അൽ ഉലയിലെ ‘എലിഫൻറ് റോക്ക്’
യാംബു: സൗദി അറേബ്യയിലെ പ്രമുഖ വേനൽക്കാല വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി അൽ ഉലയിലെ ‘എലിഫെൻറ് റോക്ക്’ പ്രദേശം മാറുന്നു. രാജ്യത്തിെൻറ വടക്കുപടിഞ്ഞാറൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ പുരാതന നഗരത്തിലേക്ക് സ്വദേശികളും വിദേശികളുമായ നിരവധി സഞ്ചാരികളാണ് ദിവസവും എത്തുന്നത്. സവിശേഷമായ പാറക്കെട്ടുകൾ, മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, സമൃദ്ധമായ മരുപ്പച്ചകൾ, മണൽക്കല്ലുകൾ എന്നിവയാണ് ഈ പ്രദേശത്തിെൻറ പ്രധാന ആകര്‍ഷണം.
പേര് സൂചിപ്പിക്കുന്നത് പോലെ, തുമ്പിക്കൈ നിലത്തു കുത്തി നിൽക്കുന്ന ആനയുടെ ആകൃതിയിലുള്ള ഭീമൻ പാറക്കൂട്ടമാണ് ‘എലിഫെൻറ് റോക്ക്.’ 52 മീറ്റർ ഉയരമുള്ള ഈ പ്രകൃതിദത്ത വിസ്മയത്തിന് പുറമെ, വൈവിധ്യമാർന്ന രൂപങ്ങളിലുള്ള നൂറുകണക്കിന് മറ്റ് പാറകളും ഇവിടെ കാണാം. സന്ധ്യാസമയങ്ങളിൽ പ്രകാശപൂരിതമാകുന്ന പ്രദേശത്തെ പൗരാണിക ശേഷിപ്പുകൾ സഞ്ചാരികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്.
സന്ദർശകർക്കായി വിപുലമായ സൗകര്യങ്ങളാണ് അൽ ഉല റോയൽ കമീഷൻ അതോറിറ്റി ഇവിടെ ഒരുക്കിയിട്ടുള്ളത്. ഔട്ട്ഡോർ ഇരിപ്പിടങ്ങൾ, കഫേകൾ, റെസ്റ്റോറൻറുകൾ, പാറക്കെട്ടുകൾക്കിടയിലൂടെയുള്ള നടപ്പാതകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എല്ലാ പ്രായക്കാർക്കും പ്രകൃതിഭംഗി ആസ്വദിക്കാനും വിശ്രമിക്കാനും ഹൈക്കിങ്ങിൽ ഏർപ്പെടാനും ഉതകുന്ന രീതിയിലാണ് പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. കൂടാതെ വർഷം മുഴുവൻ സഞ്ചാരികളെ ആകർഷിക്കുന്ന വൈവിധ്യമാർന്ന സാംസ്കാരിക-വിനോദ പരിപാടികളും അധികൃതർ ഇവിടെ സംഘടിപ്പിക്കാറുണ്ട്. മദീന പ്രവിശ്യയുടെ വടക്കൻ ഭാഗത്ത്, മദീന നഗരത്തിൽനിന്ന് 400 കിലോമീറ്റർ അകലെയാണ് അൽ ഉല സ്ഥിതിചെയ്യുന്നത്.
പ്രകൃതി കനിഞ്ഞ സമൃദ്ധമായ ജലസ്രോതസ്സുകളും വളക്കൂറുള്ള കൃഷിഭൂമിയും ഈ പ്രാചീന നഗരത്തിെൻറ പ്രത്യേകതയാണ്. അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര പൈതൃകകേന്ദ്രങ്ങളിൽ ഒന്നായ ‘മദാഇൻ സ്വാലിഹ്’ അൽ ഉല ഗവർണറേറ്റിന് കീഴിലാണ് വരുന്നത്. 13.5 കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന ഈ പുരാവസ്തു മേഖല 2008-ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിരുന്നു. സൗദി അറേബ്യയിൽ നിന്ന് ആദ്യമായി യുനെസ്കോ പട്ടികയിൽ ഉൾപ്പെട്ട പ്രദേശം കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.