റിയാദ്: വൻ സാമൂഹിക വിപത്തായ മയക്കുമരുന്നിനെതിരെ യുദ്ധം കടുപ്പിച്ച് സൗദി അറേബ്യ. രാജ്യത്തെ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, കരമാർഗമുള്ള അതിർത്തി കവാടങ്ങൾ എന്നിവിടങ്ങളിൽ നിതാന്ത ജാഗ്രതയിൽ കണ്ണുതുറന്നിരിക്കുന്ന കസ്റ്റംസ് അതോറിറ്റി പ്രതിദിനമെന്നോണം നിരവധി ലഹരിക്കടത്ത് ശ്രമങ്ങളാണ് പരാജയപ്പെടുത്തുന്നത്.
കഴിഞ്ഞ ഒരാഴ്ചക്കിടയിൽ 1600ഓളം മയക്കുമരുന്നടക്കമുള്ള കള്ളക്കടത്ത് ശ്രമങ്ങളാണ് തടഞ്ഞത്. മയക്കുമരുന്ന്, ആയുധങ്ങൾ, അനധികൃത പണം, പുകയില ഉൽപന്നങ്ങൾ എന്നിവയുടെ കടത്തുകളാണ് തടഞ്ഞത്. സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുടെ നേതൃത്വത്തിൽ വിവിധ സുരക്ഷാസേനകളുടെ സഹകരണത്തോടെ രാജ്യത്താകമാനം ലഹരി വേട്ട തുടരുകയാണ്. ദിനംപ്രതിയെന്നോണം പ്രതികൾ വലയിലാകുന്നുണ്ട്. വൻതോതിൽ മയക്കുമരുന്ന് ശേഖരങ്ങൾ പിടികൂടുന്നു. നേരത്തേ പിടിയിലായവരിൽ പലരുടെയും വധശിക്ഷ നടപ്പാക്കലും ഈയാഴ്ചയുണ്ടായി.
ഏറ്റവും ഒടുവിൽ മൂന്ന് കിലോ ഹാഷിഷുമായി അഞ്ച് മലയാളികൾ ദമ്മാമിൽ പിടിയിലായത് പ്രവാസലോകത്തെയാകെ ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്. ലഹരിക്കടത്തിൽ മലയാളികളുടെ പ്രാതിനിധ്യവും ഒട്ടും കുറവല്ല. തല പോകുമെന്ന് അറിയുമായിരുന്നിട്ടും എളുപ്പവഴിയിൽ പണമുണ്ടാക്കാനുള്ള ആർത്തിയിൽ ഇത്തരം അപകടകരമായ ഇടപാടുകളിൽ മലയാളികളും ഉൾപ്പെടുകയാണ്.
കഴിഞ്ഞ ഒരാഴ്ചക്കിടെ തടഞ്ഞ കള്ളക്കടത്ത് ശ്രമങ്ങളിൽ 283 എണ്ണമാണ് മയക്കുമരുന്നു കടത്ത്. ഇതിനുപുറമെ 610 വിവിധയിനം നിരോധിത വസ്തുക്കളുടെ കടത്തും തടഞ്ഞിട്ടുണ്ട്. കള്ളപ്പണം കടത്താനുള്ള 47 ശ്രമങ്ങൾക്കെതിരെയാണ് നടപടിയുണ്ടായത്. ആയുധങ്ങളും അനുബന്ധ ഉപകരണങ്ങളുടെയും നാല് കടത്ത് ശ്രമങ്ങളും പരാജയപ്പെടുത്തി. പുകയില ഉത്പന്ന കടത്തും തടഞ്ഞു.
ഇറക്കുമതി, കയറ്റുമതി മേഖലയിലൂടെ അനധികൃത ഇടപാടുകൾ വർധിച്ച സാഹചര്യത്തിലാണ് പരിശോധന കടുപ്പിച്ചത്. കള്ളക്കടത്ത് തടയുന്നതിനായി വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ചാണ് പ്രവർത്തനം. സമൂഹിക സുരക്ഷ ഉറപ്പാക്കുക, അനധികൃത കടത്ത് തടയുക തുടങ്ങിയവയുടെ ഭാഗമായാണ് നടപടി. കള്ളക്കടത്ത്, മയക്ക് മരുന്നിന്റെ ഉപയോഗം, വിതരണം തുടങ്ങിയവ ശ്രദ്ധയിൽപ്പെടുന്നവർ മന്ത്രാലയത്തെ അറിയിക്കണമെന്നും നിർദേശമുണ്ട്.
മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ ആറു പേര്‍ക്ക് സൗദി തെക്കൻ അതിർത്തി പ്രവിശ്യയായ നജ്റാനില്‍ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഞ്ചു ഇത്യോപ്യൻ, ഒരു സോമാലിയൻ പൗരന്മാരുടെ ശിക്ഷയാണ് നടപ്പാക്കിയത്. വന്‍ ഹഷീഷ് ശേഖരം കടത്തുന്നതിനിടെ പിടിയിലായ ഇത്യോപ്യക്കാരായ ജമാല്‍ അബ്ദു ഹസന് യൂസുഫ്, ലാതോ നഖൂശ് തസ്ഫഹി ഹായ്ലി, ടെഡ്രോസ് അലി വര്‍കന, കാസാ അല്‍റാഖോ സീസി ജമാറ, അബ്ദുറഹ്മാന് അബ്ദുല്ല നൂര്‍ എന്നിവരെയും സോമാലിയൻ പൗരനായ അബ്ദുല്ല ഇബ്രാഹിം സഅദ് മുസ്തഫയെയുമാണ് വധശിക്ഷക്ക് വിധേയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.