ജിദ്ദ: കോവിഡിനെ നേരിടാനുള്ള മുൻകരുതൽ നടപടികൾ ലംഘിക്കുന്നവർക്കെതിരെ പിഴയടക്കമുള്ള ശിക്ഷാനടപടികൾ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. രാജകീയ ഉത്തരവിന് അനുസൃതമായും പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്തുമാണ് പുതിയ തീരുമാനങ്ങളെന്ന് ഒൗദ്യേഗിക വൃത്തങ്ങൾ വ്യക്തമാക്കി. കോവിഡ് പടരാതിരിക്കാൻ നിശ്ചയിച്ച മുൻകരുതൽ നടപടികൾ എല്ലാവരും പാലിക്കണം. ഇതിൽ അലംഭാവം കാട്ടിയാൽ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി.
നിയമലംഘർക്കെതിരായ പിഴയും ശിക്ഷകളും:
1. കേവിഡിനെ നേരിടാൻ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കുന്ന മുൻകരുതൽ നടപടികൾ ലംഘിക്കുന്നത് വ്യക്തി, സ്വകാര്യ സ്ഥാപനങ്ങൾ, തൊഴിലാളികൾ, സ്ഥാപനവുമായി ബന്ധപ്പെടുന്നവർ തുടങ്ങി ആരായാലും ഒരുപോലെ ശിക്ഷക്ക് വിധേയരാവും. 1000 റിയാൽ മുതൽ ഒരു ലക്ഷം റിയാൽ വരെ പിഴ, അല്ലെങ്കിൽ ഒരു മാസത്തിൽ കുറയാത്തതും ഒരു വർഷത്തിൽ കൂടാത്തതുമായി തടവ്, അല്ലെങ്കിൽ സാമ്പത്തിക പിഴയും തടവുശിക്ഷയും ഒരുമിച്ച് അനുഭവിക്കേണ്ടിവരും. ലംഘനം നടത്തുന്നത് സ്ഥാപനമാണെങ്കിൽ ആറ് മാസത്തിൽ കൂടാത്ത കാലയളവിൽ അടച്ചുപൂട്ടും. നിയലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും. നിയമലംഘനങ്ങളുടെ സ്വഭാവമനുസരിച്ചായിരിക്കും ശിക്ഷ വിധികൾ.
2. കർഫ്യു സമയത്ത് യാത്രക്ക് അനുവദിച്ച അനുമതി പത്രം നിശ്ചിത ആവശ്യത്തിനല്ലാതെ ഉപയോഗിക്കൽ ശിക്ഷാർഹമാണ്. 10,000 റിയാലിനും ഒരു ലക്ഷം റിയാലിനുമിടയിൽ പിഴ, ഒരു മാസത്തിൽ കുറയാത്തയും ഒരു വർഷത്തിൽ കൂടാത്തതുമായ തടവ്, അല്ലെങ്കിൽ തടവും പിഴയും ഒരുമിച്ചോ അനുഭവിക്കേണ്ടിവരും. അനുമതിപത്രം റദ്ദാക്കുകയും ചെയ്യും.
3. ക്വാറൻറീൻ നിർദേശങ്ങൾ ലംഘിക്കൽ ശിക്ഷാർഹമാണ്. രണ്ട് ലക്ഷം റിയാലിൽ കുറയാത്ത പിഴയോ, രണ്ട് വർഷം കവിയാത്ത തടവോ, തടവും ശിക്ഷയും ഒരുമിച്ചോ അനുഭവിക്കണം. നിയമലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും.
4. മനപൂർവം അണുബാധ മറ്റുള്ളവരിലേക്ക് പരത്തുന്നത് ശിക്ഷാർഹമാണ്. അഞ്ച് ലക്ഷം റിയാലിൽ കവിയാത്ത പിഴ അല്ലെങ്കിൽ അഞ്ച് വർഷത്തിൽ കൂടാത്ത ശിക്ഷ, അല്ലെങ്കിൽ തടവും ശിക്ഷയും ഒരുമിച്ച് അനുഭവിക്കണം. നിയമലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും.
5. ജോലിയുടെ സ്വഭാവമോ സാഹചര്യങ്ങളോ വെച്ച് കർഫ്യു സമയത്ത് പുറത്തിറങ്ങി സഞ്ചരിക്കാൻ അനുമതിയില്ലാത്തയാൾക്ക് അനുമതി പത്രം നേടികൊടുക്കലും കുറ്റകൃത്യമാണ്. 10,000 റിയാലിനും ഒരു ലക്ഷം റിയാലിനുമിടയിൽ പിഴയോ, അല്ലെങ്കിൽ ഒരു മാസത്തിൽ കുറയാത്തതും ഒരു വർഷത്തിൽ കൂടാത്തതുമായ തടവോ, അല്ലെങ്കിൽ തടവും പിഴയും ഒരുമിച്ചോ അനുഭവിക്കണം. നിയമലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും.
6. കോവിഡിനെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലുടെയോ, മറ്റ് ആപ്ലിക്കേഷനുകളിലുടെയോ തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കുക, പരിഭ്രാന്തി സൃഷ്ടിക്കുക, നിയലംഘനത്തിന് പ്രേരിപ്പിക്കുക എന്നിവ ശിക്ഷാർഹമാണ്. ഒരു ലക്ഷം റിയാലിനും 10 ലക്ഷം റിയാലിനുമിടയിലായിരിക്കും പിഴ. അല്ലെങ്കിൽ ഒരു വർഷത്തിൽ കുറയാത്തയും അഞ്ച് വർഷത്തിൽ കൂടാത്തതുമായ തടവ്, അല്ലെങ്കിൽ തടവും പിഴയും ഒരുമിച്ച് അനുഭവിക്കേണ്ടിവരും.
7. മേൽപ്പറഞ്ഞ നിയമലംഘനം നടത്തിയത് വിദേശിയാണെങ്കിൽ ശിക്ഷാനടപടികൾക്ക് ശേഷം നാട് കടത്തും.
8. മുകളിൽ പറഞ്ഞ ശിക്ഷ നടപടികൾ മറ്റ് ഏതെങ്കിലും ശിക്ഷ നടപടികളുമായി ബന്ധപ്പെടുത്തുകയില്ല
9. സാമ്പത്തിക പിഴ, തടവ്, സ്ഥാപനങ്ങൾ അടച്ചുപൂട്ടുക, നാട് കടത്തുക തുടങ്ങിയ ശിക്ഷാ നടപടികളെ കുറിച്ചുള്ള വിവരങ്ങൾ ആഭ്യന്തര വകുപ്പ് ദിവസവും പ്രസിദ്ധപ്പെടുത്തും.
10. ഏതെങ്കിലും നിയമലംഘകർക്ക് ജയിൽ ശിക്ഷ ബാധകമാകുന്ന സാഹചര്യത്തിൽ പബ്ലിക് പ്രോസിക്യൂഷനെ സമീപിച്ച് ആവശ്യമായ നടപടികൾ കൈകൊള്ളും.
11. സാമ്പത്തിക പിഴ അല്ലെങ്കിൽ സ്ഥാപനം അടച്ചുപൂട്ടൽ സംബന്ധിച്ച ശിക്ഷാവിധിക്കെതിരായ പരാതികൾ കൈകാര്യം ചെയ്യാൻ നീതിന്യായ മന്ത്രി ഒരു കമ്മിറ്റി രൂപവത് കരിക്കും.
12. ശിക്ഷാനടപടികൾക്കെതിരെ അത് പുറപ്പെടുവിച്ച തീയതിൽ മുതൽ 10 ദിവസത്തിനുള്ളിൽ കമ്മിറ്റിക്ക് മുമ്പാകെ പരാതി സമർപ്പിക്കാം. നിശ്ചിത തീയതിക്കുള്ളിൽ പരാതിയില്ലെങ്കിൽ കമ്മിറ്റിയുടെ വിധി അന്തിമമായിരിക്കും.
13. മുമ്പ് പറഞ്ഞ നിയലംഘനങ്ങൾക്കുള്ള ജയിൽ ശിക്ഷ കോവിഡ് വ്യാപന സാഹചര്യം കഴിഞ്ഞ ശേഷമായിരിക്കും നടപ്പാക്കുക.
14. സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന അധികാരികളോ, സുരക്ഷ വകുപ്പോ നിയമ ലംഘനങ്ങൾ നിർണയിക്കണം. തുടർനടപടികൾക്ക് വേണ്ടി ആഭ്യന്തര മന്ത്രിക്ക് സമർപ്പിക്കാൻ പാകത്തിൽ റിപ്പോർട്ട് തയാറാക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.