‘ഫാല്‍ക്കണ്‍’ പക്ഷികളുടെ  വിശേഷങ്ങളുമായി ചരിത്രപ്രദര്‍ശനം

യാമ്പു: സൗദിയുടെ ദേശീയ പക്ഷിയായ  ‘ഫാല്‍ക്കണ്‍’ വിശേഷങ്ങളുമായി യാമ്പുവിലെ ചരിത്ര പ്രദര്‍ശന നഗരിയില്‍ പ്രത്യേക സ്റ്റാള്‍.  വിവിധയിനം ഫാല്‍ക്കണ്‍ (പ്രാപിടിയന്‍) പക്ഷികളെ കുറിച്ച്  പുതുതലമുറക്ക്  അവബോധം നല്‍കുന്നതാണ് പ്രദര്‍ശനം. സ്വദേശി പൗരനായ മുഹമ്മദ് ഉത്തയത്തുല്ലാഹ് അല്‍ ജുഹ്നിയുടെ മേല്‍നോട്ടത്തില്‍ ഫാല്‍ക്കണ്‍ പഠനത്തില്‍  അവഗാഹമുള്ളവരും വളര്‍ത്തുകാരുമായ പത്തോളം പേരാണ്   സന്ദര്‍ശകര്‍ക്ക് അപൂര്‍വ പരിജ്ഞാനം പകര്‍ന്നു നല്‍കുന്ന സ്റ്റാളൊരുക്കിയത്.
 ഫാല്‍ക്കണ്‍  അറബികളുടെ  ജീവിതത്തില്‍ ഉയര്‍ന്ന സ്ഥാനമുള്ളതും  പക്ഷികളിലെ രാജാവായി അറിയപ്പെടുന്നതുമാണ്.  പൗരാണിക കാലം മുതലെ  അറബികള്‍  ഇവയെ  ഇണക്കി വളര്‍ത്താനും സംരക്ഷിക്കാനും ശ്രദ്ധിച്ചു. ഇവയെ ഉപയോഗിച്ച് വേട്ടയാടാനും അറബികളില്‍ ചിലര്‍ ഇന്നും പതിനായിരക്കണക്കിന് റിയാല്‍ ചെലവിടുന്നു. പ്രാപിടിയന്‍, വ്യോമ ചക്രവര്‍ത്തി,രാജാളി പക്ഷി, ആകാശത്തിലെ വേട്ടനായ എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. ചീറ്റപ്പുലിയെക്കാള്‍  വേഗത്തില്‍  സഞ്ചാരം നടത്താന്‍ ഫാല്‍ക്കണുകള്‍ക്ക് കഴിയുമെന്നും കാഴ്ച ശക്തിയുടെ കാര്യത്തില്‍ മറ്റു പറവകളില്‍ നിന്ന് ഇവ വളരെ മുമ്പിലാണെന്നും  സ്റ്റാളിലെ സന്നദ്ധ സേവകനും സൗദി സ്കൂള്‍ അധ്യാപകനുമായ തമീര്‍ സഈദ്  അല്‍ ജറാസി ‘ഗള്‍ഫ് മാധ്യമ’ ത്തോട് പറഞ്ഞു. മണിക്കൂറില്‍  350 കിലോമീറ്റര്‍വരെ കുത്തനെ പറക്കാന്‍ കഴിയുന്ന ഇവകള്‍ ഇരകളെ അതിവേഗം കൈപിടിയിലൊതുക്കും.  മാംസഭുക്കായ ഇവയുടെ ഇരകള്‍ പക്ഷികളും ഉരഗങ്ങളും മറ്റു സസ്തനികളുമാണ്. ഫാല്‍ക്കണ്‍ പക്ഷികളുടെ  ആവാസ വ്യവസ്ഥയും അവയെ സംരക്ഷിക്കേണ്ട വിധവും സൗദി പൗരന്‍ വിശദീകരിച്ചു. പക്ഷി സംരക്ഷണത്തിനാവശ്യമായ സംവിധാനങ്ങളും  മരുന്നും വേട്ടയാടാന്‍ ഉപയോഗിക്കുന്ന സംവിധാനങ്ങളും അദ്ദേഹം കാണിച്ചു. ഫാല്‍ക്കണുകളെ ചികിത്സിക്കാന്‍ സൗദിയില്‍ പ്രത്യേക ആശുപത്രികള്‍ തന്നെ ഉണ്ട്.  ഇതില്‍  ഏറ്റവും പ്രസിദ്ധമായ ഹോസ്പിറ്റലാണ് റിയാദിലെ ഫഹദുബ്നു സുല്‍ത്താന്‍ ഫാല്‍ക്കണ്‍ സെന്‍റര്‍.  സൗദിയിലെ വിവിധ പ്രദേശങ്ങളില്‍  ഫാല്‍ക്കണുകളെ  വളര്‍ത്താനും പരിശീലിപ്പിക്കാനും ചികിത്സിക്കാനും പ്രത്യേകം കേന്ദ്രങ്ങള്‍ ഉണ്ടെന്നും ഇദ്ദേഹം പറയുന്നു.  തല കഴുത്തിന് ചുറ്റും പൂര്‍ണമായും തിരിക്കാന്‍ കഴിയുമെന്ന അപൂര്‍വതയും ഫാല്‍ക്കണ്‍ പക്ഷിക്കുണ്ട്. 
       ഫാല്‍ക്കണുകള്‍ക്ക് അറബ് സമൂഹം മത്തേരം പരിശീലനമാണ് നല്‍കുന്നത്.  മെച്ചപ്പെട്ട പരിശീലനം സിദ്ധിച്ച  പക്ഷികള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ നല്ല ഡിമാന്‍റുണ്ട്. ലോക കമ്പോളത്തില്‍  ലക്ഷങ്ങള്‍ വിലമതിക്കുന്ന ഫാല്‍ക്കണ്‍ പക്ഷികളുണ്ട്. ഷഹീന്‍, സെയ്ക്കര്‍, ജിര്‍, ലഗര്‍, ബാര്‍ബറി എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട ഫാല്‍ക്കണുകളുണ്ട്. ഇതില്‍  ഷഹീന്‍, സെയ്ക്കര്‍ വിഭാഗത്തില്‍പ്പെട്ടവയാണ് അറബികള്‍   കൂടുതലായി വേട്ടക്ക് ഉപയോഗിക്കുന്നത്.

Tags:    
News Summary - falcon birds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.