ജിദ്ദ: പ്രതികൂല സാഹചര്യങ്ങൾക്കിടയിലും സുഡാൻ തലസ്ഥാനമായ ഖർത്തൂമിൽനിന്ന് തങ്ങളുടെ മുഴുവൻ പൗരന്മാരെയും ഒഴിപ്പിക്കാൻ കഴിഞ്ഞതായി സുഡാനിലെ സൗദി അംബാസഡർ അലി അൽജഅ്ഫർ പറഞ്ഞു. അപകടകരമായ പ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചതിന്റെ വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തി. സൈനിക നടപടികളുടെ ഫലമായി പ്രതികൂല സാഹചര്യങ്ങൾ ആയിരുന്നു എങ്ങും. അതിനെ മറികടന്ന് ലക്ഷ്യം കാണാനായി. മുഴുവൻ സൗദി പൗരന്മാരെയും ഖർത്തൂമിൽനിന്ന് ഒഴിപ്പിക്കാൻ സാധിച്ചു. അവരോടൊപ്പം ഗൾഫ് രാജ്യങ്ങളിലെയും മറ്റു രാജ്യങ്ങളിലെയും 157 പൗരന്മാരെ പല ഘട്ടങ്ങളിലായി ഒഴിപ്പിക്കാൻ തങ്ങൾക്ക് കഴിഞ്ഞുവെന്നും അംബാസഡർ കൂട്ടിച്ചേർത്തു. ആദ്യം മൂന്നു വാഹനങ്ങളിലായാണ് ഖർത്തൂമിലെ അപകടമേഖലയിൽനിന്ന് ആളുകളെ രക്ഷപ്പെടുത്തിയത്. ശേഷം 32 കാറുകളിൽ റോഡിലൂടെ പല സംസ്ഥാനങ്ങൾ കടന്ന് ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങി.
യാത്രക്കിടയിൽ ആളുകൾക്ക് ആവശ്യമായ സഹായങ്ങളും സൗകര്യങ്ങളും ഒരുക്കി. ഒടുവിൽ പോർട്ട് സുഡാൻ നഗരത്തിലെത്തി. അവിടെ എത്തുന്നതുവരെ സുരക്ഷ വാഹനങ്ങളുടെ അകമ്പടി ഉണ്ടായിരുന്നു. അഞ്ച് സൗദി കപ്പലുകൾ അവിടെ ഞങ്ങളെ കാത്തുകിടപ്പുണ്ടായിരുന്നു. ഒഴിപ്പിച്ചുകൊണ്ടുവന്ന എല്ലാ ആളുകളെയും സുരക്ഷിതമായി കപ്പലുകളിൽ കയറ്റി സൗദിയിലേക്ക് അയച്ചതായും അംബാസഡർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.