ജിദ്ദ മേഖലയിലെ കോവിഡ് വാക്സിനേഷൻ കാമ്പയിന് കിങ് അബ്ദുൽ അസീസ്
അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗത്ത് ടെർമിനലിൽ തുടക്കമായപ്പോൾ
ജിദ്ദ: കോവിഡ് പ്രതിരോധ വാക്സിൻ കാമ്പയിൻ ജിദ്ദയിലും ആരംഭിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് ജിദ്ദയിലെ പൗരന്മാർക്കും സ്വദേശികൾക്കും ഫൈസർ വാക്സിൻ കുത്തിവെപ്പ് ആരോഗ്യ മന്ത്രാലയം ആരംഭിച്ചത്.
വാക്സിനേഷൻ കാമ്പയിന് കഴിഞ്ഞയാഴ്ച റിയാദിലാണ് ആരംഭം കുറിച്ചത്. രണ്ടാമതായാണ് ജിദ്ദ മേഖലയിൽ തുടക്കമിട്ടത്. ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗത്ത് ടെർമിനലിൽ വാക്സിനേഷന് വേണ്ടി ഒരുക്കിയ ഹാളിൽ സ്വിഹത്തി ആപ്പിൽ പ്രകാരം രജിസ്റ്റർ ചെയ്ത ഒരു പൗരനും ഒരു വിദേശിക്കും വാക്സിൻ കുത്തിവെപ്പ് നടത്തിയാണ് കാമ്പയിൻ ആരംഭിച്ചത്.
ജിദ്ദ മേഖലയിൽ കുത്തിവെപ്പിനുള്ള ആദ്യ സ്ഥലമായി ജിദ്ദ വിമാനത്താവളത്തിലെ സൗത്ത് ടെർമിനൽ നിശ്ചയിച്ചതായും അധികൃതർ അറിയിച്ചു. പ്രത്യേക മെഡിക്കൽ ടീമുകൾ സ്ഥലത്തുണ്ട്. കുത്തിവെപ്പ് നൽകുന്നതിന് 84 മുറികൾ ഒരുക്കിയിട്ടുണ്ട്.
കൂടുതൽ പേർക്ക് വാക്സിൻ നൽകാൻ കഴിയുന്ന വിധത്തിലാണ് സ്ഥലമൊരുക്കിയിരിക്കുന്നത്. ജിദ്ദയുടെ മറ്റ് ഭാഗങ്ങളിലും വാക്സിൻ നൽകുന്നതിനുള്ള കേന്ദ്രങ്ങൾ ഒരുക്കുന്ന നടപടികൾ പൂർത്തിയായി വരുകയാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. കോവിഡ് പ്രതിരോധ വാക്സിൻ നൽകുന്നതിന് ജിദ്ദ വിമാനത്താവള സൗത്ത് ടെർമിനൽ പൂർണ സജ്ജമാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി അബ്ദുൽഹാദി അൽമൻസൂരി പറഞ്ഞു. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് വേണ്ട മുൻകരുതലുകളോടെ എല്ലാ ഒരുക്കവും പൂർത്തിയാക്കിയിട്ടുണ്ടെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി പറഞ്ഞു.
റിയാദിന് ശേഷം കോവിഡ് പ്രതിരോധ വാക്സിൻ നൽകുന്ന സൗദിയിലെ രണ്ടാമത്തെ മേഖലയാണ് ജിദ്ദ. ഇൗ മാസം 17ന് തലസ്ഥാന നഗരമായ റിയാദിൽ സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ കുത്തിവെപ്പെടുത്തുകൊണ്ട് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഇതിനകം 10,000ത്തിലധികം പേർ വാക്സിൻ കുത്തിവെപ്പ് എടുത്തുകഴിഞ്ഞു. വരും ദിവസങ്ങളിലായി രാജ്യത്തെ മറ്റ് പട്ടണങ്ങളിലും കാമ്പയിൻ വ്യാപിപ്പിക്കാനും രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽ കേന്ദ്രങ്ങളൊരുക്കാനുമുള്ള നടപടികൾ ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.