റിയാദ്: മഞ്ഞപ്പിത്തം മൂർച്ഛിച്ച് ചികിത്സക്ക് വഴിയില്ലാതെ ദുരിതത്തിലായ യുവാവിനെ റിയാദിലെ എറണാകുളം പ്രവാസി അസോസിയേഷൻ മുൻകൈയെടുത്ത് നാട്ടിലയച്ചു. ഇഖാമയുടെയും ഇൻഷുറൻസിന്റെയും കാലാവധി കഴിഞ്ഞതിനാൽ ആശുപത്രികളിൽ ചികിത്സ തേടാൻ കഴിയാതെ മാസങ്ങളായി വഴിമുട്ടിയ അവസ്ഥയിലായിരുന്നു അങ്കമാലി സ്വദേശിയായ യുവാവ്.
ഇതറിഞ്ഞ് എറണാകുളം പ്രവാസി അസോസിയേഷൻ സഹായിക്കാൻ മുന്നോട്ട് വരുകയായിരുന്നു. പ്രവർത്തകരായ അലി ആലുവ, ജിബിൻ സമദ് കൊച്ചി, സലാം പെരുമ്പാവൂർ, നൗഷാദ് ആലുവ, നിഷാദ് ചെറുവട്ടൂർ, ജൂബി ലൂക്കോസ്, ഡൊമിനിക് സാവിയോ, മാത്യൂസ് ശുമൈസി തുടങ്ങിയവരുടെ ശ്രമഫലമായി ശുമൈസിയിലെ കിങ് സഊദ് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സക്കുള്ള സൗകര്യം ഏർപ്പെടുത്തി. അവിടെ പ്രവേശിപ്പിച്ച് ഒരു മാസത്തോളം ചികിത്സ നൽകി.
ഇഖാമയും ഇൻഷുറൻസും കാലാവധി കഴിഞ്ഞത് മികച്ച ചികിത്സ ലഭിക്കുന്നതിന് തടസമായപ്പോൾ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടൽ തുണയായി. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ സഹായത്തോടെ നാട്ടിലേക്കുള്ള യാത്രാനടപടിക്രമങ്ങൾ പൂർത്തീകരിക്കുകയും നാട്ടിലെത്തിക്കുകയും ചെയ്തു. റിയാദ് ഹെൽപ് ഡെസ്ക് പ്രവർത്തകരുടെയും സഹായം ലഭിച്ചു. ഒ.ഐ.സി.സി എറണാകുളം ജില്ലാകമ്മിറ്റി രോഗിക്കും കൂടെ പോകുന്നയാൾക്കുമുള്ള വിമാന ടിക്കറ്റുകൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.