സൗദി ഹെറിറ്റേജ് കമീഷൻ സമുദ്രാന്തർ പുരാവസ്തു കണ്ടെത്തൽ പദ്ധതിയുടെ പ്രവർത്തനപുരോഗതി വിശദീകരിച്ചു നടത്തിയ വാർത്തസമ്മേളനം
യാംബു: ചെങ്കടലുമായി ബന്ധപ്പെട്ടുള്ള പൈതൃക ശേഷിപ്പുകളുടെ സ്ഥിതിവിവരം ശേഖരിക്കാനും പുരാവസ്തുക്കളുടെ കണ്ടെത്തലുകൾക്കുമായി സൗദി ഹെറിറ്റേജ് കമീഷൻ സർവേ പുരോഗമിക്കുന്നു.
കിങ് അബ്ദുല്ല സയൻസ് ആൻഡ് ടെക്നോളജി (കൗസ്റ്റ്), കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി, ഇറ്റലിയിലെ നേപ്പിൾസ് യൂനിവേഴ്സിറ്റി എന്നിവയുമായി സഹകരിച്ചാണ് ബൃഹത്തായ സർവേ പദ്ധതിയെതെന്ന് ഹെറിറ്റേജ് കമീഷൻ അറിയിച്ചു. പുരാവസ്തു കണ്ടെത്തലുകൾക്കായി ഉംലജ് മുതൽ റാസ് അൽ-ശൈഖ് ഹമീദ് വരെയുള്ള ചെങ്കടൽ പ്രദേശത്താണ് സർവേ നടക്കുന്നത്.
ജൂലൈ 13ന് തുടങ്ങിയ സർവേ സെപ്റ്റംബർ അഞ്ചുവരെ തുടരും. ശബ്ദതരംഗങ്ങൾ അയച്ച് വെള്ളത്തിനടിയിലെ വസ്തുക്കളെക്കുറിച്ചറിയുന്ന 'സോണാർ' എന്ന ഉപകരണങ്ങൾ ഉപയോഗിച്ചാണ് സർവേ. റാസ് അൽ-ശൈഖ് ഹമീദ്, ദുബ, അൽ-വജഹ്, ഉംലജ് തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെട്ട സർവേ മേഖലയിലെ 25 ലധികം പ്രത്യേക പ്രദേശങ്ങൾ സർവേ ടീം നിരീക്ഷിക്കുകയും ആവശ്യമായവ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സോണാറുകൾ വെള്ളത്തിനടിയിലെയും കടൽശിലകളിലെയും ലിഖിതങ്ങളും ഫോട്ടോകളും പകർത്താൻ സഹായകരമാണ്. ചെങ്കടലിലെ വിസ്മയകരമായ അറിവുകൾ ശാസ്ത്രജ്ഞന്മാർക്കും ഗവേഷകർക്കും ശാസ്ത്രഗവേഷക സ്ഥാപനങ്ങൾക്കും അന്താരാഷ്ട്ര ശാസ്ത്രസംഘടനകൾക്കും പുരാവസ്തുശാസ്ത്രത്തിൽ താൽപര്യമുള്ളവർക്കും ഏറെ പ്രയോജനകരമാണ് സർവേയെന്ന് ഹെറിറ്റേജ് കമീഷൻ സി.ഇ.ഒ ഡോ. ജാസിർ അൽ-ഹെർബിഷ് പറഞ്ഞു.
ചെങ്കടലിലെയും അറേബ്യൻ ഉൾക്കടലിലെയും ആഴക്കടൽ സാംസ്കാരിക പൈതൃക സംരക്ഷണത്തിനുവേണ്ടി പ്രത്യേക കേന്ദ്രം സ്ഥാപിക്കാനുള്ള ആലോചനയിലാണ് ഹെറിറ്റേജ് കമീഷൻ. നൂതന ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ചെങ്കടലിൽ പര്യവേക്ഷണം നടത്തുകയും വിസ്മയകരമായ അറിവുകൾ ശേഖരിച്ച് സമൂഹത്തിന് പകരാനും ഇതിനകം കഴിഞ്ഞതായി യൂനിവേഴ്സിറ്റി വൈസ് പ്രസിഡന്റും സീനിയർ അസോസിയേറ്റുമായ ഡോ. നജാ ആഷ്രി അഭിപ്രായപ്പെട്ടു.
2015 ലും 2016 ലും സൗദി ഹെരിറ്റേജ് കമീഷൻ സംഘവും ഇറ്റലിയിലെ നേപ്പിൾസ് യൂനിവേഴ്സിറ്റി സംഘവും സംയുക്തമായി നടത്തിയ സർവേയിൽ ഉംലജിൽ ഒരു നൂറ്റാണ്ട് മുമ്പ് കപ്പൽ തകർന്ന പ്രദേശം കണ്ടെത്തിയിരുന്നു.
ഇവിടെ ഒരു കുന്നിൻമുകളിൽ പൗരാണികർ ഉപയോഗിച്ചിരുന്ന മൺപാത്രങ്ങൾ, ചീനക്കളിമൺ പിഞ്ഞാണങ്ങളുടെ ശേഷിപ്പുകൾ, വിവിധതരം ലോഹങ്ങൾ എന്നിവയും കണ്ടെത്തിയിരുന്നു. പുതിയ സർവേ കൂടുതൽ പുരാവസ്തു ശേഖരങ്ങൾ കണ്ടെത്താനും ചെങ്കടലുമായി ബന്ധപ്പെട്ടുള്ള പുതിയ വിവരങ്ങൾ വികസിപ്പിക്കാനും വഴിവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിലയിരുത്തപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.