ജിദ്ദ ഷറഫിയ അനസ് ബിൻ മാലിക് സെൻററിൽ സംഘടിപ്പിച്ച പരിപാടിയിൽ അബ്ദുൽ ജബ്ബാർ മദീനി സംസാരിക്കുന്നു
വിശ്വാസ വ്യതിചലനം ഗൗരവതരം: അബ്ദുൽ ജബ്ബാർ മദീനി
ജിദ്ദ: വിശ്വാസികളുടെ ജീവിതലക്ഷ്യമായ പരലോക മോക്ഷത്തിന് തൗഹീദ് (ഏകദൈവ വിശ്വാസം) പൂർണാർത്ഥത്തിൽ ഉൾക്കൊള്ളുകയും അത് ജീവിതത്തിൽ പ്രയോഗവൽക്കരിക്കുകയും ചെയ്യുക എന്നത് മാത്രമാണ് ഏകമാർഗമെന്നും, സ്വർഗം നിഷിദ്ധമാക്കപ്പെടുന്ന വിശ്വാസരംഗത്തെ പുഴുക്കുത്തുകൾ വളരെ ഗൗരവത്തോടെ കാണണമെന്നും ദമ്മാം ഇസ്ലാമിക് കൾച്ചറൽ സെൻറർ മലയാള വിഭാഗം മേധാവി അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി ഉദ്ബോധിപ്പിച്ചു.
ജിദ്ദ ദഅവ കോഓഡിനേഷൻ കമ്മിറ്റി ഷറഫിയ്യ അനസ് ബിൻ മാലിക് സെൻററിൽ സംഘടിപ്പിച്ച മജ്ലിസുൽ ഇൽമിൽ ‘വ്യതിചലിച്ച കക്ഷികൾ’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമകാലിക സാഹചര്യങ്ങളിൽ ഇസ്ലാമിക ലോകത്ത് വിശ്വാസികളുടെ രക്ഷകരായി പരിചയപ്പെടുത്തപ്പെടുകയും ഹീറോ പരിവേഷം ചാർത്തപ്പെടുകയും ചെയ്യുന്നവരുടെ വിശ്വാസ വൈകല്യങ്ങൾ ഏറെ അപകടകരവും പ്രമാണ വിരുദ്ധവുമാണെന്നും അത്തരക്കാരെ യഥാർഥ വിശ്വാസികൾ കരുതിയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവംബർ അവസാന വാരത്തിൽ ജിദ്ദയിൽ നടക്കാനിരിക്കുന്ന ഫാമിലി കോൺഫറൻസിെൻറ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സ്ത്രീകളും പുരുഷന്മാരുമടക്കം മുൻകൂട്ടി രജിസ്റ്റർ ചെയ്ത 200-ഓളം ആളുകൾ പങ്കെടുത്തു. പഠിതാക്കളുടെ സംശയങ്ങൾക്ക് അബ്ദുൽ ജബ്ബാർ മദീനി മറുപടി നൽകി.
ഓരോ സെഷനുശേഷവും നടത്തിയ ക്വിസ് മത്സരങ്ങളും വിജയികൾക്കുള്ള സമ്മാനവിതരണവും വൈജ്ഞാനിക സദസ്സിന് മാറ്റുകൂട്ടി. അനസ് ബിൻ മാലിക് മദ്റസ പ്രിൻസിപ്പൽ മുഹമ്മദ് റഫീഖ് സുല്ലമി ആമുഖഭാഷണം നിർവഹിച്ചു. ജെ.ഡി.സി.സി ഭാരവാഹികളായ സുനീർ പുളിക്കൽ, ഫൈസൽ വാഴക്കാട്, നബീൽ പാലപ്പറ്റ, അബ്ദുൽ റശീദ് ചേരൂർ, സൽമാൻ ബാലുശ്ശേരി, റൗനഖ് ഓടക്കൽ, നൗഫൽ പീടിയേക്കൽ, ഇഖ്ബാൽ തൃക്കരിപ്പൂർ, സൗബാൻ മൊറയൂർ, അബ്ദുൽ ഗനി, അഫീഫ്, അബ്ദുൽ ജബ്ബാർ തിരൂരങ്ങാടി, സെൻറർ ദാഇ അബ്ദുർറഊഫ് അൽ ഹികമി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.