ജിദ്ദ: ‘ഡ്രോണുകൾ’ ഉപയോഗിച്ച് രക്തം കൈമാറ്റം ചെയ്യുന്നതിനായി ഈ വർഷം ഹജ്ജിനു മുമ്പ് നടത്തിയ പരീക്ഷണ പറക്കൽ വിജയകരമായിരുന്നുവെന്ന് റിപ്പോർട്ട്. സൗദി പോസ്റ്റ് കോർപറേഷനുമായി സഹകരിച്ച് ആരോഗ്യ മന്ത്രാലയമാണ് പുണ്യസ്ഥലങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് രക്തയൂനിറ്റുകൾ എത്തിക്കാനുള്ള പരീക്ഷണം സംഘടിപ്പിച്ചത്. തീർഥാടകർക്ക് നൽകുന്ന പ്രാഥമികാരോഗ്യ സേവനങ്ങളുടെ വേഗതയുടെയും സുരക്ഷയുടെയും ഗുണനിലവാരം ഉയർത്തുക ലക്ഷ്യമിട്ടാണിത്.
വരുന്ന സീസണുകളിൽ ഈ ഡ്രോൺ ബ്ലഡ് ബാങ്ക് സംവിധാനം പ്രവർത്തനക്ഷമമാവും. ഡ്രോണുകൾ പോലെയുള്ള ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചാൽ പരിക്കേറ്റവർക്കും അത്യാഹിത, ഗുരുതര കേസുകളിലേക്കും വേഗത്തിലും സുരക്ഷിതമായും പ്രവേശനം ഉറപ്പാക്കാനാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു പരീക്ഷണം നടത്തിയത്. രക്തകൈമാറ്റത്തിനുള്ള സുരക്ഷാമാനദണ്ഡങ്ങൾക്ക് അനുസൃതമായി സമയബന്ധിതമായി ചികിത്സാസേവനങ്ങൾ നൽകുന്നതിനും എല്ലാ പരമ്പരാഗത തടസ്സങ്ങൾ മറികടക്കാനും ഇത് സഹായിക്കുന്നു.
പരമ്പരാഗത ഗതാഗതമാർഗങ്ങളിലൂടെ രക്തയൂനിറ്റുകൾ കൈമാറ്റംചെയ്യാനുള്ള സമയം രണ്ടര മണിക്കൂറിൽനിന്ന് രണ്ടു മിനിറ്റായി ചുരുക്കാനാകുമെന്നത് ഏറെ സന്തോഷവും ആശ്വാസവുമുണ്ടാക്കുന്ന കാര്യമാണ്. ആരോഗ്യവകുപ്പും സൗദി പോസ്റ്റും തമ്മിലുള്ള ഇൗ സഹകരണം ആരോഗ്യ മേഖലയിൽ തീർഥാടകർക്ക് നൽകുന്ന സേവനങ്ങളിൽ ഒരു കുതിച്ചുചാട്ടം കൊണ്ടുവരുന്നതിനുള്ള വിഷൻ 2030 പരിപാടികളിലൊന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.