ദമ്മാം ഒ.ഐ.സി.സി സംഘടിപ്പിച്ച ദേശീയ ദിനാഘോഷം
ഇന്ത്യ-സൗദി സൗഹൃദം ഊട്ടിയുറപ്പിച്ച് ദമ്മാം ഒ.ഐ.സി.സി ദേശീയദിനാഘോഷം
ദമ്മാം: സൗദി അറേബ്യയുടെ 96-ാമത് ദേശീയദിനത്തോടനുബന്ധിച്ച് ഒ.ഐ.സി.സി ഈസ്റ്റേൺ പ്രോവിൻസിെൻറ ആഭിമുഖ്യത്തിൽ ദമ്മാമിൽ ദേശീയദിനാഘോഷം സംഘടിപ്പിച്ചു. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ചരിത്രപരമായ സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിലും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിലും പ്രവാസി സമൂഹത്തിനുള്ള പങ്ക് ഉയർത്തിക്കാട്ടിയായിരുന്നു ആഘോഷം. ഒ.ഐ.സി.സി ഈസ്റ്റേൺ പ്രോവിൻസ് പ്രസിഡൻറ് ഇ.കെ. സലിം അധ്യക്ഷത വഹിച്ചു.
സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം നയതന്ത്രതലത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സാമൂഹിക, സാംസ്കാരിക, വാണിജ്യ ബന്ധങ്ങളിലൂടെ വളർന്ന ജനങ്ങൾ തമ്മിലുള്ള സൗഹൃദം കൂടിയാണെന്നും ബിജു കല്ലുമല പറഞ്ഞു. 1947ൽ ഔദ്യോഗിക നയതന്ത്രബന്ധം സ്ഥാപിതമായതിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വിവിധ മേഖലകളിൽ ക്രമാനുഗതമായി വികസിച്ചതായും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതൃത്വം നൽകിയ സർക്കാറുകളുടെ കാലത്ത് ഇന്ത്യ-സൗദി ബന്ധത്തിലുണ്ടായ സുപ്രധാന മുന്നേറ്റങ്ങളും ചടങ്ങിൽ അനുസ്മരിച്ചു. 2006ൽ സൗദി ഭരണാധികാരി കിംഗ് അബ്ദുല്ലയുടെ ഇന്ത്യാ സന്ദർശനത്തിനിടെ ഒപ്പുവെച്ച ഡൽഹി പ്രഖ്യാപനം ഇരു രാജ്യങ്ങളുടെയും ബന്ധത്തിൽ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചതായി ബിജു കല്ലുമല പറഞ്ഞു. പരസ്പര സഹകരണം, സുരക്ഷ, സമാധാനം, സാമ്പത്തിക വികസനം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ദിശയാണ് പ്രഖ്യാപനം മുന്നോട്ടുവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
1982-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സൗദി അറേബ്യ സന്ദർശിച്ചതിന് 28 വർഷങ്ങൾക്ക് ശേഷമാണ് 2010ൽ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് സൗദി സന്ദർശിച്ചതെന്നും ചടങ്ങിൽ ചൂണ്ടിക്കാട്ടി. തുടർന്നുള്ള കാലയളവിലും ഇന്ത്യ-സൗദി ബന്ധം രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷ, പ്രതിരോധ, ഊർജ, നിക്ഷേപ മേഖലകളിൽ കൂടുതൽ വിപുലപ്പെട്ടതായും പറഞ്ഞു.
മുൻ ഗ്ലോബൽ വൈസ് പ്രസിഡൻറ് സി. അബ്ദുൽ ഹമീദ് മുഖ്യസന്ദേശം നൽകി. ഗ്ലോബൽ കമ്മിറ്റി അംഗം ഹനീഫ് റാവുത്തർ, പ്രോവിൻസ് ഭാരവാഹികളായ അബ്ദുൽ കരീം, ഡോ. സിന്ധു ബിനു, സി.ടി. ശശി, അൻവർ വണ്ടൂർ, ആസിഫ് താനൂർ, രാധികാ ശ്യാം പ്രകാശ്, യഹിയ കോയ, വനിതാ വേദി ജനറൽ സെക്രട്ടറി ഹുസ്ന ആസിഫ് എന്നിവർ ആശംസകൾ നേർന്നു.
സംഘടന ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു. നേതാക്കളായ ഗഫൂർ വണ്ടൂർ, ഹമീദ് കണിച്ചാട്ടിൽ, ജോജി ജോസഫ്, ഷൗക്കത്ത് അലി, ബിനു പുരുഷോത്തമൻ എന്നിവർ പരിപാടിയുടെ വിജയത്തിനായി നേതൃത്വം നൽകി. തുടർന്ന് സൗദി ദേശീയദിനാഘോഷത്തിെൻറ ഭാഗമായി കേക്ക് മുറിച്ച് ആഘോഷിച്ചു. ഒ.ഐ.സി.സി പ്രവർത്തകരും കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.