റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 12ാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ‘അട്ടിമറിക്കപ്പെടുന്ന ജനാധിപത്യം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ ഉദ്ഘാടനം ചെയ്ത മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെ അക്കമിട്ട് നിരത്തി. ഗാന്ധിജിയുടെ കൊലപാതകത്തിൽ തുടങ്ങി, 1959ലെ വിമോചന സമരം, 1975ലെ അടിയന്തരാവസ്ഥ, 1992ലെ ബാബരി മസ്ജിദ് ധ്വംസനം, 2002ലെ ഗുജറാത്ത് കലാപം എന്നിവയെല്ലാം ജനാധിപത്യ മൂല്യങ്ങളുടെ തകർച്ചയുടെ അടയാളങ്ങളാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇന്ന് ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാറുകളെ പണാധിപത്യത്തിലൂടെ അട്ടിമറിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. സാമ്രാജ്യത്വ ശക്തികൾ സ്വതന്ത്ര രാഷ്ട്രങ്ങളുടെ പരമാധികാരത്തിന്മേൽ നടത്തുന്ന കടന്നുകയറ്റങ്ങളും കള്ളക്കേസുകൾ ചുമത്തി ഭരണാധികാരികളെ വേട്ടയാടുന്നതും ആഗോളതലത്തിൽ ജനാധിപത്യത്തിന് ഭീഷണിയാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഭവ ചൂഷണത്തിന് സാധ്യതയില്ലാത്ത ഒരിടത്തും കോർപറേറ്റ് ശക്തികൾ ശ്രദ്ധ കേന്ദ്രീകരിക്കാറില്ലെന്നും തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകൾ മാത്രമല്ല, പൗരന്മാരുടെ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റവും ജനാധിപത്യ വിരുദ്ധമാണെന്നും പ്രബന്ധം അവതരിപ്പിച്ച കേളി സാംസ്കാരിക കമ്മറ്റി അംഗം സുധീർ പോരേടം പറഞ്ഞു. സാംസ്കാരിക കമ്മിറ്റി അംഗം ഷബി അബ്ദുൽ സലാം മോഡറേറ്ററായി. സിദ്ദീഖ് കോങ്ങാട് (കെ.എം.സി.സി), എം.എം. നയിം (കേരള പ്രവാസി കമീഷൻ അംഗം), ഷാജഹാൻ (ന്യൂ ഏജ്), ജയൻ കൊടുങ്ങല്ലൂർ (റിയാദ് മീഡിയ ഫോറം ജനറൽ സെക്രട്ടറി), അബ്ദുല്ല വല്ലാഞ്ചിറ (ഒ.ഐ.സി.സി), ഹാഷിം (ഐ.എം.സി.സി), കെ.പി.എം. സാദിഖ് (കേളി രക്ഷാധികാരി സെക്രട്ടറി), സുരേഷ് കണ്ണപുരം (കേളി സെക്രട്ടറി), സെബിൻ ഇക്ബാൽ (പ്രസിഡൻറ്), മറ്റ് നേതാക്കളായ സീബാ കൂവോട്, സുരേന്ദ്രൻ കൂട്ടായ്, മധു ബാലുശ്ശേരി, ഷമീർ കുന്നുമ്മൽ തുടങ്ങിയവർ സംസാരിച്ചു. സാംസ്കാരിക കമ്മിറ്റി കൺവീനർ ഷാജി റസാഖ് സ്വാഗതവും കമ്മിറ്റി അംഗം നാസർ പട്ടാമ്പി നന്ദിയും പറഞ്ഞു.:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.