ഡോ. തൗഫീഖ് അൽറബീഅ
ജിദ്ദ: കോവിഡ് വാക്സിനുകളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന സമൂഹത്തിലെ ചിലയാളുകളുടെ പ്രവണത ഖേദകരമാണെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. വാക്സിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന ഒരു വിഡിയോക്കെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത അഭിപ്രായത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്തരെമാരു വിഡിയോ രംഗങ്ങൾ കാണാനിടയായതിൽ ഞങ്ങൾ ഖേദിക്കുന്നു. ഇത് ഞങ്ങളെ വേദനിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ആവർത്തിച്ച് പറയുന്നു, അസത്യം പ്രചരിപ്പിക്കുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്നയാൾക്ക് ദോഷം വരുത്താൻ കാരണമാകരുത്.
വാക്സിനേഷനിലൂടെ ആരോഗ്യ രക്ഷ നേടേണ്ട ആളായിരിക്കാം ഒരുപക്ഷേ അത്. സിഹ്വത്തി ആപ് വഴി രജിസ്ട്രേഷൻ നടത്തി വാക്സിൻ എടുക്കാൻ എല്ലാവരും മുന്നോട്ടു വരുക. നമ്മുടെ മാതാപിതാക്കളെ ദൈവം രക്ഷിക്കുമാറാകട്ടെ എന്നും ഡോ. അൽറബീഅ പോസ്റ്റിൽ പറഞ്ഞു.
കോവിഡ് വാക്സിനെക്കുറിച്ച് സമൂഹത്തിൽ അവബോധം വർധിപ്പിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം വിഡിയോ ക്ലിപ്പുകളും സന്ദേശങ്ങളും പ്രസിദ്ധീകരിച്ചുവരവേയാണ് സമൂഹ മാധ്യമങ്ങളിൽ ചെറുപ്പക്കാരുടെ ഇടയിൽ ഡയലോഗുകളുടെ രൂപത്തിൽ കോവിഡിനെയും വാക്സിനെയും കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്.
സുഹൃത്തുക്കൾക്കിടയിൽ വാക്സിനെക്കുറിച്ച് അസത്യമായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഏർപ്പെടുന്നതിലെ അപകടങ്ങൾക്കെതിരെ ആരോഗ്യ മന്ത്രാലയവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വാക്സിൻ എടുക്കുന്നതിനായി സിഹ്വത്തി ആപ്പിൽ വയോജനങ്ങളുടെ പേര് രജിസ്റ്റർ ചെയ്യുന്നതിലൂടെ പ്രായമായവരുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിൽ എല്ലാവരും പങ്കാളികളാകണമെന്നും അത് സാമൂഹിക ബാധ്യതയാണെന്നും ആരോഗ്യ മന്ത്രാലയം ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.