ഡോ. ഇർഷാദ് ഗവേഷണശാലയിൽ
യാംബു: ശാസ്ത്ര സാങ്കേതിക രംഗത്ത് മികച്ച നേട്ടങ്ങളാൽ മുന്നേറുകയാണ് കോഴിക്കോട് സ്വദേശിയായ ഡോ. ഇർഷാദ് കമ്മക്കകം. സൗദി തൂവലിലെ കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (കൗസ്റ്റ്) പോസ്റ്റ് ഡോക്ടറൽ സയന്റിസ്റ്റായി 2021 ആഗസ്റ്റ് മുതൽ സേവനം ചെയ്യുകയാണ് ഇദ്ദേഹം. സൗദി അരാംകോപോലുള്ള കമ്പനികൾക്ക് ജലശുദ്ധീകരണത്തിന് നൂതനമായ പോളിമർസ് തരങ്ങൾ വികസിപ്പിക്കുന്ന 'അഡ്വാൻസ് മേംബ്രൻസ് ആൻഡ് പോറൗസ് മെറ്റീരിയൽ' ഡിപ്പാർട്മെന്റിൽ യുവശാസ്ത്രജ്ഞനായി വ്യക്തിമുദ്ര പതിച്ച് മുന്നേറുകയാണ് ഡോ. ഇർഷാദ്. ഫാറൂഖ് കോളജിൽനിന്ന് കെമിസ്ട്രിയിൽ ബിരുദവും കോട്ടയം മഹത്മാഗാന്ധി യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ ഇദ്ദേഹം കേന്ദ്ര സർക്കാറിന്റെ ഇന്ത്യൻ അക്കാദമി ഓഫ് സയൻസ് ഫെലോഷിപ് നേടി മുംബൈ ഐ.ഐ.ടിയിൽ ഒരു വർഷം ഗവേഷണം നടത്തി. പിന്നീട് ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ നാഷനൽ യൂനിവേഴ്സിറ്റിയിൽനിന്ന് ഓർഗാനിക് പോളിമർ മെറ്റീരിയൽ സിന്തസിസിൽനിന്ന് പിഎച്ച്.ഡി നേടി. നാസയും അമേരിക്കൻ ഊർജ വകുപ്പും നൽകുന്ന സ്കോളർഷിപ് നേടാനും ഇർഷാദിന് കഴിഞ്ഞു.
ദക്ഷിണ കൊറിയയിലെ കൊറിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ടെക്നോളജിയിൽ വിസിറ്റിങ് സയന്റിസ്റ്റായും ഫ്രാൻസിലെ മോണ്ട്പെല്ലിയർ യൂനിവേഴ്സിറ്റിയിൽ ഒരു വർഷം പോസ്റ്റ് ഡോക്കായും ഡോ. ഇർഷാദ് ജോലി ചെയ്തു. ഇവിടെനിന്ന് പോളിമെറിക് മെറ്റീരിയലുകൾ ഉപയോഗിച്ച് വിവിധ സാങ്കേതിക വിദ്യകൾ കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ജലശുദ്ധീകരണത്തിനും ഗ്യാസ് വേർതിരിക്കലിനും വേണ്ടി പോളിമെറിക് മെറ്റീരിയലുകൾ ഉപയോഗിച്ച് വേർതിരിക്കൽ സാങ്കേതിക വിദ്യ വികസിപ്പിക്കാൻ കഴിഞ്ഞതാണ് തന്റെ ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടാക്കിയതെന്ന് ഡോ. ഇർഷാദ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ആധുനിക ജീവിതത്തിൽ പോളിബെൻസി മിഡാസോളുകളുടെ നിർമാണവുമായി ബന്ധപ്പെട്ട് വ്യവസായിക ആവശ്യങ്ങൾക്ക് അതിനൂതനമായ രീതിയിൽ വികസിപ്പിക്കാൻ കഴിയുന്ന പഠനത്തിന് അമേരിക്കൻ സർക്കാറിന്റെ പേറ്റന്റ് ലഭിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ അലബാമ യൂനിവേഴ്സിറ്റിയിൽ മൂന്നു വർഷത്തെ റിസർച് സയന്റിസ്റ്റ് ജോലിക്കിടയിൽ നിർമിച്ച പോളിമറുകൾക്കാണ് ഡോ. ഇർഷാദിന് അവാർഡ് ലഭിച്ചത്. വാട്ടർ ഫിൽറ്ററേഷൻ ആപ്ലിക്കേഷൻ, ഒലഫിൻ / പാരഫിൻ വേർതിരിക്കൽ എന്നിവക്കായി ലോകപ്രശസ്ത ശാസ്ത്രജ്ഞരുമായി കൂടിച്ചേർന്ന് പ്രവർത്തിക്കാൻ ഡോ. ഇർഷാദിന് അവസരം കിട്ടിയതും മഹത്തായ നേട്ടങ്ങൾക്ക് വഴിവെച്ചു. യു.എസ്.എ, സ്പെയിൻ, ഇംഗ്ലണ്ട്, കൊറിയ, ഫ്രാൻസ്, ചെക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലെ അന്താരാഷ്ട്ര സമ്മേളനങ്ങളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്.
ജലശുദ്ധീകരണത്തിനും ഗ്യാസ് വേർതിരിക്കലിനും വേണ്ടിയുള്ള നൂതന സാങ്കേതിക വിദ്യക്കായി പോളിമറുകളിൽ അദ്ദേഹം ഗവേഷണം തുടരുകയാണിപ്പോഴും. ഈ മേഖലയിൽ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. നിരവധി ശാസ്ത്ര ജേണലുകളിൽ അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പോളിമർസ് ജേണലിന്റെ എഡിറ്റോറിയൽ ബോർഡ് അംഗം, പോളിമർസ് വിശേഷാൽ പതിപ്പിന്റെ ഗെസ്റ്റ് എഡിറ്റർ എന്നീ സ്ഥാനങ്ങൾ നിർവഹിച്ചിട്ടുണ്ട്. അമേരിക്കൻ കെമിക്കൽ സൊസൈറ്റി അംഗം, നോർത്ത് അമേരിക്കൻ മെംബ്രൻ സൊസൈറ്റിയംഗം എന്നീ ഉത്തരവാദിത്തങ്ങളും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ എൻജി നീയർമാരുടെ വിദ്യാഭ്യാസ വിഭാഗം സ്പോൺസർ ചെയ്ത 2020 ഫ്യൂച്ചർ ഫാക്കൽറ്റി മെന്ററിങ് പ്രോഗ്രാമിലേക്ക് ആഗോളതലത്തിൽ പ്രശസ്തരായ ശാസ്ത്രജ്ഞരിൽനിന്ന് ഒമ്പതാം റാങ്കോടെ തിരഞ്ഞെടുത്തത് ഡോ. ഇർഷാദിന്റെ മികവാർന്ന നേട്ടങ്ങളിലൊന്നായിരുന്നു. പ്രവാസികളിൽനിന്ന് ശാസ്ത സാങ്കേതിക വിദ്യകളിൽ മികവ് പുലർത്തിയ ഡോ. ഇർഷാദ് കമ്മക്കകത്തിന് രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സൗദി വെസ്റ്റ് 'നോട്ടക്ക് അവാർഡ്' നൽകി കഴിഞ്ഞ ദിവസം ആദരിച്ചിരുന്നു. ഇർഷാദിന്റെ ഭാര്യ നബീല അലി കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിൽ ബിരുദധാരിയാണ്. മകൻ ഐൻ ഇർഷാദ് കമ്മക്കകം കൗസ്റ്റ് കാമ്പസിലുള്ള വിദ്യാലയത്തിൽ കെ-3 വിദ്യാർഥിയാണ്. മകൾ എയ്ലിൻ ഇവ കമ്മക്കകം. ഡോ. ഇർഷാദിന്റെ ഗവേഷണക്കുറിപ്പുകൾ വായിക്കാനും അദ്ദേഹവുമായി ബന്ധപ്പെടാനും https://www.linkedin.com/in/irshad-kammakakam-76a2a65b , https://ampm.kaust.edu.sa/people/detail/irshad-kammakakam എന്നീ ലിങ്കുകൾ ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.