വിമതരുടെ ആക്ഷേപങ്ങൾക്ക് പിന്നിൽ ഐ.എൻ.എൽ ചിഹ്നങ്ങൾ ഉപയോഗിക്കാൻ കഴിയാത്തതിലുള്ള നിരാശ -ഐ.എം.സി.സി

റിയാദ്: ഗുരുതര പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് ഐ.എൻ.എൽ ദേശീയ നേതൃത്വം പുറത്താക്കിയ അബ്ദുൽ വഹാബും കൂട്ടരും പാർട്ടി പതാകയും പേരും ദുരുപയോഗം ചെയ്ത് പണപ്പിരിവും പരിപാടികളും സംഘടിപ്പിച്ച് നിരന്തരം പൊതുസമൂഹത്തെ കബളിപ്പിക്കൽ പതിവാക്കിയതിനാലാണ് ഐ.എൻ.എൽ സംസ്ഥാന നേതൃത്വത്തിന് ഇവർക്കെതിരെ കോടതിയെ സമീപിക്കേണ്ടി വന്നതെന്ന് ഐ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയും റിയാദ് സെൻട്രൽ കമ്മിറ്റിയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. കോഴിക്കോട്ട് വിമതർ പ്രഖ്യാപിച്ച പരിപാടിക്ക് ഔദ്യോഗിക അനുമതി തേടിക്കൊണ്ട് വിവിധ സർക്കാർ ഏജൻസികൾക്ക് സമർപ്പിച്ച അപേക്ഷകളെല്ലാം ഇന്ത്യൻ നാഷനൽ വർക്കേഴ്സ് ലീഗ് എന്ന കടലാസ് സംഘടനയുടെ മേൽവിലാസത്തിലായിട്ടും പരസ്യപ്രചാരണങ്ങളെല്ലാം ഐ.എൻ.എലിന്റെ പേര് വെച്ച് നടത്തിയത് കൂടെയുള്ളവരെയും പൊതുസമൂഹത്തെയും മാധ്യമങ്ങളെയും പറ്റിക്കാനായിരുന്നു.

പ്രസ്ഥാനത്തിന്റെയും പോഷക സംഘടനകളുടെയും കൊടിയടയാളങ്ങൾ ദുരുപയോഗം ചെയ്തതിനെ ചോദ്യം ചെയ്ത് കോഴിക്കോട് കോടതിയിൽ നൽകിയ ഹരജിയിലാണ് ഐ.എൻ.എൽ പേരും കൊടിയും ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും വിലക്ക് ലംഘനം പരിശോധിക്കാൻ കോടതി കമീഷനെ നിയമിക്കുകയും ചെയ്തത്. ഐ.എൻ.എലിന്റെ പേരിലുള്ള വ്യാജ പരിപാടിക്ക് കോടതിയിൽനിന്ന് നേരിട്ട തിരിച്ചടിയുടെ ജാള്യതയാണ് ഐ.എൻ.എൽ പോഷക സംഘടനയായ ഐ.എം.സി.സിയുടെ പേര് ദുരുപയോഗം ചെയ്ത് വരുന്ന അബ്ദുല്ലക്കുട്ടിയും കൂട്ടാളികളും മന്ത്രി അഹമ്മദ് ദേവർകോവിലിനും പാർട്ടി ദേശീയ, സംസ്ഥാന നേതൃത്വത്തിനുമെതിരെ കളവ് പ്രചരിപ്പിക്കുന്നതിന് കാരണം.

ഐ.എൻ.എല്ലിൽ ഉണ്ടായിരുന്നപ്പോൾ നിരന്തര അച്ചടക്ക ലംഘനം നടത്തി പാർട്ടിക്കും നേതൃത്വത്തിനും എന്നും തലവേദന സൃഷ്ടിച്ച അബ്ദുല്ലക്കുട്ടിയെ പോലുള്ളവർ വിട്ടുപോയതോടെ പാർട്ടിക്ക് ലഭിച്ച നവോന്മേശമാണ് മുന്നണി പ്രവേശനവും മന്ത്രി പദവി ഉൾപ്പെടെയുള്ളവയും. തങ്ങളില്ലെങ്കിൽ ഐ.എൻ.എൽ ദുർബലപ്പെടുമെന്ന് മനപ്പായസമുണ്ണുന്നവരുടെ മനപ്രയാസങ്ങളാണ് പാർട്ടി നേതൃത്വത്തിനെതിരായ പ്രസ്താവനക്ക് പിന്നിലുള്ളതെന്നും ഇത്തരം ജൽപനങ്ങൾ പ്രബുദ്ധരായ പ്രവാസി സമൂഹം അവജ്ഞയോടെ തള്ളിക്കളയുമെന്നും ഭാരവാഹികളായ നാഷനൽ കമ്മിറ്റി പ്രസിഡന്റ് സെയ്ദ് കള്ളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ അറബി, ബഷീർ ചേളാരി, ഗസ്നി വട്ടക്കിണർ, ഇസ്ഹാഖ് തയ്യിൽ, അഫ്സൽ കട്ടപ്പള്ളി, അഷിം കണ്ണൂർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Disappointment over not being able to use INL symbols behind rebel charges - IMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.