വന്തമാക്കിക്കഴിഞ്ഞു ഇൗ മേള.
കിങ് അബ്ദുൽ അസീസ് കപ്പിനായി മത്സരിക്കുന്ന ഫൈനലിസ്റ്റുകളെ ദൈനംദിന റൗണ്ടുകളിലെ വിജയികളുടെ പൂളിൽനിന്ന് തെരഞ്ഞെടുത്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ മൽഹമിൽ നടന്ന മൂന്നാമത്തെ കിങ് അബ്ദുൽ അസീസ് ഫാൽക്കണറി ഫെസ്റ്റിവലിൽ 210 പരുന്തുകളാണ് മത്സരിച്ചത്.
പ്രാപ്പിടിയൻ പക്ഷി പ്രേമികളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റുകയും പക്ഷി വളർത്തലിെൻറയും മത്സരങ്ങളുടെയും വികസനവും നവീകരണവും കാര്യക്ഷമമാക്കുകയുമാണ് ഫെസ്റ്റിവലിെൻറ ലക്ഷ്യം. ഇൻറർനാഷനൽ ഫാൽക്കൺ ബ്രീഡേഴ്സ് ലേലം ഇതിൽ ആദ്യത്തേതാണ്. രാജ്യത്തിെൻറ സാംസ്കാരികവും നാഗരികവുമായ പൈതൃകം സംരക്ഷിക്കുന്നതിനും വിഷൻ 2030െൻറ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനുമാണ് ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
രാജ്യത്തിെൻറ സാംസ്കാരിക പൈതൃകവും പാരമ്പര്യവും സംരക്ഷിക്കലും രാജ്യത്തിെൻറ ചരിത്രം, ആചാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയെക്കുറിച്ച് ലോകത്തെ പരിചയപ്പെടുത്തലുമാണ് മേളയുടെ പരമപ്രധാനമായ ലക്ഷ്യം. മേളയിൽ 14 രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ ഫാൽക്കൺ ബ്രീഡർമാർ പങ്കെടുക്കുന്നുണ്ട്. സെപ്റ്റംബർ അഞ്ചിനാണ് മേളയുടെ സമാപനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.