യാംബു: സൗദിയിൽ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് പാഠ്യപദ്ധതിയിൽ ടൂറിസവും ഹോസ്പിറ്റാലിറ്റിയും ഉൾപ്പെടുത്താൻ ദേശീയ പാഠ്യപദ്ധതി കേന്ദ്രം തീരുമാനിച്ചു. സെക്കൻഡറി തലത്തിലെ മൂന്നാം വർഷ വിദ്യാർഥികൾക്കാണ് ഇനി മറ്റു വിഷയങ്ങൾക്കൊപ്പം ടൂറിസവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പഠനം നടത്താൻ അവസരം.
ടൂറിസം മേഖലയിൽ വൻകുതിപ്പ് നടത്തികൊണ്ടിരിക്കുന്ന സൗദിയിൽ വിദ്യാർഥികളും ടൂറിസം സംസ്കാരത്തെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. ടൂറിസം മേഖലയിൽ കഴിവുറ്റ പുതുതലമുറയെ വാർത്തെടുക്കാനും ദേശീയ തലത്തിൽ നല്ല പ്രതിഭകളെ ശാക്തീകരിക്കാനും പാഠ്യപദ്ധതിയിലെ നവീകരണത്തോടെ സാധിക്കുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു. ടൂറിസവും ഹോസ്പിറ്റാലിറ്റിയും ലോകമെമ്പാടും ഗണ്യമായ വളർച്ചയും തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ വ്യവസായത്തിന്റെ വർധിച്ചുവരുന്ന ജീവനക്കാരുടെ ആവശ്യം സാമ്പത്തികവും തൊഴിൽപരവുമായ വളർച്ചക്ക് കൂടുതൽ വഴിവെക്കുന്നുവെന്നും അധികൃതർ കണക്കുകൂട്ടുന്നു.
സൗദി വിദ്യാഭ്യാസ മന്ത്രാലയവും ടൂറിസം മന്ത്രാലയവും തമ്മിലുള്ള പങ്കാളിത്തത്തോടെയാണ് രാജ്യത്തെ സെക്കന്ററി സ്കൂളുകളിലെ അവസാന വർഷ വിദ്യാർഥികൾക്ക് ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ അടിസ്ഥാന ആശയങ്ങളും പ്രായോഗിക പരിജ്ഞാനവും നൽകുക. സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ വിഷൻ 2030 ലക്ഷ്യങ്ങളിലെ ടൂറിസത്തിൽ സുസ്ഥിരതയും നവീകരണവും കൈവരിക്കുക എന്ന ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗം കൂടിയാണ് പുതിയ നടപടികൾ. ടൂറിസത്തെയും ഹോസ്പിറ്റാലിറ്റിയെയും കുറിച്ചുള്ള ആമുഖപഠനം, രാജ്യത്തിന്റെ വിഷൻ 2030, ടൂറിസം മേഖലയിലുള്ള അതിന്റെ സ്വാധീനം, സൗദിയിലെ ടൂറിസം വിഭവങ്ങൾ, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിലെ തൊഴിലവസരങ്ങൾ, ടൂറിസം മാർക്കറ്റിങ്, സുസ്ഥിര ടൂറിസം, ടൂറിസത്തിലും ഹോസ്പിറ്റാലിറ്റിയിലും നവീകരണവും സംരംഭകത്വവും എന്നിവ പാഠ്യപദ്ധതി വിഷയങ്ങളിൽ ഉൾപ്പെടുന്നുവെന്ന് ദേശീയ പാഠ്യ പദ്ധതി കേന്ദ്രം വ്യക്തമാക്കി.
സൗദി ടൂറിസവുമായി ബന്ധപ്പെടുന്ന അടിസ്ഥാന ആശയങ്ങൾ ലളിതവും സംവേദനാത്മകവുമായ ഭാഷയിൽ അവതരിപ്പിക്കുക, ടൂറിസത്തിന്റെ പ്രാധാന്യവും ദേശീയ സമ്പദ്വ്യവസ്ഥയെ പിന്തുണക്കുന്നതിലും വൈവിധ്യവൽക്കരിക്കുന്നതിലും അതിന്റെ പങ്ക് എടുത്തുകാണിക്കുക എന്നിവയാണ് പാഠ്യപദ്ധതിയുടെ മറ്റു ലക്ഷ്യങ്ങളെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
പ്രകൃതി, സാംസ്കാരിക, പൈതൃക വിഭവങ്ങൾ ഉൾപ്പെടെയുള്ള രാജ്യത്തിന്റെ ടൂറിസം സാധ്യതകളെക്കുറിച്ചുള്ള വിദ്യാർഥികളുടെ അവബോധം വികസിപ്പിക്കുക, ടൂറിസം മാർക്കറ്റിങ്, ഇവന്റ് ഓർഗനൈസേഷൻ, സുസ്ഥിര ടൂറിസം തത്വങ്ങൾ പ്രയോഗിക്കൽ എന്നിവയിൽ വിദ്യാർഥികളുടെ കഴിവുകൾ വികസിപ്പിക്കുക, പ്രായോഗിക പദ്ധതികളിലൂടെ ടൂറിസത്തിലെ നവീകരണത്തിന്റെയും സംരംഭകത്വത്തിന്റെയും ആശയങ്ങൾ ഏകീകരിക്കുക എന്നിവയും പുതിയ നീക്കങ്ങളിലൂടെ വിദ്യാഭ്യാസ മന്ത്രാലയം ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.