റിയാദ്: ഗാർഹിക തൊഴിലാളികളുടെ ശമ്പളം ബാങ്കുവഴി നൽകുന്നത് നിർബന്ധമാക്കുന്ന നിയമത്തിന്റെ അവസാന ഘട്ടം ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിലായതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 2025ൽ മന്ത്രാലയം ആരംഭിച്ച പദ്ധതിയുടെ അന്തിമഘട്ടമാണിത്. ഇതോടെ ഡിജിറ്റലായി അല്ലാതെ ശമ്പളം നൽകരുതെന്ന നിയമം പൂർണമായും നടപ്പായി.
2025 ജനുവരിയിൽ നടപ്പായ രണ്ടാംഘട്ടത്തിൽ നാലോ അതിലധികമോ ഗാർഹിക തൊഴിലാളികളുള്ള തൊഴിലുടമകൾക്കായിരുന്നു ഈ നിബന്ധന ബാധകം. തുടർന്ന് മൂന്നാം ഘട്ടമായി ജൂലൈയിൽ മൂന്നോ അതിലധികമോ തൊഴിലാളികളുള്ള തൊഴിലുടമകൾക്കും നാലാം ഘട്ടമായി ഒക്ടോബറിൽ രണ്ടോ അതിലധികമോ തൊഴിലാളികളുള്ള തൊഴിലുടമകൾക്കും നിയമം ബാധകമാക്കി. എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയിലാണ് ഇത് നടപ്പാക്കിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. മുസാനിദ് പ്ലാറ്റ്ഫോം അംഗീകരിച്ച ബാങ്കുകളും ഡിജിറ്റൽ വാലറ്റുകളും വഴിയുള്ള ഇലക്ട്രോണിക് ട്രാൻസ്ഫർ വഴി വേതന പേമെന്റ് പ്രക്രിയകൾ രേഖപ്പെടുത്തുന്നതിലൂടെയും സുതാര്യത വർധിപ്പിക്കുന്നതിലൂടെയും തൊഴിലുടമകളും ഗാർഹിക തൊഴിലാളികളും തമ്മിലുള്ള കരാർ ബന്ധം നിയന്ത്രിക്കുന്നതിൽ ഈ നടപടി ഒരു ഗുണപരമായ കുതിച്ചുചാട്ടമാണെന്ന് മന്ത്രാലയം വിശദീകരിച്ചു.
ഓൺലൈൻ ട്രാൻസ്ഫർ പ്രക്രിയ ലളിതവും സുരക്ഷിതവുമാണ്. തൊഴിലാളിയുടെ മൊബൈൽ നമ്പർ അവരുടെ ഇഖാമ പെർമിറ്റ് നമ്പറുമായി ബന്ധിപ്പിച്ച്, തുടർന്ന് തൊഴിലാളിയുടെ പേരിൽ ഒരു ബാങ്ക് അക്കൗണ്ടോ ഡിജിറ്റൽ വാലറ്റോ തുറക്കുന്നതിലൂടെയാണ് ഇത് ആരംഭിക്കുന്നത്.
ബാങ്കിങ് സർവിസിലെ ‘ഗാർഹിക തൊഴിലാളി ശമ്പള കൈമാറ്റം’ എന്ന സേവനം ഉപയോഗിച്ച് തൊഴിലുടമക്ക് ശമ്പളം കൈമാറാൻ ഇതിലൂടെ കഴിയും. ഇത് നിരവധി ആനുകൂല്യങ്ങൾ തൊഴിലാളിക്കും തൊഴിലുടമക്കും നൽകും. ശമ്പളം നൽകുന്നത് സംബന്ധിച്ച് ഒരു കൃത്യമായ രേഖയുണ്ടാവും, ക്രമം ഉറപ്പാക്കാൻ കഴിയും, കരാർ അവസാനിപ്പിക്കുമ്പോഴോ തൊഴിലാളി പോകുമ്പോഴോയുള്ള നടപടിക്രമങ്ങൾ ലളിതമായി പൂർത്തിയാക്കാൻ കഴിയും, സുരക്ഷിതവും വിശ്വസനീയവുമായ രീതിയിൽ സ്വന്തം നാട്ടിലെ കുടുംബത്തിന് ശമ്പളം കൈമാറാനാവും എന്നീ ഗുണങ്ങളാണ് ഡിജിറ്റൽ പേമെന്റിലൂടെ ലഭിക്കുന്നത്.
വിപണി കാര്യക്ഷമത വർധിപ്പിക്കുക, തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുക, കരാർ ബന്ധങ്ങളിൽ നീതിയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിടുന്ന ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും ഗുണഭോക്താക്കൾക്ക് നൽകുന്ന ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.