‘ദി ലൈനി’​െൻറ പ്രധാന സവിശേഷതകൾ അനാവരണം ചെയ്​തു: നിയോമിൽ നാളെയുടെ നാഗരികത സൃഷ്​ടിക്കുമെന്ന്​ സൗദി കിരീടാവകാശി

റിയാദ്: നിയോം നഗരം സ്ഥാപിക്കുന്നതിലൂടെ നാളെയുടെ നാഗരികത സൃഷ്​ടിക്കാനും ഭൂമിയുടെ പ്രയോജനത്തിനായി സമാനമായ കാര്യങ്ങൾ ചെയ്യാൻ മറ്റ് രാജ്യങ്ങളെ പ്രേരിപ്പിക്കാനുമാണ് സൗദി അറേബ്യ ശ്രമിക്കുന്നതെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ഡിസ്‌കവറി ചാനൽ സംപ്രേഷണം ചെയ്​ത ഡോക്യുമെൻററിയിലാണ്​ അദ്ദേഹം സംസാരിച്ചത്​. സൗദി മരുഭൂമിയിലെ നിർദ്ദിഷ്​ട നിയോം നഗരത്തിലെ ‘ദി ലൈൻ’ പാർപ്പിട പദ്ധതി സംബന്ധിച്ചാണ്​ ഡോക്യൂമെൻററി.

നഗരസൃഷ്​ടിക്കും പുതിയ ജീവിതമാർഗത്തിനും സൗദി അറേബ്യ ഒരു പുതിയ വഴി നിർമിക്കുകയാണ്. ഭാവി തലമുറയുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുമെന്നതിനാൽ സൗദി അറേബ്യയിലെ ജനങ്ങൾ ഈ പദ്ധതിയിൽ വളരെയധികം പ്രതീക്ഷയിലാണ്. ‘റോഡുകളും കാറുകളും അന്തരീക്ഷ മലിനീകരണവുമില്ലാത്ത 100 ശതമാനം പുനഃരുപയോഗ ഊർജത്തിൽ പ്രവർത്തിക്കുന്ന നിയോമിനുള്ളിലെ ‘ദി ലൈൻ’ പാർപ്പിട പദ്ധതി അടിസ്ഥാന സൗകര്യ വികസനത്തി​െൻറ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയായിരിക്കും. ഇത് ലോകത്തിൽ തന്നെ ആദ്യത്തേതാണ്​ -മുഹമ്മദ് ബിൻ സൽമാൻ പദ്ധതിയുടെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തി.

അതുല്യമായ ഈ പദ്ധതി നടപ്പാക്കുമ്പോൾ സൗദി അറേബ്യയുടെ വലിയ സാധ്യതകളാണ് തങ്ങൾ പ്രയോജനപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘ഏത് തരത്തിലുള്ള അവസരമാണ് മുന്നിലുള്ളതെന്നാണ് ഞങ്ങൾ ചിന്തിക്കുന്നത്. ഞങ്ങൾക്ക് വിഭവശേഷിയുണ്ട്. ഭൂമിയുണ്ട്, സ്ഥിരതയും നല്ല അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. അത് ഞങ്ങൾ പ്രയോജനപ്പെടുത്തും.’

2030 ഓടെ സൗദി അറേബ്യയിലെ ജനസംഖ്യാ 3.3 കോടിയിൽ നിന്ന് അഞ്ച് കോടിയിൽ പരമായി ഉയരും. രാജ്യത്തി​െൻറ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി പുതിയൊരു നഗരം സൃഷ്​ടിക്കേണ്ട ആവശ്യകത ഇതുയർത്തുന്നതായി അദ്ദേഹം വ്യക്തമാക്കി. 21-ാം നൂറ്റാണ്ടിൽ നഗരജീവിതം എങ്ങനെയായിരിക്കണമെന്ന് പുനർവിചിന്തനം ചെയ്തതി​െൻറ അടിസ്‌ഥാനത്തിലാണ് സൗദി ഇത്തരമൊരു പദ്ധതിയിലേക്ക് കടന്നത്.

ലോക നഗരങ്ങൾ അഭിമുഖീകരിക്കുന്ന ജീവിതക്ഷമതയും പാരിസ്ഥിതിക പ്രതിസന്ധികളും അവഗണിക്കാനാവുന്നതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ദി ലൈൻ’ എന്ന ആശയം രൂപപ്പെടുത്തുന്നതിന് വേണ്ടി വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവന്ന ഘട്ടത്തിൽ അതി​െൻറ ഫലം എന്തായിരിക്കുമെന്ന് തനിക്കറിയില്ലായിരുന്നു. എന്നാൽ ആശയം രൂപം കൊണ്ടപ്പോൾ അത് വിശദീകരിക്കാവുന്നതിനുമപ്പുറം അതിശയിപ്പിക്കുന്നതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ട്രെയിനുകൾ ഉപയോഗപ്പെടുത്തിയുള്ള ഗതാഗതമുൾപ്പെടെ ‘ദി ലൈനി’​െൻറ ആകൃതിയെക്കുറിച്ച് ധാരാളം ആശയങ്ങളാണ് ഉയർന്നുവന്നത്. വൃത്താകൃതിയിൽ നിന്ന് ദീർഘാകൃതിയിലേക്ക് പരിവർത്തനം ചെയ്ത പാർപ്പിട പദ്ധതി ലോകത്തിലെ ഏറ്റവും മികച്ച ഡിസൈനർമാരാണ് രൂപപ്പെടുത്തിയത്.

‘വിഷൻ 2030’മായി യോജിപ്പിക്കാൻ ഉദ്ദേശിക്കുന്ന പാർപ്പിട പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തീകരണത്തിലേക്ക് അടുക്കുകയാണ്. 170 കിലോമീറ്റർ നീളമുള്ള നഗരം ഭാവി മുന്നിൽ കണ്ടാണ് നിർമിക്കുന്നത്. സൗദി അറേബ്യയുടെ വടക്കൻ മേഖല ഇതുവരെ കണ്ടെത്താത്ത വൈവിധ്യമാർന്ന സ്വഭാവമുള്ള പ്രദേശമാണെന്ന് കിരീടാവകാശി ചൂണ്ടിക്കാട്ടി.

വടക്കുപടിഞ്ഞാറ് പ്രദേശം ഏതാണ്ട് സ്പർശിക്കപ്പെടാത്തതും ശൂന്യവുമാണ്. പർവതങ്ങൾ, താഴ്‌വരകൾ, മരുപ്പച്ചകൾ, മൺകൂനകൾ, കടൽത്തീരങ്ങൾ, ദ്വീപുകൾ, പവിഴപ്പുറ്റുകൾ എന്നിവ ഇടകലർന്ന ഭൂപ്രകൃതിയാണിവിടെ. കായികവും വിനോദപരവുമായ ധാരാളം സാധ്യതകളുള്ള പ്രദേശം. കലാസൃഷ്​ടിയായി മാറുന്ന ഒരു നഗരം സൃഷ്​ടിക്കാനാണ് തങ്ങളുടെ ശ്രമമെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു.

Tags:    
News Summary - Crown Prince: Saudi Arabia is making in NEOM the new civilization of tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.