യാംബു: ഡിസംബർ 31ന് സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ ചെങ്കടൽ തീരത്തെ 'അൽ ബഹ്ർ ക്യാമ്പി'ൽ നിന്ന് ആരംഭിക്കാനിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് കാർ റാലിയായ 'സൗദി ഡാക്കർ റാലി 2023'-ൽ പങ്കെടുക്കാനുള്ള വാഹനങ്ങളുമായി കപ്പലുകൾ എത്താൻ തുടങ്ങി. ഫ്രഞ്ച് തുറമുഖമായ മാർസെയിൽനിന്ന് ഡാക്കർ റാലിയിൽ പങ്കെടുക്കുന്ന വാഹനങ്ങൾ കയറ്റിയ കപ്പൽ കഴിഞ്ഞദിവസം യാംബുവിലെ കിങ് ഫഹദ് വാണിജ്യ തുറമുഖത്തെത്തി. 'ജോളി ഫാൻഡിയോ' എന്ന കപ്പലിനെ തുറമുഖ അതോറിറ്റിയും സൗദി ഡാക്കർ റാലി 2023 സംഘാടകരും വരവേറ്റു.
ഭീമാകാരമായ ചരക്കുകപ്പലിൽ 712 കാറുകളും അഞ്ച് ഹെലികോപ്ടറുകളും 22 കണ്ടെയ്നറുകളും 61 മോട്ടോർ സൈക്കിളുകളുമാണ് എത്തിയതെന്ന് അതോറിറ്റി അറിയിച്ചു. തുടർച്ചയായ നാലാമത്തെ വർഷമാണ് സൗദി മരുഭൂമി ഡാക്കർ റാലിക്ക് വേദിയാകുന്നത്. ചെങ്കടൽ തീരത്ത് മത്സരത്തിനുള്ള പ്രത്യേക ട്രാക്കിന്റെയും സംവിധാനങ്ങളുടെയും ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് റാലിയുടെ സംഘാടകരായ സൗദി മോട്ടോർ സ്പോർട്സ് കമ്പനിയും അമോറി സ്പോർട്സ് ഓർഗനൈസേഷനും അറിയിച്ചു. സൗദി ഡാക്കർ റാലി 2023ൽ പങ്കെടുക്കാനുള്ള വാഹനങ്ങൾ കയറ്റിയുള്ള ഏതു കപ്പലിനെയും സ്വീകരിക്കാനുള്ള ഉയർന്ന പ്രവർത്തനശേഷി യാംബു കിങ് ഫഹദ് വാണിജ്യ തുറമുഖത്തിനുണ്ടെന്ന് തുറമുഖ അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.