ത്വാഇഫ്: 11ാമത് സൂഖ് ഉക്കാദ് മേളക്ക് ഇന്ന് തുടക്കമാവും. പത്ത് ദിവസം നീളുന്ന മേളയിൽ രാജ്യത്തിനകത്തും പുറത്തുമുള്ള സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പെങ്കടുക്കും. മേളയുടെ മേൽനോട്ടം ടൂറിസം പുരാവസ്തു വകുപ്പിനെ ഏൽപിച്ചു സൗദി ഭരണാധികാരി സൽമാൻ രാജാവ് കൽപന പുറപ്പെടുവിച്ച ശേഷമുള്ള ആദ്യമേളയാണിത്. മക്ക മേഖല ഗവർണറേറ്റ്, ത്വാഇഫ് എന്നിവയുമായി സഹകരിച്ചാണ് മേളക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്.
സൗദി അറേബ്യയിലെ ഏറ്റവും വലിയ സാംസ്കാരിക മേളകളിലൊന്നാണ് സൂഖ് ഉക്കാദ് മേള. ത്വാഇഫിന് കിഴക്ക് സ്ഥിതിചെയ്യുന്ന ഇർഫാഅ്ലെ ഉക്കാദ് ആസ്ഥാനത്ത് വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണയും സംഘാടകർ പൂർത്തിയാക്കിയിരിക്കുന്നത്.
പ്രമുഖ സാംസ്കാരിക, സാഹിത്യ നായകന്മാരുടെ സംഗമത്തിനും വൈവിധ്യമാർന്ന സാംസ്കാരിക, പൈതൃക കലാപരിപാടികൾക്കും പ്രദർശനത്തിനും മൽസരങ്ങൾക്കും സൂഖ് ഉക്കാദ് വേദിയാവും. കലാസാംസ്കാരിക വിനോദ പരിപാടികളും പ്രദർശനങ്ങളും പരമ്പരാഗത കലാ കായിക മൽസരങ്ങളും പ്രകടനങ്ങളും സമ്മേളനങ്ങളും ശിൽപശാലകളും ടൂറുകളുമെല്ലാമായി നൂറിലധികം പരിപാടികൾ ഇത്തവണ മേളയിൽ അരങ്ങേറും.
മേളയോടൊപ്പം സൂഖ് ഉക്കാദ് സുസ്ഥിര വികസനത്തിന് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണെന്ന് ടൂറിസം വകുപ്പ് മേധാവി അമീർ സുൽത്താൻ ബിൻ സൽമാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ഥിരം ടൂറിസം പട്ടണം എന്ന നലയിൽ സൂഖ് ഉക്കാദിനെ വികസിപ്പിക്കുന്നതാണ് പദ്ധതി. മേഖല അമീർ ഖാലിദ് അൽഫൈസൽ നടത്തിയ ശ്രമങ്ങളുടെ പൂർത്തീകരണമാണിത്.
മക്ക മേഖല ഗവർണറേറ്റ്, ത്വാഇഫ് ഗവർണറേറ്റ്, ത്വാഇഫ് മുനിസിപ്പാലിറ്റി, ത്വാഇഫ് യൂനിവേഴ്സിറ്റി, വാർത്താ സാംസ്കാരിക മന്ത്രാലയം, ദാറത് കിങ് അബ്ദുൽ അസീസ്, ത്വാഇഫ് സാഹിത്യ ക്ളബ്, സൗദി ആർട്ട് ആൻറ് കൾച്ചറൽ സൊസൈറ്റി, ഗതാഗതം ,ആരോഗ്യം, കൃഷി വകുപ്പ് ബ്രാഞ്ച് ഒാഫീസുകൾ, സാേങ്കതിക പരിശീലന സ്ഥാപനം, സൗദി ഇലക്ട്രിസിറ്റി കമ്പനി എന്നീ പങ്കാളികൾ മേളക്കു വേണ്ടി നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങൾക്ക് ടൂറിസം മേധാവി നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.